ലണ്ടന്‍: യുകെ മലയാളി സമൂഹത്തെ അലട്ടി വീണ്ടും പനിമരണം. നോര്‍ത്താംപ്ടണ് സമീപം വില്ലിങ്ബ്രോയില്‍ താമസിച്ചിരുന്ന വയനാട് സ്വദേശിനി അഞ്ജു അമലാണ്(29) മരിച്ചത്. ന്യുമോണിയ ബാധിച്ചാണ് മരണം.

നോര്‍ത്താംപ്ടന്‍ ആശുപത്രിയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ചികിത്സയിലായിരുന്നു അഞ്ജു അമല്‍. ടൈഫോയ്ഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഉണ്ടായ ചെറുപ്പക്കാരിയുടെ മരണം യുകെ മലയാളി സമൂഹത്തിനും ആഘാതമാവുകയാണ്. ഐടി മേഖലയില്‍ ജോലി ചെയ്ത് വരുകയായിരുന്നു അഞ്ജുവെന്നാണ് പ്രാഥമിക വിവരം. വയനാട് സ്വദേശിയാണ് ഭര്‍ത്താവ്. കുറച്ച് നാളുകള്‍ മുമ്പാണ് ഈ ദമ്പതികള്‍ യുകെയില്‍ എത്തിയിട്ട്.

2025 പിറന്ന പുലരിയിലാണ് യുകെ മലയാളികളെ തേടി സ്റ്റെനി ഷാജി എന്ന മലയാളി വിദ്യാര്‍ത്ഥിനിയുടെ ആകസ്മിക മരണവാര്‍ത്തയെത്തിയത്. കാര്യമായ ആരോഗ്യ പ്രശനങ്ങള്‍ ഇല്ലാതിരുന്ന 25 വയസ് പിന്നിട്ട ഒരു യുവതിക്ക് പോലും പനിയെ തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകളെ തരണം ചെയ്യാനാകുന്നില്ല എന്ന വാര്‍ത്ത ഞെട്ടലോടെ കേട്ട മലയാളി സമൂഹത്തിനിടയിലേക്ക് അഞ്ജുവിന്റെ മരണ വിവരം ഉണ്ടാക്കുന്നത് കടുത്ത ആശങ്ക തന്നെയാണ്.

ശൈത്യം കടുപ്പം കാട്ടിയ ഡിസംബര്‍ ആദ്യവാരം മുതല്‍ അധികമായി 500 ലേറെ പനി മരണങ്ങള്‍ കൂടിയാണ് ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓഫിസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിക്സ് നല്‍കുന്ന കണക്കുകള്‍ അനുസരിച്ചു ഡിസംബര്‍ ആദ്യവാരം 11511 മരണങ്ങളാണ് ആകെ സംഭവിച്ചത്. തൊട്ടു തലേ ആഴ്ചയില്‍ 11007 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത കണക്കില്‍ അധികമായി ലഭിക്കുന്നത് 504 മരണങ്ങളാണ്. ഇതില്‍ നിന്നും അഞ്ഞൂറു മരണങ്ങള്‍ അധികമായി സംഭവിച്ചു എന്ന് വിലയിരുത്താനാകും.