ന്യൂഡൽഹി: നടപ്പുസാമ്പത്തിക വർഷത്തിൽ ശേഷിക്കുന്ന പത്തുമാസംകൊണ്ട് ജനങ്ങളുടെ പോക്കറ്റിൽ നിന്ന് 5000 കോടി സ്വരൂപിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാരിന്റെ നികുതി വർധന ഇന്നുമുതൽ പ്രാബല്യത്തിലായി. രണ്ടുലക്ഷം രൂപയിൽ കൂടുതൽ മുടക്കി ഇനി എന്തുവാങ്ങിയാലും ഒരുശതമാനം അധിക നികുതി നൽകേണ്ടിവരും. സ്വർണം വാങ്ങുന്നവരിൽ നിന്നും ഈ നിലയിൽ നികുതി ഈടാക്കുമെന്ന് നേരത്തെ കേന്ദ്ര ബജറ്റിൽ വ്യക്തമാക്കിയിരുന്നെങ്കിലും ജൂവലറിയുടമകൾ ദേശവ്യാപകമായി പ്രതിഷേധവുമായി എത്തിയതോടെ സ്വർണ്ണത്തിനുള്ള പരിധി രണ്ടുലക്ഷത്തിൽ നിന്ന് അഞ്ചുലക്ഷമാക്കി ഉയർത്തിയിട്ടുണ്ട്.

പുതിയ നികുതി വർധനയോടെ സേവനനികുതി 15 ശതമാനമായാണ് ഉയരുന്നത്.നേരത്തെ സേവനനികുതിയിൽ സ്വച്ഛ്ഭാരത് സെസ് ഇനത്തിൽ അരശതമാനം നികുതി കൂട്ടിയതിനു പുറമെ ഇന്നുമുതൽ കൃഷികല്യാൺ സെസുകൂടി അരശതമാനം കൂട്ടി. തീവണ്ടി-വിമാന യാത്രകൾ, ആരോഗ്യ പരിശോധന, മൊബൈൽബിൽ, ഹോട്ടൽ ബിൽ, സിനിമ, ഡിടിഎച്ച് സേവനങ്ങൾ, കൊറിയർ, ഇൻഷ്വറൻസ് പോളിസി, ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകളുടെ ഉപയോഗമുൾപ്പെടെ ബാങ്ക് സേവനങ്ങൾ തുടങ്ങി സാധാരണക്കാർ മുതൽ വൻകിടക്കാർക്കുവരെ നേരിട്ട് ബാധിക്കുംവിധമാണ് നികുതി വർധന. ഇതിനു പുറമെരാജ്യത്തെ ഡിജിറ്റൽ പരസ്യമേഖലയിൽ നിന്നുള്ള വരുമാനത്തിന് ഇന്നുമുതൽ ഗൂഗിളും ഫേസ്‌ബുക്കും നികുതി നൽകണം.

സർക്കാർ ബജറ്റിൽ കൊണ്ടുവന്ന ഗൂഗിൾ ടാക്‌സ് ഇന്നുമുതൽ നടപ്പാക്കിത്തുടങ്ങി. ഡിജിറ്റൽ കണ്ടെന്റുകളുടെ വിതരണം, സിനിമ, സോഫ്റ്റ് വെയർ എന്നിവ ഉൾപ്പടെയുള്ളവ ഡൗൺലോഡ് ചെയ്യുന്നതിൽ നിന്നുള്ള വരുമാനവും നികുതിവിധേയമായി. പണം നൽകി ഇത്തരത്തിൽ നടത്തുന്ന ഡൗൺലോഡുകൾക്ക് ചെലവേറുമെന്ന് ചുരുക്കം. സാമ്പത്തിക വർഷം ഒരുലക്ഷം രൂപയോ അതിൽകൂടുതലോ ഓൺലൈൻ പരസ്യത്തിനായി ചെലവിടുന്ന സ്ഥാപനങ്ങളും വ്യക്തികളും ആറ് ശതമാനം ലെവിയായി നൽകണമെന്ന നിബന്ധനയാണ് നിലവിൽവന്നത്.

ഫേസ്‌ബുക്ക്, ഗൂഗിൾ തുടങ്ങിയ സ്ഥാപനങ്ങൾവഴി പരസ്യംനൽകുന്നവർക്കും ഡിജിറ്റൽ ഇടപാടുകൾ നടത്തുന്നവർക്കുമാകും പുതിയ നികുതി ബാധ്യതയുണ്ടാകുക. 2014ൽ ലോകവ്യാപകമായി ഡിജിറ്റൽ പരസ്യവിപണിക്കുണ്ടായ വരുമാനം 135.42 ബില്യൺ ഡോളറായിരുന്നു. 2019ഓടെ 230 ബില്യൺ ഡോളറാകും ഈമേഖലയിൽനിന്നുള്ള വരുമാനമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഇതിലെ നികുതി വൻ മുതൽക്കൂട്ടാകുമെന്നാണ് കേന്ദ്രസർക്കാരിന്റെ പ്രതീക്ഷ. ഫലത്തിൽ ഗൂഗിൾ, ഫേസ്‌ബുക്ക് ഉപയോഗിച്ച് പരസ്യം നൽകുന്നവരുടെ ഉൽപ്പന്നങ്ങളിൽ ഈ നികുതി കൂട്ടിച്ചേർക്കപ്പെടും.

ഇതിന് പുറമെ, പത്ത് ലക്ഷം രൂപയിൽ കൂടുതൽ വിലയുള്ള കാറുകൾക്ക് ജൂൺ ഒന്നുമുതൽ ഒരു ശതമാനം ആഡംബര നികുതി നൽകണം. കാറുകളുടെ എക്‌സ്‌ഷോറൂം വിലയ്‌ക്കൊപ്പമാകും ഒരു ശതമാനം ആഡംബര നികുതി കൂടി നൽകേണ്ടത്. പത്തു ലക്ഷം രൂപ വിലയുള്ള കാറിന് പതിനായിരം രൂപ ക്രമത്തിൽ അധികം നൽകണമെന്ന് ചുരുക്കം. സേവനനികുതി കൂടുന്നതോടെ, പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതിനും വിമാനയാത്രകൾക്കും ട്രെയിൻ യാത്രകൾക്കുമൊക്കെ ചെലവേറും. ഒപ്പം, ഫോൺ ബിൽ, ഇൻഷുറൻസ് പ്രീമിയം എന്നിവയ്ക്കും ചെലവേറും.

സേവന നികുതിക്കുമേൽ അര ശതമാനം കൃഷി കല്യാൺ സെസ് ഏർപ്പെടുത്തിയതാണ് സേവന നികുതി ഉയരാൻ കാരണം. മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം കഴിഞ്ഞ സാമ്പത്തിക വർഷാരംഭത്തിൽ തന്നെ സേവന നികുതി 12.36 ശതമാനത്തിൽ നിന്ന് 14 ശതമാനമാക്കിയിരുന്നു. ഇതിനു പിന്നാലെ സ്വച്ഛ് ഭാരത് സെസ്സായി നവംബർ മുതൽ സേവന നികുതി അര ശതമാനം കൂട്ടി.