ന്യൂഡൽഹി: പതിനഞ്ചുദിവസത്തിനകം 1.92 കോടി വാക്സിൻ ഡോസുകൾ കൂടി സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കുമായി സൗജന്യമായി അനുവദിക്കുമെന്ന് കേന്ദ്രസർക്കാർ. മെയ് 16നും 31നും ഇടയിലാണ് കോവിഡ് വാക്സിൻ ഡോസുകൾ വിതരണം ചെയ്യുകയെന്ന് കേന്ദ്രസർക്കാർ പ്രസ്താവനയിൽ അറിയിച്ചു.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ജനങ്ങൾക്കിടയിൽ കൂടുതൽ ആളുകൾക്ക് വാക്സിൻ നൽകി വ്യാപനം തടയാനുള്ള ശ്രമത്തിലാണ് വിവിധ സംസ്ഥാനങ്ങൾ. എന്നാൽ വാക്സിൻ ലഭ്യത പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. കൂടുതൽ വാക്സിൻ ആവശ്യപ്പെട്ട് കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങൾ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കൂടുതൽ വാക്സിൻ അനുവദിച്ചതായി കേന്ദ്രം അറിയിച്ചത്.

1.62 കോടി കോവിഷീൽഡ് ഡോസുകളും 29 ലക്ഷം കോവാക്സിൻ ഡോസുകളുമാണ് വരും ദിവസങ്ങളിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും വിതരണം ചെയ്യുക. മെയ് ഒന്നിനും പതിനഞ്ചിനും ഇടയിൽ 1.7 കോടി വാക്സിനാണ് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമായി കേന്ദ്രം അനുവദിച്ചത്.