കൊച്ചി: ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ പ്രൊമോട്ടിംഗ് ഹോമിയോപ്പതിയുടെ അഞ്ചാമത് വാര്‍ഷിക ആഘോഷത്തില്‍ മികച്ച ഡിജിറ്റല്‍ മാധ്യമ പ്രവര്‍ത്തകനുള്ള അവാര്‍ഡ് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് നല്‍കി. കൊച്ചിന്‍ താജ് വിവാന്തയില്‍ ആയുഷ് മിനിസ്റ്റര്‍ ജാധവ് പ്രതാപ് റാവോ ഗാന്‍പത് റാവോ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഉമാ തോമസ് എം.എല്‍.എ അവാര്‍ഡ് ദാനം നടത്തി. ഷാജന്‍ സ്‌കറിയ്ക്ക് വേണ്ടി മറുനാടന്‍ മലയാളി കൊച്ചി ചീഫ് റിപ്പോര്‍ട്ടര്‍ ആര്‍ പീയൂഷ് പുരസ്‌കാരം ഏറ്റു വാങ്ങി. പ്രിന്റ് മീഡിയ പുരസ്‌ക്കാരം കേരളാ കൗമുദി റിപ്പോര്‍ട്ടര്‍ അരുണ്‍ പ്രസന്നന് നല്‍കി.


ആഗോളതലത്തില്‍ ശാസ്ത്രീയ അറിവുകളുടെ ആശയ വിനിമയം നടത്തുന്നതിനും രോഗി പരിചരണം എളുപ്പമാക്കുന്നതിനും ഐ.എഫ്.പി.എച്ച് എന്ന പ്രസ്ഥാനം എന്നും ഉതകുമെന്നും ലോക വ്യാപകമായി ഹോമിയോപ്പതി പ്രചരിക്കുന്നതിന് ഈ കൂട്ടായ്മ ഊര്‍ജ്ജം പകരുമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ആയുഷ് മിനിസ്റ്റര്‍ പറഞ്ഞു. യോഗത്തില്‍ ഐ.എഫ്.പി.എച്ച് പ്രസിഡന്റ് ഡോക്ടര്‍ ഇസ്മായില്‍ സേട്ട് അധ്യക്ഷനായിരുന്നു. ചടങ്ങില്‍ ഉമാ തോമസ് എം.എല്‍.എ, ജസ്റ്റിസ് ഹരിഹരന്‍ നായര്‍ (ചെയര്‍മാന്‍ എത്തിക്കല്‍ കമ്മിറ്റി കേരള യൂണിവേഴ്സിറ്റി ഹെല്‍ത്ത് സയന്‍സ്), ഡോക്ടര്‍ ദേവഥത് നായിക്ക് (ഡയറക്ടര്‍, സെന്‍ട്രല്‍ കൗണ്‍സില്‍ റിസര്‍ച്ച് ഇന്‍ ഹോമിയോപ്പതി കോട്ടയം), ഡോക്ടര്‍ ഹേലിയോ പെരേര (പോര്‍ച്ചുഗല്‍), ഡോക്ടര്‍ സ്റ്റീന്‍ റൂജ് (ഡെന്മാര്‍ക്ക്), ഡോക്ടര്‍ ജനാര്‍ദ്ദനന്‍ നായര്‍ (മുന്‍ പ്രസിഡന്റ്, ബോര്‍ഡ് ഓഫ് അസസ്മെന്റ് നാഷണല്‍ കമ്മീഷന്‍ ഓഫ് ഹോമിയോപ്പതി), ഡോക്ടര്‍ സാജന്‍ വി എഡിസന്‍ (എന്‍ജിനീയര്‍ സലാഹുദ്ദീന്‍ ക്രിയേറ്റര്‍ ഓഫ് ഐ.എഫ്.പി എച്ച്) തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

ഉദ്ഘാടന പരിപാടികള്‍ക്ക് ശേഷം പകര്‍ച്ചവ്യാധികളില്‍ ഹോമിയോപ്പതിയുടെ പ്രസക്തിയെക്കുറിച്ച് മാധ്യമ ചര്‍ച്ച സംഘടിപ്പിച്ചു. പിന്നീട് നടന്ന ശാസ്ത്രീയ സെമിനാറില്‍ ഡോക്ടര്‍ രമാദേവി അമ്പാടി, ഡോക്ടര്‍ കാഞ്ചന്‍ ഉപ്രേതി, ഡോക്ടര്‍ റോയി കെ ജെയിംസ്, ഡോക്ടര്‍ സുഗതന്‍, ശാലു രാജന്‍, ഓപ്പറേഷനില്‍ ഹോമിയോപ്പതിയുടെ സാധ്യതയെക്കുറിച്ച് ഡോക്ടര്‍ രവി സിംഗ്, ലങ് കാന്‍സറിന്റെ സാധ്യതയെക്കുറിച്ച് ഡോക്ടര്‍ വിനു കൃഷ്ണന്‍, ഹോമിയോപ്പതിയും ഓട്ടിസവും എന്ന വിഷയത്തില്‍ ഡോക്ടര്‍ സമീര്‍ ചാക്കര്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

തുടര്‍ന്നുള്ള ശാസ്ത്രീയ സെമിനാറില്‍ ഹോമിയോപ്പതിയുടെ കൃഷിയിലെ സാധ്യതയെക്കുറിച്ച് ഡോക്ടര്‍ വൈഭവ് ജൈന്‍, വെറ്റിനറി ഹോമിയോപ്പതിയില്‍ ഡോക്ടര്‍ മുസ്തഫ, ഡെന്റല്‍ ഹോമിയോപ്പതിയില്‍ ഡോക്ടര്‍ സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോക്ടര്‍ ബിന്ദുരാജ്, ഡോക്ടര്‍ മനോജ്, ഡോക്ടര്‍ അജിനി, ജിതി മനോജ് തുടങ്ങിയവര്‍ മോഡറേറ്റര്‍മാര്‍ ആയിരുന്നു. ഇപ്പോള്‍ പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന അമീബിക് മസ്തിഷ്‌കജ്വരത്തിന് ഹോമിയോപ്പതിയുടെ സാധ്യത ഉപയോഗപ്പെടുത്തണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോക്ടര്‍ സലിംകുമാര്‍ നന്ദിയും അറിയിച്ചു.