ലണ്ടൻ: അമേരിക്കയിലേക്ക് ഒരു എച്ച് - 1 ബി വിസ ലഭിച്ചില്ലേ ? കാനഡയിലേയും, ബ്രിട്ടനിലേയും ആസ്‌ട്രേലിയയിലേയും വിസ ചട്ടങ്ങൾ കർക്കശമാക്കുന്നതിൽ ആശങ്കയുണ്ടോ ? ഇനി അതെല്ലാം മറന്നേക്കൂ. പരമ്പരാഗത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളെയെല്ലാം ഇന്ത്യൻ വിദ്യാർത്ഥികൾ കൈയൊഴിഞ്ഞു തുടങ്ങി. ഇന്ത്യൻ യുവത ഇപ്പോൾ ഉറ്റുനോക്കുന്നത് പുത്തൻ തലമുറ വിദ്യാഭ്യാസ കേന്ദ്രങ്ങളേയാണ്.

2012 മുതൽ വിദേശങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇക്കാലയളവിൽ ഏകദേശം 15 ലക്ഷം വിദ്യാർത്ഥികൾ പഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോയി എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, പരമ്പരാഗതമായി ഇന്ത്യൻ വിദ്യാർത്ഥികൾ വിദ്യാഭ്യാസത്തിനായി പോയിക്കൊണ്ടിരുന്ന അമേരിക്കയിലും, ബ്രിട്ടനിലും, കാനഡയിലും, ആസ്‌ട്രേലിയയിലുമൊക്കെ വിസ ചട്ടങ്ങൾ കൂടുതൽ കർക്കശമാക്കുകയാണ്.

ഇതോടെ ഇന്ത്യൻ വിദ്യാർത്ഥികൾ മറ്റു പല രാജ്യങ്ങളിലേക്കും തിരിഞ്ഞതായി ഡിയു ഡിജിറ്റൽ ഗ്ലോബലിന്റെ മൈഗ്രേറ്റ് വേൾഡ് ഇന്ത്യാ ചീഫ് എക്സിക്യൂട്ടീവ് ആയ ശാലിനി ലാംബ പറയുന്നു. അത്തരം ബദൽ വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്കുള്ള കുത്തൊഴുക്ക് 2024 ൽ കുതിച്ചുയരാൻ പോവുകയാണെന്നും ലാംബ പറയുന്നു. അയർലൻഡ്, നെതർലാൻഡ്‌സ്, ഫിൻലാൻഡ്, സിംഗപ്പൂർ, ദക്ഷിണ കൊറിയ, ലിത്വാനിയ, എസ്റ്റോണിയ, ചിലി, ടർക്കി, മാൾട്ര, തായ്വാൻ എന്നീ രാജ്യങ്ങളെയാണ് ഇപ്പോൾ ഇന്ത്യൻ വിദ്യാർത്ഥികൾ ഉന്നം വയ്ക്കുന്നത്.

എന്നാൽ, അധികം പേരും ലക്ഷ്യം വയ്ക്കുന്നത് യൂറോപ്യൻ രാജ്യങ്ങളേയാണ്. അയർലൻഡ്, നെതർലാൻഡ്‌സ്, ഫിൻലാൻഡ് എന്നിവ ഇക്കാര്യത്തിൽ മുന്നിട്ടു നിൽക്കുന്നു. സമാനമായ രീതിയിൽ സിംഗപൂരും ദക്ഷിണകൊറിയയും ഏഷ്യയിലെ വിദ്യാഭ്യാസ കേന്ദ്രങ്ങളായി ഇന്ത്യൻ വിദ്യാർത്ഥികളെ ആകർഷിക്കാൻ തുടങ്ങിയിരിക്കുന്നു എന്നും ശാലിനി ലാംബ പറയുന്നു. യൂറോപ്യൻ യൂണിയൻ ആണെങ്കിൽ, തൊഴിലാളി ക്ഷാമത്തിന് പരിഹാരം കണ്ടെത്താനും, സ്‌കിൽ ഗ്യാപ് നിറച്ച് സാമ്പത്തിക വളർച്ച കൈവരിക്കാനുമായി നിയമപരമായ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് എടുത്തിരിക്കുന്നത്.

താമസ സൗകാര്യത്തിന്റെ അപര്യാപ്തതമൂലം വലിയൊരു പ്രതിസന്ധി അഭിമുഖീകരിക്കുന്ന കാനഡയിൽ ഇപ്പോൾ വിദേശ വിദ്യാർത്ഥികൾക്ക് പരിമിതമായ അവസരങ്ങളെ ലഭ്യമായിട്ടുള്ളു. മാത്രമല്ല, ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിൽ ചെറിയ വിള്ളലുകൾ ഉണ്ടായതോടെ ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒഴുക്ക് കുറയുകയും ചെയ്തു. അമേരിക്കയിലാണെങ്കിൽ ഉയർന്ന പഠന ചെലവും, കുറഞ്ഞ തൊഴിൽ സാധ്യതകളും ഇന്ത്യൻ വിദ്യാർത്ഥികളെ ഏറെ വലക്കുകയാണ്.

ഇന്ന് വിദേശ വിദ്യാഭ്യാസം നേടുക എന്നത് കനത്ത വെല്ലുവിളി ഉയർത്തുന്ന ഒന്നായി മാറിയിരിക്കുകയാണ്. പല വിദ്യാർത്ഥികളും, അവർ വിദ്യാഭ്യാസം ചെയ്യാൻ ഉദ്ദേശിക്കുന്ന രാജ്യങ്ങളിൽ സ്ഥിര താമസത്തിനുള്ള അനുമതി മുൻകൂറായി നേടാൻ ഒരുങ്ങുകയാണ്. ഇത്തരത്തിൽ പെർമെനന്റ് റെസിഡൻസി നേടാൻ ആയാൽ, ആ രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ഇവർക്കും ലഭ്യമാകും.

കുറഞ്ഞ ചെലവിലുള്ള വിദ്യാഭ്യാസവും ഒപ്പം തൊഴിൽ ലഭിക്കുന്നതിനുള്ള വർദ്ധിച്ച സാധ്യതകളുമാണ് ഇന്ത്യൻ വിദ്യാർത്ഥികളെ പുതിയ രാജ്യങ്ങളിലെക് നയിക്കുന്നത്. ഒന്ന്, ഒന്നര വർഷം കൊണ്ടു തന്നെ പെർമെനന്റ് റസിഡൻസി ലഭിക്കാൻ സാധ്യത ഏറെയുള്ള പോർട്ടുഗൽ, അയർലാൻഡ് എന്നീ രാജ്യങ്ങളിലേക്കും വിദ്യാർത്ഥികൾ യാത്ര തിരിക്കാൻ തുടങ്ങിയിട്ടുണ്ട്.