തിരുവനന്തപുരം: കൂടുതൽ ബാറുകൾ തുറക്കാൻ സാഹചര്യമൊരുക്കി സർക്കാർ കൂടുതൽ ബാറുകൾ തുറക്കാൻ അവസരമൊരുക്കുന്നത് സംസ്ഥാനത്ത് സാമ്പത്തിക സ്ഥിതി അതീവ ഗുരുതരമായ സ്ഥിതിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ. സാമ്പത്തിക വർഷം അവസാനിക്കാനിരിക്കെ വലിയ പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്. ബില്ലുകൾ മാറി നൽകുന്നതുൾപ്പെടെ കടുത്ത ട്രഷറി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന സ്ഥിതിയിലാണ് കാര്യങ്ങളെന്നാണ് ധനവകുപ്പിൽ നിന്ന് ലഭിക്കുന്ന സൂചന. ഈയൊരു സാഹചര്യം ഒഴിവാക്കാനാണ് കൂടുതൽ ബാറുകൾ തുറക്കാൻ സാഹചര്യമൊരുക്കുന്നത്.

ഇതിനായി നേരത്തേ തന്നെ നീക്കങ്ങൾ സർക്കാരിന്റെ ഭാഗത്തുനിന്ന് തുടങ്ങിയിരുന്നു. ബാറുകൾ തുറക്കാൻ അനുമതി ഉടനുണ്ടാവും എന്ന നിലയിൽ സന്ദേശമെത്തിയതോടെ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മിക്ക ബിയർ പാർലറുകളും ത്രീസ്റ്റാർ പദവി ലഭിക്കാൻ മിനുക്കുപണികളും തുടങ്ങിയിരുന്നു. പൂട്ടിയ ബാറുകൾ തുറക്കില്ലെന്നാണ് ഈസർക്കാർ അധികാരമേറ്റയുടൻ എക്‌സൈസ് മന്ത്രി വ്യക്തമാക്കിയത്. ഇതിന് പിന്നാലെ ദൂരപരിധി നിശ്ചയിച്ച് കൂടുതൽ ബാറുകളും ബിയർ പാർലറുകളും സംസ്ഥാനത്ത് അടച്ചുപൂട്ടേണ്ടി വന്നു. ഇത് വലിയ ക്ഷീണമാണ് സർക്കാർ ഖജനാവിന് ഉണ്ടാക്കിയത്. ജിഎസ്ടി കൂടി നടപ്പാക്കിയതോടെ സംസ്ഥാന വിഹിതത്തിൽ മാത്രം ആശ്രയിച്ച് കാര്യങ്ങൾ നീക്കേണ്ട സ്ഥിതിയായി. ഇത് മറികടന്ന് ഖജനാവിന് ഉണർവ് നൽകുകയെന്ന ലക്ഷ്യംകൂടി ഇപ്പോൾ കൂടുതൽ ബാറുകൾ തുറക്കാൻ അവസരമൊരുക്കിയതിന് പിന്നിലുണ്ടെന്നാണ് വിവരം.

നിയന്ത്രണങ്ങൾ ഒന്നൊന്നായി നീക്കി ബാർ ലൈസൻസിനുള്ള പ്രധാന കടമ്പ ത്രീ സ്റ്റാർ പദവി എന്ന നിലയിലേക്ക് മാറ്റിയെടുത്തിരിക്കുകയാണ് ഇപ്പോൾ. അതേസമയം, ഇത്തരം ബാറുകളിൽ സൗകര്യം മെച്ചപ്പെട്ടോ എന്ന പ്രാഥമിക പരിശോധന മാത്രം നടത്തി അനുമതി നൽകിയേക്കുമെന്നാണ് വിവരം. ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ എന്നിവയിൽനിന്ന് 200 മീറ്റർ അകലമെന്നത് മിക്കസ്ഥാപനങ്ങൾക്കും പാലിക്കാനാകും. ത്രീ സ്റ്റാർ നേടിയാൽ മറ്റു തടസ്സങ്ങളില്ലാതെ ബാർ തുറക്കാമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

പുതിയ സാഹചര്യത്തിൽ ത്രീ സ്റ്റാർ പദവിയുണ്ടെങ്കിൽ ബാർ ലൈസൻസിന് അർഹത ലഭിക്കും. പുതിയ അപേക്ഷകൾ പരിഗണിക്കാനും ഉടൻ തീർപ്പുകൽപിക്കാനും എക്‌സൈസ് കമ്മിഷണർ നിർദ്ദേശം നൽകിയിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ അനുമതിവേണ്ട എന്നതും ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ബാറുകൾക്ക് ദൂരപരിധിയിൽ ഇളവ് നൽകുമെന്നതും ബാറുടമകൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

വിനോദസഞ്ചാരമേഖയിലെ ബാറുകളുടെ പ്രവർത്തനസമയം നീട്ടിയെന്നതിനാൽ കൂടുതൽ കച്ചവടം നടക്കുമെന്നും ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതോടൊപ്പം ദശീയ-സംസ്ഥാന പാതകളിൽനിന്നുള്ള ദൂരപരിധി ഒഴിവാക്കിക്കൊണ്ട് ഗ്രാമങ്ങളെ നഗരങ്ങളെ പോലെ കണക്കാക്കുന്ന സാഹചര്യവും സൃഷ്ടിച്ചു. ഇത്തരത്തിൽ എൽ.ഡി.എഫ്. സർക്കാരിന്റെ മദ്യനയവും തുടർന്നുണ്ടായ ഇളവുകളും അബ്കാരി മേഖലയെ കൈയയച്ച് സഹായിക്കുന്നതായി മാറി.

പടിപടിയായി നീക്കപ്പെട്ട നിരോധനം; ഇപ്പോൾ എല്ലാം ശരിയായി

പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് മാത്രമായി ബാർ ലൈസൻസ് നിജപ്പെടുത്തിയ യു.ഡി.എഫ്. നയം ഒഴിവാക്കി ത്രീ സ്റ്റാർ ബാറുകൾക്ക് അനുമതിനൽകുന്നതായിരുന്നു ആദ്യതീരുമാനം. 2017 ജൂണിൽ നിലവിൽവന്ന മദ്യനയത്തിലായിരുന്നു ഇതിന്റെ തുടക്കം. ബാറുകൾക്കുള്ള പുതിയ അപേക്ഷകളും സ്വീകരിച്ചു. മദ്യശാല തുടങ്ങാൻ തദ്ദേശസ്ഥാപനങ്ങളുടെ അനുമതിവേണ്ടെന്ന വ്യവസ്ഥ പിന്നാലെയെത്തി. ഇതോടെ തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടൽ ഒഴിവാക്കി. പിന്നീട് ആരാധനാലയങ്ങൾ, സ്‌കൂളുകൾ എന്നിവയുമായുള്ള ദൂരപരിധി ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് 200 മീറ്ററിൽനിന്ന് 50 മീറ്ററായി കുറച്ചു. ഇത് നഗരപ്രദേശങ്ങളിലെ ഒട്ടേറെ ഹോട്ടലുകൾക്ക് ബാർ ലൈസൻസ് സ്വന്തമാക്കാൻ സഹായകമായി.

ഏറ്റവും ഒടുവിൽ ദേശീയ-സംസ്ഥാന പാതകളിൽനിന്ന് 500 മീറ്റർ അകലം പാലിക്കണമെന്ന സുപ്രീംകോടതി ഉത്തരവിൽ ഇളവുനേടാൻ വീണ്ടും കോടതിയെ സമീപിച്ചു. ഇതിൽ നഗരപ്രദേശത്തെ നിർവചിക്കാനുള്ള അധികാരം സർക്കാരിന് നൽകിയതോടെ പതിനായിരത്തിനു മുകളിൽ ജനസംഖ്യയുള്ള ഗ്രാമങ്ങളെ പട്ടണപ്രദേശമായി നിർവചിച്ച് ഉത്തരവിറക്കി.

യു.ഡി.എഫ്. സർക്കാരിന്റെ മദ്യനയത്തിൽ ബാർ നഷ്ടമായ 730 ഹോട്ടലുകൾക്കും തിരിച്ചെത്താനുള്ള വഴി ഇങ്ങനെയാണ് തുറന്നുകൊടുത്തിട്ടുള്ളത്. ത്രീ സ്റ്റാർ ലൈസൻസിനുവേണ്ടിയുള്ള 140 അപേക്ഷകൾ ഇപ്പോൾ വിനോദസഞ്ചാരവകുപ്പിന്റെ പരിഗണനയിലുണ്ട്. പ്രത്യേകസമിതിയുടെ പരിശോധന കഴിഞ്ഞാലുടൻ ഇവർക്ക് അംഗീകാരം നൽകുമെന്നാണ് റിപ്പോർട്ടുകൾ. ബാർ ലൈസൻസും ലഭിക്കും. ഒരുവർഷവും പത്തുമാസവും പിന്നിടുമ്പോൾ സർക്കാർ ഇതുവരെ 282 ബാറുകളുടെ ലൈസൻസ് പുതുക്കിനൽകി കഴിഞ്ഞു.

അതേസമയം, ഈ നീക്കം ബാറുടമകളെ സഹായിക്കാൻ മാത്രമാണെന്നും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മദ്യവിതരണത്തിൽ വർധന വരുത്താത്തത് ഇതുകൊണ്ടാണെന്നും വിമർശനവും ഉയരുന്നു. മദ്യശാലകളിലുള്ള നിയന്ത്രണങ്ങൾ ഒന്നൊന്നായി നീക്കുമ്പോഴും സർക്കാർ ഉടമസ്ഥതയിലുള്ള ബെവ്കോയ്ക്കും കൺസ്യൂമർ ഫെഡിനും ഇളവുകളൊന്നും നൽകിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ദേശീയപാതയോരത്ത് പൂട്ടിയ ഔട്ട്ലെറ്റുകൾ തുറക്കില്ലെന്നും സർക്കാർ ആവർത്തിക്കുന്നു. ദേശീയ-സംസ്ഥാന പാതയുടെ സമീപത്തുനിന്നുമാറ്റിയ പത്തു ഷോപ്പുകൾക്ക് പകരം കെട്ടിടം ലഭിക്കാത്തതിനാൽ തുറക്കാനായിട്ടില്ല.