തിരുവനന്തപുരം: പാറ്റൂരിലെ വിവാദ ഭൂമിയിടപാട് കേസിൽ വഴിത്തിരിവ്. സർക്കാരിന്റെ ഒരുതരി പോലും ഭൂമി നഷ്ടപ്പെട്ടില്ലെന്ന മുൻ യുഡിഎഫ് സർക്കാരിന്റെ വാദം പൊളിയുകയാണ്. അഡ്വക്കേറ്റ്‌സ് കമ്മീഷന്റെ റിപ്പോർട്ട് പ്രകാരം ലോകായുക്ത ഉത്തരവിട്ടതനുസരിച്ച ഏറ്റെടുത്ത 12.5 സെന്റ് തോട് പുറമ്പോക്ക് ഭൂമി മാത്രമല്ല കയ്യേറ്റമെന്ന് തെളിഞ്ഞു. സർക്കാർ തന്നെയാണ് ഇക്കാര്യം ലോകായുക്തയിൽ നടന്ന വാദത്തിനിടെ വ്യക്തമാക്കിയത്.

ലോകായുക്ത റിപ്പോർട്ട് പ്രകാരം സർക്കാർ ഏറ്റെടുത്ത 12.5 സെന്റ് ഇപ്പോൾ സംരക്ഷിത വേലി കെട്ടി തിരിച്ചിട്ടുണ്ട്.ഇതുകൂടാതെ 25 സെന്റും, മറ്റൊരു ഒരേക്കർ 29 സെന്റും സർക്കാരിന്റെ ഭൂമിയാണെന്നാണ് അഭിഭാഷകൻ ലോകായുക്തയിൽ വാദിച്ചത്.കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൂഴ്‌ത്തി വച്ച ലിത്തോ മാപ്പും, തണ്ടപ്പേർ രജിസ്റ്ററും കണ്ടെടുത്തതോടെയാണ് കള്ളക്കളി വ്യക്തമായത്.നേരത്തെ ഇക്കാര്യം കാട്ടി ജേക്കബ് തോമസ് റിപ്പോർട്ട് നൽകിയിരുന്നെങ്കിലും സർക്കാർ അംഗീകരിച്ചിരുന്നില്ല.

അഡ്വക്കേറ്റ്‌സ കമ്മീഷൻ തർക്ക ഭൂമി അളക്കുകയും മൂന്ന് പ്ലാനുകൾ തയ്യാറാക്കുകയും ചെയ്തിരുന്നു. എന്നാൽ, അഡ്വക്കേറ്റ് കമ്മീഷണറുടെ വിശദീരണമനുസരിച്ച് ശരിയായ വിധത്തിലല്ല ഭൂമി അളന്നത്. സർവേ ആൻഡ് ബൗണ്ടറീസ് ആക്റ്റിലെ സെക്ഷൻ 41(1) ലെ വ്യവസ്ഥകൾ പ്രകാരമല്ല അഡ്വക്കേറ്റ് കമ്മീഷൻ സ്ഥലമളന്നതെന്ന് സർക്കാർ അഭിഭാഷകൻ ലോകായുക്തയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇതോടെ, ഭൂമി കയ്യേറ്റത്തിന് കുട പിടിക്കാൻ കൃത്രിമമായി ആധാരവും, വ്യാജ രേഖകളും ഉണ്ടാക്കിയെന്ന പരാതിക്കാരൻ ജോയ് കൈതാരത്തിന്റെ വാദങ്ങൾക്ക് കൂടുതൽ ബലം വന്നിരിക്കുകയാണ്. അഡ്വക്കേറ്റ്‌സ് കമ്മീഷന്റെ പരിശോധനയിൽ തിരുവിതാംകൂർ കാലത്തെ സെറ്റിൽമെന്റ് രജിസ്റ്ററും മറ്റും പരിശോധിച്ചിരുന്നില്ല.കമ്മീഷൻ ഭൂമി അള്ന്നത് നിയമാനുസൃതമല്ലെന്നും ആരോപണമുണ്ട്.

സർക്കാർ ഭൂമി അളന്നിട്ട് മാത്രമേ സ്വകാര്യ വ്യക്തിയുടെ ഭൂമി അളക്കാവൂയെന്ന വ്യവസ്ഥ പാലിച്ചില്ല.വിവാദ ഭൂമിയിൽ ആകെ ഒരുഏക്കർ 52 സെന്റാണുള്ളതെന്നാണ് അവകാശവാദം.ഇതിൽ സർക്കാർ ഭൂമിയുടെ കണക്കെടുത്തുകഴിയുമ്പോൾ ഫ്ളാറ്റ നിർമ്മിക്കാൻ സ്ഥലമെവിടെയെന്നാണ് ചോദ്യം. ഫ്ളാറ്റിലാകട്ടെ ഇതിനകം ആളുകൾ താമസവും തുടങ്ങിക്കഴിഞ്ഞു. ഫ്ളാറ്റ് നിർമ്മിച്ചത് ജല അഥോറിറ്റിയുടേയും സർക്കാരിന്റെയും ഭൂമിയിലാണെന്ന് സർക്കാർ നേരത്തെ സമ്മതിച്ചിരുന്നു. ലോകായുക്തയ്ക്കു നൽകിയ സത്യവാങ്മൂലത്തിലാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.

ലോകായുക്തയിലെ കേസിന്റെ സാക്ഷി വിസ്താരത്തിനിടെയാണ് സർക്കാർ അഭിഭാഷകൻ ഭൂമി കയ്യേറ്റത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ലിത്തോ മാപ്പ അടക്കമുള്ളവ സമർപ്പിച്ചത്. ഭൂമി വീണ്ടും അളക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ലോകായുക്തയിൽ കേസ് ഇനി പരിഗണിക്കുന്നത് നവംബർ രണ്ടിനാണ്.കേസിൽ വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ടെങ്കിലും, ലോകായുക്തയിൽ കേസ് നടക്കുന്നതിനാൽ അനിശ്ചിതാവസ്ഥയിലാണ്.

കേസിൽ വിജിലൻസ് മുന്മന്ത്രി ഉമ്മൻ ചാണ്ടിയടക്കം അഞ്ച് പേരെ പ്രതികളാക്കി വിജിലൻസ് കേസെടുത്തുിരുന്നു. എഫ്‌ഐആർ വിജിലൻസ് പ്രത്യേക കോടതിയിൽ സമർപ്പിച്ചു. കേസിൽ നാലാം പ്രതിയാണ് ഉമ്മൻ ചാണ്ടി.

ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന സോമശേഖരനാണ് ഒന്നാം പ്രതി. വാട്ടർ അഥോറിറ്റിയിലെ തന്നെ ഉദ്യോഗസ്ഥനായിരുന്ന മധു, മുൻ ചീഫ് സെക്രട്ടറി ഇ.കെ. ഭരത്ഭൂഷൺ എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഫ്ളാറ്റ് കമ്പനി ഉടമയാണ് അഞ്ചാം പ്രതി.നേരത്തെ വി എസ്.അച്യുതാനന്ദനാണ് ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

നേരത്തെ പാറ്റൂരിലെ വിവാദ ഫ്ളാറ്റ് ചട്ടങ്ങളും വ്യവസ്ഥകളും ലംഘിച്ചു കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നതെന്ന് സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇരുപത്തിയൊന്നോളം വ്യവസ്ഥകൾ ലംഘിച്ചാണ് ഫ്‌ളാറ്റ് നിർമ്മിച്ചിരിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.അനധികൃത പ്രവർത്തനങ്ങൾക്കെതിരെ തിരുവനന്തപുരം കോർപ്പറേഷൻ നടപടി സ്വീകരിച്ചില്ലെന്നും സിഎജി വിമർശനം ഉന്നയിച്ചിരുന്നു.