- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർവ്വകക്ഷിയോഗത്തിൽ സമവായം ഇല്ലെങ്കിൽ മണ്ഡല മകരവിളക്ക് കാലം തീർത്ഥാടകർക്ക് പരീക്ഷണമാകും; നിർണായകമാകുന്ന 64 ദിനങ്ങളിൽ ഒരുക്കുന്നത് അതിതീവ്ര സുരക്ഷ; പമ്പയിലും സന്നിധാനത്തും കൂടുതൽ സിസിടിവി ക്യാമറകൾ; ഒപ്പം ഹെലികോപ്റ്ററും ഡ്രോണും അടങ്ങുന്ന ഹൈടെക് നിരീക്ഷണവും; പതിനായിരത്തിലധികം പൊലീസുകാരെ വിന്യസിക്കും; കാൽനടയായി വരുന്നവർക്ക് തിരിച്ചറിയൽ രേഖ നിർബന്ധമാക്കും; കമാൻഡോകളും ക്വിക്ക് റിയാക്ഷൻ ടീമും സന്നിധാനത്ത് അണിനിരക്കും
തിരുവനന്തപുരം; ശബരിമല റിവ്യുഹർജികൾ പരിഗണിക്കുന്നത് ജനുവരി 22ലേക്ക് മാറ്റിയതും, യുവതി പ്രവേശനം ഭരണഘടനാ ബെഞ്ചിന്റെ വിധി തുടരുന്നതും ശബരിമലയിൽ വരാനിരിക്കുന്ന 64 ദിവസങ്ങൾ നിർണായകമാകുമെന്ന് ഉറപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ശബരിമലയിൽ വീണ്ടും പഴുതടച്ചുള്ള സുരക്ഷ വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. മറ്റന്നാൾ നടക്കാനിരിക്കുന്ന സർവ്വകക്ഷി യോഗത്തിൽ സമാവായമായില്ലെങ്കിൽ സ്ഥിതഗതികൾ വീണ്ടും വഷളാകുമെന്ന് ഉറപ്പ്. ഇത് വെളിവാക്കുന്നത് തന്നെയാണ് നേതാക്കളുടെ പ്രസ്താവനകളും. കനത്ത പൊലീസ് വലയത്തിലും നിയന്ത്രണങ്ങൾക്കുമിടയിൽ ചിത്തിര ആട്ട വിശേഷത്തിനായി നട തുറന്നപ്പോൾ പോലും വലിയ സംഘർഷങ്ങളാണ് സന്നിധാനത്ത് നടന്നത്. ശബരിമലയിൽ താരതമ്യേന ഏറ്റവും കുറവ് തീർത്ഥാടകർ എത്തുന്ന ചിത്തിര ആട്ട വിശേഷദിവസത്തിൽ പോലും പൊലീസ് തന്ത്രങ്ങൾ പാളിയതോടെ അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് സേന. മണ്ഡല മകരവിളക്ക് കാലത്തു ശബരിമലയിലെത്തുന്ന യുവതികൾക്കു സർക്കാർ സുരക്ഷ ഒരുക്കേണ്ടി വരും. പ്രതിഷേധ സമരങ്ങളെ നേരിട്ട പൊലീസിനു മണ്ഡല മകരവിളക്ക് തീർത്ഥാടനകാലം വ
തിരുവനന്തപുരം; ശബരിമല റിവ്യുഹർജികൾ പരിഗണിക്കുന്നത് ജനുവരി 22ലേക്ക് മാറ്റിയതും, യുവതി പ്രവേശനം ഭരണഘടനാ ബെഞ്ചിന്റെ വിധി തുടരുന്നതും ശബരിമലയിൽ വരാനിരിക്കുന്ന 64 ദിവസങ്ങൾ നിർണായകമാകുമെന്ന് ഉറപ്പ്. ഇതിന്റെ പശ്ചാത്തലത്തിൽ ശബരിമലയിൽ വീണ്ടും പഴുതടച്ചുള്ള സുരക്ഷ വർദ്ധിപ്പിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. മറ്റന്നാൾ നടക്കാനിരിക്കുന്ന സർവ്വകക്ഷി യോഗത്തിൽ സമാവായമായില്ലെങ്കിൽ സ്ഥിതഗതികൾ വീണ്ടും വഷളാകുമെന്ന് ഉറപ്പ്. ഇത് വെളിവാക്കുന്നത് തന്നെയാണ് നേതാക്കളുടെ പ്രസ്താവനകളും.
കനത്ത പൊലീസ് വലയത്തിലും നിയന്ത്രണങ്ങൾക്കുമിടയിൽ ചിത്തിര ആട്ട വിശേഷത്തിനായി നട തുറന്നപ്പോൾ പോലും വലിയ സംഘർഷങ്ങളാണ് സന്നിധാനത്ത് നടന്നത്. ശബരിമലയിൽ താരതമ്യേന ഏറ്റവും കുറവ് തീർത്ഥാടകർ എത്തുന്ന ചിത്തിര ആട്ട വിശേഷദിവസത്തിൽ പോലും പൊലീസ് തന്ത്രങ്ങൾ പാളിയതോടെ അടിമുടി മാറ്റത്തിനൊരുങ്ങുകയാണ് സേന. മണ്ഡല മകരവിളക്ക് കാലത്തു ശബരിമലയിലെത്തുന്ന യുവതികൾക്കു സർക്കാർ സുരക്ഷ ഒരുക്കേണ്ടി വരും. പ്രതിഷേധ സമരങ്ങളെ നേരിട്ട പൊലീസിനു മണ്ഡല മകരവിളക്ക് തീർത്ഥാടനകാലം വലിയ വെല്ലുവിളി നിറഞ്ഞതാകും.
കൂടുതൽ ഉന്നത ഉദ്യോഗസ്ഥരെയും ആയുധധാരികളായ പ്രത്യേക സംഘത്തെയും സന്നിധാനത്ത് വിന്യസിക്കാനാണ് പൊലീസ് തീരുമാനം. ശബരിമലയിൽ ഇരുമുടിക്കെട്ടുമായി ഭീകരർ എത്താൻ സാധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പും പൊലീസിന് തലവേദനയാണ്. കാനനപാതയിലൂടെയെത്തുന്ന തീർത്ഥാടകർക്കും പാസ് നൽകി കടത്തിവിടാനും നടപടി തുടങ്ങി.
അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം ആയുധധാരികളായ പ്രത്യേക സംഘത്തെ സന്നിധാനത്ത് വിന്യസിക്കാനാണ് പൊലീസ് നീക്കം. ഡിജിപിയുടെയും ഐജി മനോജ് എബ്രാഹമിന്റെയും നേതൃത്വത്തിലാണ് പുതിയ പദ്ധതികൾ രൂപീകരിക്കുന്നത്. ഐജി റാങ്കിലുള്ള കൂടുതൽ ഉന്നത ഉദ്യോഗസ്ഥരെ ശബരിമലയിലെ സുരക്ഷാ മേൽനോട്ടങ്ങൾക്കായി നിയോഗിക്കും. ആറായിരത്തിലേറെ പൊലീസുകാരെയും സന്നിധാനത്ത് വിന്യസിക്കും.
സംഘർഷങ്ങൾ ഒഴിവാക്കാനായി സന്നിധാനത്ത് കടുത്ത നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. നിലയ്ക്കലിൽ നിന്ന് സ്വകാര്യ വാഹനങ്ങൾ കടത്തി വിടുന്നില്ല. ഒരു ദിവസത്തിൽ കൂടുതൽ ആരെയും സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ല. ഈ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കാനാണ് പൊലീസ് നീക്കം. കാൽനടയായി വരുന്ന തീർത്ഥാടകർക്കും പാസ് ഏർപ്പെടുത്താനാണ് നീക്കം. ഇതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു.
എരുമേലിയിൽ നിന്ന് കാൽനടയായി കാനനപാതയിലൂടെ സന്നിധാനത്തേയ്ക്ക് വരുന്ന തീർത്ഥാടകർക്ക് തിരിച്ചറിയൽ രേഖ നിർബന്ധമാക്കും. രേഖകൾ പരിശോധിച്ച ശേഷം പൊലീസ് തയാറാക്കിയ പാസ് നൽകും. ഇത് ധരിച്ച് വേണം കാനനപാതയിലൂടെ തീർത്ഥാടകർ സന്നിധാനത്തേയ്ക്ക് പോകാം. അതേസമയം വ്യോമ സേനയുടെ സഹായത്തോടെ ഹെലികോപ്റ്ററിൽ സന്നിദാനത്തും പരിസരത്തും നിരീക്ഷണം നടത്താനും സർക്കാർ നീക്കം നടത്തുണ്ട്. കൂടാതെ ഡ്രോണടക്കമുള്ള ഹൈടെക്ക് സംവിധാനങ്ങളും ശബരിമലയിൽ സജ്ജിക്കരിക്കുന്നുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ ഹെലിപാഡ് സംവിധാനവും സജ്ജീകരിക്കാൻ തീരുമാനമുണ്ട്.
തീർത്ഥാടനവുമായി ബന്ധപ്പെട്ട് കടകളിൽ ജോലിക്കായി എത്തുന്നവരും കരാർ ജോലിക്കാരും അവരവരുടെ പേര്, വിലാസം എന്നിവ തെളിയിക്കുന്ന ആധികാരിക രേഖ, സ്ഥിരതാമസമാക്കിയിട്ടുള്ള പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ഹെൽത്ത് കാർഡ് എന്നിവ സഹിതം ജോലി ചെയ്യുന്ന സ്ഥലത്തെ സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് നൽകേണ്ടതും അവിടെ നിന്നും നിശ്ചിത മാതൃകയിലുള്ള തിരിച്ചറിയൽ കാർഡ് ഈ മാസം 13ന് മുമ്പ് കൈപ്പറ്റണം. തിരിച്ചറിയൽ കാർഡുകൾ കൈവശമില്ലാത്തവരെ ജോലിയിൽ തുടരുവാൻ അനുവദിക്കില്ലെന്നാണ് ജില്ലാ പൊലീസ് മേധാവി അറിയിച്ചിരിക്കുന്നത്.
പത്തിനും അൻപതിനുമിടയിൽ പ്രായമുള്ള 550 സ്ത്രീകൾ ഉൾപ്പെടെ ആകെ രണ്ടരലക്ഷംേപരാണ് പൊലീസിന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തത് ശബരിമല ദർശനത്തിന് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ശബരിമലയിൽ അധികം കാത്തുനിൽക്കാതെ ദർശനം സാധ്യമാക്കാനും തിരക്ക് നിയന്ത്രിക്കുന്നതിനുമാണ് പൊലീസ് വെബ്‌പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാൻ സംവിധാനമൊരുക്കിയത്. അതേസമയം കെ.എസ്.ആർ.ടി.സിയിൽ പമ്പയിൽ പോകാൻ ഇതുവരെ നാൽപ്പതിനായിരം പേർമാത്രമെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളൂ. ഇതിൽ ഭൂരിഭാഗവും പുരുഷന്മാരാണ്. യുവതികൾ ഇതുവരെ ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലെന്നാണ് വിവരം.
ഈ മാസം 16ന് തുറക്കുന്ന നട ഡിസംബർ 27നാണ് അടയ്ക്കുക. 27നാണു മണ്ഡലപൂജ. ഡിസംബർ 30ന് വീണ്ടും തുറക്കുന്ന നട ജനുവരി 20ന് അടയ്ക്കും. ജനുവരി 11നാണു പേട്ട തുള്ളൽ. 14ന് മകരവിളക്ക്. 20ന് നട അടച്ച് 2 ദിവസം കഴിഞ്ഞേ സുപ്രീം കോടതി കേസ് പരിഗണിക്കൂ. അതുവരെ പഴുതടച്ച സുരക്ഷാ സംവിധാനം ഒരുക്കേണ്ട ഉത്തരവാദിത്തമാണു പൊലീസിന്.വിശദമായ സുരക്ഷാ പദ്ധതിയാണു ശബരിമലയ്ക്കായി തയാറാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ 2800 പൊലീസിനെയാണു വിന്യസിച്ചത്. ഇത്തവണ പതിനായിരത്തിന് മുകളിൽ പൊലീസുകാർ ശബരിമലയുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുണ്ടാകും. 5 ഘട്ടങ്ങളായാണു പൊലീസിനെ വിന്യസിക്കുന്നത്. ഈ മാസം 14 മുതൽ 30 വരെയാണ് ആദ്യഘട്ടം. 30 മുതൽ ഡിസംബർ 14 വരെ രണ്ടാംഘട്ടം. 14 മുതൽ 29 വരെ മൂന്നാംഘട്ടം. 29 മുതൽ ജനുവരി 16 വരെ നാലാംഘട്ടം. 16 മുതൽ 20 വരെ അഞ്ചാംഘട്ടം.
സൗത്ത് സോൺ എഡിജിപി അനിൽകാന്താണ് ചീഫ് പൊലീസ് കോ-ഓർഡിനേറ്റർ. എഡിജിപി അനന്തകൃഷ്ണൻ കോ ചീഫ് കോ-ഓർഡിനേറ്റർ. സേനാ വിന്യാസത്തിന്റെ ഉത്തരവാദിത്തം തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാമിനാണ്. വനിതാ ബറ്റാലിയൻ കമൻഡാന്റിന്റെ േനതൃത്വത്തിൽ ഒരു കമ്പനി വനിതാ പൊലീസിനെയും 30 വനിതാ കമാൻഡോകളെയും മണിയാറിലെ കെഎപി അഞ്ചാം ബറ്റാലിയനിൽ വിന്യസിക്കും.
പമ്പയിലും സന്നിധാനത്തും കൂടുതൽ സിസിടിവി ക്യാമറകൾ ബോർഡിന്റെ സഹായത്തോടെ സ്ഥാപിക്കുന്നതു പുരോഗമിക്കുകയാണ്. മേലെ തിരുമുറ്റത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കു കയ്യിൽ ധരിക്കാൻ പ്രത്യേക ബാൻഡുകൾ നൽകും. ഇതിനുവേണ്ടി പ്രത്യേക രജിസ്റ്റർ സൂക്ഷിക്കാൻ നിർദ്ദേശം നൽകി. ജനക്കൂട്ടത്തെ നിരീക്ഷിക്കാൻ സന്നിധാനത്തും പമ്പയിലും വാച്ച് ടവറുകൾ ഉണ്ടാകും. സുരക്ഷയ്ക്കായി കമാൻഡോകളെയും ക്വിക്ക് റിയാക്ഷൻ ടീമിനെയും സന്നിധാനത്തു വിന്യസിക്കും.
മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമല തീർത്ഥാടകർക്ക് ഒരുക്കുന്ന സൗകര്യങ്ങൾ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അവലോകനം ചെയ്തു. തീർത്ഥാടകർ തീവണ്ടി മാർഗം കൂടുതലായി എത്തുന്ന ചെങ്ങന്നൂരിലും താൽക്കാലിക സൗകര്യം ഏർപ്പെടുത്താൻ യോഗം തീരുമാനിച്ചു. പമ്പയിലും നിലയ്ക്കലിലും ഉൾപ്പെടെ തീർത്ഥാടകർക്ക് താമസിക്കാനുള്ള താൽക്കാലിക സൗകര്യങ്ങൾ പൂർത്തിയായി വരികയാണ്. ഇടത്താവളങ്ങളിൽ സൗജന്യമായി ഭക്ഷണം നൽകുന്നതിനുള്ള ക്രമീകരണങ്ങളും പൂർത്തിയായി. ശുദ്ധജലം ലഭ്യമാക്കാനുള്ള നടപടികളെല്ലാം കേരള വാട്ടർ അഥോറിറ്റി പൂർത്തിയാക്കിയിട്ടുണ്ട്.
യോഗത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ, എംഎൽഎമാരായ രാജു അബ്രഹാം, സജി ചെറിയാൻ, സുരേഷ് കുറുപ്പ്, പി.സി. ജോർജ്ജ്, ചീഫ് സെക്രട്ടറി ടോം ജോസ്, പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, ദേവസ്വംബോർഡ് പ്രസിഡന്റ് എ. പത്മകുമാർ തുടങ്ങിയവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.