ന്യൂഡൽഹി: രാജ്യത്തെ തിരക്കേറിയ നഗരങ്ങളിലെ ഗതാഗതകുരുക്ക് കാണുമ്പോൾ എല്ലാവരും ചോദിക്കുന്ന ചോദ്യമുണ്ട് ഇന്ത്യക്കാർക്കെല്ലാം ഇതിനും മാത്രം കാറുകളുണ്ടോ? എന്തുമാത്രം പുതിയ കാറുകളാണ് ഓരോ ദിവസവും റോഡിലിറങ്ങുന്നത്. പക്ഷേ, സത്യം ഇതൊന്നുമല്ല, വാസ്തവം ഇതിൽ നിന്നൊക്കെ വളരെ വളരെ അകലെയാണ്. ഇന്ത്യയിലെ ജനസംഖ്യയിൽ കേവലം എട്ട് ശതമാനം പേർക്ക് മാത്രമാണ് സ്വന്തമായി കാറുകളുള്ളത്.അതായത് 12 കുടുംബങ്ങളിൽ ഒരു കുടുംബത്തിന് മാത്രമാണ് കാറുള്ളത്.

എന്നാൽ, ഇന്ത്യയിൽ ഗോവയിലും കേരളത്തിലുമാണ് കുടുംബങ്ങൾക്ക് സ്വന്തമായി ഏറ്റവും കൂടുതൽ കാറുകളുള്ളത്. ഗോവയിൽ 46 ശതമാനം കുടുംബങ്ങൾക്കും, കേരളത്തിൽ 26 ശതമാനം കുടുംബങ്ങൾക്കും സ്വന്തമായി കാറുകളുണ്ട്. അതായത് കേരളത്തിൽ നാല് പേരിൽ ഒരാൾക്ക് വീതം കാറുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

ഇന്ത്യയിലെ ബഹുഭൂരിപക്ഷം കുടുംബങ്ങൾക്കും ഇരുചക്രവാഹനമാണ് സ്വന്തമായിട്ടുള്ളത്. ഏതാണ്ട് 55 ശതമാനത്തിലധികം പേർക്ക് സ്വന്തമായി സൈക്കിളുണ്ട്. അതുപോലെ തന്നെ 54 ശതമാനം പേർക്ക് സ്‌കൂട്ടറും ബൈക്കുകളും ഉള്ളതായി ദേശീയ കുടുംബാരോഗ്യ സർവ്വേ ( നാഷണൽ ഫാമിലി ഹെൽത്ത് സർവ്വേ -എൻഎഫ്എച്ച്എസ്)-യിലാണ് ഈ കണ്ടെത്തലുകൾ. 664,972 കുടുംബങ്ങളിൽ നടത്തിയ സർവ്വേയിൽ നിന്നാണ് ഈ വിവരങ്ങൾ ലഭിച്ചിരിക്കുന്നത്. കേന്ദ്ര-കുടുംബാരോഗ്യ മന്ത്രാലയമാണ് സർവ്വേ നടത്തിയത്. ഇപ്പോഴും മൃഗങ്ങൾ വലിക്കുന്ന വാഹനങ്ങളിൽ സഞ്ചരിക്കുന്ന ജനവിഭാഗവും നമുക്കിടയിലുണ്ട്. ഇത്തരക്കാർ ഏതാണ്ട് 3.7 ശതമാനം ഉണ്ട്. മൊത്ത ജനസംഖ്യയിൽ 20 ശതമാനം പേർക്ക് യാതൊരു തരത്തിലുള്ള വാഹന സൗകര്യങ്ങൾ ഇല്ലാത്തവരാണ്.

1998-99 കാലത്ത് രാജ്യത്തെ ജനസംഖ്യയിൽ കേവലം 1.6ശതമാനം പേർക്കായിരുന്നു സ്വന്തമായി കാറുണ്ടായിരുന്നത്. പ്രത്യേകിച്ച് തൊണ്ണൂറുകളുടെ തുടക്കത്തിൽ സ്വന്തമായി ഒരു കാർ ഉണ്ടാവുകയെന്നത് അന്തസിന്റെ ചിഹ്നമായിട്ടാണ് കണക്കാക്കിയിരുന്നത്. അക്കാലത്ത് ഒരു കാർ വാങ്ങുന്നതിന് ഒരുപാട് കടമ്പകൾ താണ്ടണമായിരുന്നു. എന്നാൽ ഉദാരവത്കരണം വന്നതോടെ സ്ഥിതിഗതികൾ പാടെ മാറി. 1992-93 കാലത്താണ് ആരോഗ്യമന്ത്രാലയം എൻഎഫ്എച്ച് സർവ്വേ ആദ്യമായി നടത്തിയത്. അന്ന് കേവലം എട്ട് ശതമാനം പേർക്ക് മാത്രമാണ് സ്‌കൂട്ടറും, ബൈക്കുമുണ്ടായിരുന്നത്.

നഗരപ്രദേശങ്ങളിൽ താമസിക്കുന്ന 14 ശതമാനം കുടുംബങ്ങൾക്ക് സ്വന്തമായി നാല്ചക്രവാഹനങ്ങളുണ്ട്. ലോകത്തിലെ വാഹനപെരുപ്പം കൂടിയ രാജ്യങ്ങളിൽ 21-ാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. ബീഹാർ, ആന്ധ്രാപ്രദേശ്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ കുടുംബങ്ങൾക്കാണ് ഏറ്റവും കുറവ് കാറുകളുള്ളത്. ബിഹാറിൽ കേവലം രണ്ട് ശതമാനവും, ആന്ധ്രാപ്രദേശിൽ 2.7 ശതമാനവും, ബംഗാളിൽ 2.8 ശതമാനം കുടുംബങ്ങൾക്കാണ് കാറുകളുള്ളത്. ഏറ്റവും കൂടുതൽ സൈക്കിളുകളുള്ള സംസ്ഥാനം ബംഗാളാണ്. അവിടെയുള്ള 83 ശതമാനം കുടംബങ്ങൾക്കും സ്വന്തമായി ഒരു സൈക്കിളുണ്ട്. തൊട്ടുപിറകിൽ ബിഹാറാണ് 69 ശതമാനം പേർ സൈക്കിളിന് ഉടമകളാണ്.