കണ്ണുർ: കോൺഗ്രസിനെ സെമി കാഡർ പാർട്ടിയാക്കുമെന്ന് സുധാകരൻ പറയുന്നതിന്റെ അർത്ഥം ഒരു വിഭാഗം നേതാക്കളെ ചീത്ത വിളിക്കുന്നതിന് ഒരു സംഘമാളുകള വളർത്തിയെടുക്കുമെന്നതാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പറഞ്ഞു. കണ്ണുരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം കണ്ണുരിൽ നിന്നും പാർട്ടി വിട്ട എംപി മുരളിയെപ്പോലെ കോൺഗ്രസിൽ നിന്നും നിരവധി പേർ സി പി എമ്മിലേക്ക് ചേരാൻ തങ്ങളെ സമീപിച്ചിട്ടുണ്ടെന്നും എം.വി ജയരാജൻ പറഞ്ഞു. കോൺഗ്രസിലേയും ലീഗിലേയും ഒരു പ്രബല വിഭാഗം അകന്നു നിൽക്കുകയാണ്. ഇവരൊക്കെ സിപിഎമ്മിന്റെ ഭാഗമാകുന്നതിനായി ചർച്ച നടത്തി വരികയാണ്.

ഇന്നിപ്പോൾ വിശ്വസിക്കാൻ പറ്റിയ പ്രസ്ഥാനം സി പി എമ്മാണെന്നുള്ളത് ജനങ്ങൾ തിരിച്ചറിഞ്ഞു.കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പാർട്ടിക്കുള്ളിലെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചുവെന്നത് പറയുന്നത് പുതിയ അടിയുടെ തുടക്കമാണെന്നും ജയരാജൻ പറഞ്ഞു.കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സപ്തംബർ ഒൻപതിന് രാവിലെ 10 മണിക്ക് 225 കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുൻപിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ ധർണ്ണ സമരം സംഘടിപ്പിക്കുമെന്ന് ജയരാജൻ പറഞ്ഞുസെപ്റ്റംബർ എട്ടിന് വൈകുന്നേരം 3838 ബ്രാഞ്ച് കേന്ദ്രങ്ങളിൽ പന്തംകൊളുത്തി പ്രകടനവും നടത്തും.

സൗജന്യവും സാർവ്വത്രികവുമായി വാക്‌സിൻ നൽകുക, കോവിഡ് മൂലം മരണപ്പെട്ട കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകുക, ആദായ നികുതിദായകരല്ലാത്ത കുടുംബങ്ങൾക്ക് പ്രതിമാസം 7500 രൂപ വീതം നൽകുക, സൗജന്യമായി ഭക്ഷ്യധാന്യകിറ്റ് അനുവദിക്കുക, ഇന്ധനത്തിന്റെയും പാചകവാതകത്തിന്റെയും വിലക്കയറ്റം പിൻവലിക്കുക, കർഷക-തൊഴിലാളി ദ്രോഹ നിയമങ്ങൾ റദ്ദാക്കുക, പൊതുമേഖല ഓഹരി വിൽപ്പന തടയുക, തൊഴിലുറപ്പ് പദ്ധതിയുടെ കൂലിയും തൊഴിൽ ദിനവും വർദ്ധിപ്പിക്കുക, ഫോൺ ചോർത്തലിനെക്കുറിച്ച് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തുക, രാജ്യദ്രോഹ നിയമവും യു.എ.പി.എ കേസുകളും പിൻവലിക്കുക, അന്യായമായി അറസ്റ്റ് ചെയ്ത മാധ്യമ പ്രവർത്തകരെ വിട്ടയക്കുക എന്നീ ആവശ്യങ്ങളാണ് സമരത്തിൽ ഉന്നയിക്കുന്നത്.

ഇന്ധന-പാചകവാതക വിലക്കയറ്റം കേന്ദ്രസർക്കാർ സൃഷ്ടിയാണ്. അന്താരാഷ്ട്ര വിപണിയിൽ വിലകുറയുമ്പോൾ രാജ്യത്ത് വിലകയറ്റുന്നത് ജനങ്ങളെ ദ്രോഹിക്കാനാണ്, ഒപ്പം കോർപ്പറേറ്റുകളെ സഹായിക്കാനും. കോവിഡ് ദുരിത കാലത്ത് പോലും പ്രതിദിനമാണ് ഇന്ധന വില കയറ്റിയത്. പാചകവാതക വിലയാവട്ടെ 33% വർദ്ധിപ്പിച്ചു. 23 ലക്ഷം കോടി രൂപയാണ് മോദി സർക്കാർ ജനങ്ങളിൽ നിന്നും ഊറ്റിയെടുത്തത്. പാചക വാതക സബ്‌സിഡി നിർത്തലാക്കിയതോടെ കേരളത്തിലെ 80 ലക്ഷം ഗാർഹിക ഉപഭോക്താക്കൾക്ക് കഴിഞ്ഞ എട്ടു മാസത്തിനിടയിൽ മാത്രം 1050 കോടിയാണ് നഷ്ടപ്പെട്ടത്. പൊതുമേഖല ഓഹരി വിൽപ്പനയിലൂടെ 6 ലക്ഷം കോടി സമാഹരിക്കുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. റോഡ് മുതൽ വിമാനത്താവളം വരെ വിറ്റു കൊണ്ടാണ് ഈ തുക സമാഹരിക്കുന്നത്. ഇതെല്ലാം കടുത്ത ജനദ്രോഹമാണെന്നും ജയരാജൻ പറഞ്ഞു.