ഡബ്ലിൻ: കുട്ടികളെ തല്ലുന്നത് നമുക്കിടയിൽ വലിയ കാര്യമല്ലെങ്കിലും വിദേശരാജ്യങ്ങളിൽ അതൊരു കുറ്റം തന്നെയാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ എത്ര വലിയ കുറ്റമായാലും കുട്ടികളുടെ കുസൃതി അതിരുകവിഞ്ഞാൽ തല്ലുകയല്ലാതെ എന്തുചെയ്യാൻ? അയർലണ്ടിൽ പകുതിയിലധികം മാതാപിതാക്കളും കുട്ടികളെ തല്ലുന്നുണ്ടെന്നാണ് കണക്ക്. മാതാപിതാക്കൾ കുട്ടികളെ തല്ലുന്നതുമായി ബന്ധപ്പെട്ടു നടത്തിയ സർവേയിലാണ് ഇക്കാര്യം തെളിഞ്ഞിട്ടുള്ളത്.

സർവേയിൽ പങ്കെടുത്ത എട്ടു ശതമാനം മാതാപിതാക്കളും പറഞ്ഞത് അവർ കുട്ടികളെ മിക്കപ്പോഴും തല്ലും എന്നാണ്. എന്നാൽ 44 ശതമാനം മാതാപിതാക്കൾ വെളിപ്പെടുത്തിയത് അവർ വല്ലപ്പോഴും മാത്രമാണ് കുട്ടികളെ തല്ലുമെന്നാണ്. അങ്ങനെ മൊത്തത്തിൽ 51 ശതമാനം പേരും കുട്ടികളെ തല്ലുന്നവരാണെന്ന് സർവേയിൽ തെളിഞ്ഞിട്ടുണ്ട്. അതോടൊപ്പം തന്നെ 35 വയസിൽ താഴെ പ്രായമുള്ള മാതാപിതാക്കൾ കുട്ടികളെ ശിക്ഷിക്കുന്നത് അപൂർവമാണെന്നും സർവെയിൽ വ്യക്തമായി. 35 വയസിൽ താഴെ പ്രായമുള്ള മാതാപിതാക്കളിൽ 81 ശതമാനം പേരും ഒരിക്കലും കുട്ടികളെ തല്ലിയിട്ടില്ലെന്ന് വെളിപ്പെടുത്തുമ്പോൾ 40നു മേൽ പ്രായമുള്ള മാതാപിതാക്കളിൽ 37 ശതമാനം പേരും കുട്ടികളെ ശിക്ഷിക്കുന്നതായി കണ്ടുവരുന്നു.

മാതാപിതാക്കളുടെ പ്രായവും കുട്ടികളുടെ ശിക്ഷണവും തമ്മിൽ നല്ല ബന്ധമുണ്ടെന്നു തന്നെയാണ് സർവേ വ്യക്തമാക്കുന്നത്. പ്രായമാകും തോറും കുട്ടികളുമായുള്ള ജനറേഷൻ ഗ്യാപ് കൂടുതലാകുമെന്നും അത് കൂടുതൽ ശിക്ഷണത്തിലേക്ക് നയിക്കുമെന്നും സർവേ ചൂണ്ടിക്കാട്ടുന്നു. 55 വയസിനു മുകളിലുള്ളവർ കുട്ടികളെ മിക്കവാറും തല്ലുമ്പോൾ 35-54 വയസുവരെയുള്ള മാതാപിതാക്കളിൽ ഇത് ആറു ശതമാനം മാത്രമാണ്. എന്നാൽ 35 വയസിനു താഴെയുള്ളവരിൽ നാലു ശതമാനം പേർ മാത്രമാണ് കുട്ടികളെ മിക്കവാറും ശിക്ഷിക്കുന്നത്.

ജോലിക്കാരായ അമ്മമാരും ജോലിയില്ലാത്ത അമ്മമാരും തമ്മിലും ഇത്തരത്തിൽ ശിക്ഷാ നടപടികളുടെ കാര്യത്തിൽ വ്യത്യാസം ഉണ്ടാകുന്നുണ്ട്. ജോലിയില്ലാത്ത അമ്മമാരിൽ 58 ശതമാനം പേരും പറയുന്നത് തങ്ങൾ ഒരിക്കലും കുട്ടികളെ തല്ലിയിട്ടില്ല എന്നാണ്. അച്ഛന്മാരേക്കാൾ കൂടുതലായി അമ്മമാരാണ് കുട്ടികളെ തല്ലുന്നത് എന്നതും സർവേയിൽ വ്യക്തമായ കാര്യമാണ്. ഒമ്പതു ശതമാനം അമ്മമാർ കുട്ടികളെ ശിക്ഷിക്കുമ്പോൾ അച്ഛന്മാരിൽ ഇത് ഏഴു ശതമാനം മാത്രമാണ്. ഈ വർഷം ഫെബ്രുവരി അഞ്ചിനും 19നും മധ്യേയാണ് ഇതുസംബന്ധിച്ച സർവേ നടന്നത്.