- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരുളേറിയിട്ടും സ്നേഹാദരങ്ങളുടെ പ്രവാഹം; നാടും നാട്ടാരും ആദരാഞ്ജലി അര്പ്പിക്കാനൊഴുകിയെത്തി; പ്രിയപ്പെട്ടവനെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയവര്‍ തേങ്ങലടക്കാനാതെ വിങ്ങിപ്പൊട്ടി; പ്രാര്‍ഥനകളേറ്റു വാങ്ങി എം.ജി. കണ്ണന്‍ നിത്യതയിലേക്ക്
എം.ജി. കണ്ണന്‍ നിത്യതയിലേക്ക്
പത്തനംതിട്ട: മോനേ കണ്ണാ..അലറി വിളിച്ച് ശവപേടകത്തിന് മുകളിലേക്ക് വീഴുന്ന പ്രായം ചെന്ന അമ്മമാര്‍, വിതുമ്പലക്കാന്‍ പ്രയാസപ്പെടുന്ന സഹപ്രവര്‍ത്തകര്‍, ചേതനയറ്റ മൃതദേഹത്തിന് മുന്നില്‍ വിലപിക്കാന്‍ പോലും കഴിയാത്ത വണ്ണം മരവിച്ചു നില്‍ക്കുന്ന കുടുംബാംഗങ്ങള്‍... അകാലത്തില്‍ അന്തരിച്ച ഡി.സി.സി വൈസ് പ്രസിഡന്റ് എം.ജി. കണ്ണന്റെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്രയിലും തുടര്‍്ന്നുമുള്ള സങ്കടക്കാഴ്ചകളായിരുന്നു ഇതൊക്കെ.
ഇന്നലെ രാവിലെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മൃതദേഹവും വഹിച്ചുള്ള വിലാപയാത്രയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. പന്തളത്ത് വാഹനം നിര്‍ത്തിയാണ് നിരവധി പേര്‍ കണ്ണനെ അവസാനമായി കണ്ടത്. അടൂരില്‍ ഗാന്ധിസ്മൃതി മൈതാനത്താണ് മൃതദേഹം പൊതുദര്‍ശനത്തിന് വച്ചത്. വിലാപ യാത്ര കടന്നു പോയ വഴിയോരങ്ങളില്‍ എല്ലാം ആളുകള്‍ കണ്ണനെ അവസാനമായി ഒരു വട്ടം കൂടി കാണാന്‍ ആളുകള്‍ കാത്തു നിന്നു. എല്ലാവര്‍ക്കും കാണാന്‍ അവസരം നല്‍കിയാണ് വിലാപയാത്ര കടന്നു പോയത്.
അടൂര്‍ ടൗണില്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകരും മറ്റുമായി വലിയ ജനസഞ്ചയമായിരുന്നു തടിച്ചു കൂടിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ നന്നേ പാടു പെട്ടു. തങ്ങളുടെ പ്രിയപ്പെട്ടവനെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയവര്‍ തേങ്ങലടക്കാനാതെ വിങ്ങിപ്പൊട്ടുന്നതും കാണാമായിരുന്നു. അടൂരില്‍ നിന്നും വിലാപ യാത്ര തട്ട കൈപ്പട്ടൂര്‍ വഴി പത്തനംതിട്ട ഡി.സി.സിയില്‍ എത്തുമ്പോള്‍ വൈകിട്ട് മൂന്നരയായി. ഡി.സി.സിയില്‍ ഒന്നര മണിക്കൂറോളം പൊതുദര്‍ശനമുണ്ടായിരുന്നു.
ഇവിടെയും വലിയ ജനസഞ്ചയമായിരുന്നു. കണ്ണന്‍ പഠിച്ച മാത്തൂര്‍ ഗവ.യു.പി സ്‌കൂളിലെയും പൊതുദര്‍ശനം കഴിഞ്ഞാണ് മാത്തൂരിലെ വീട്ടിലെത്തിയത്. ഇവിടെയും പൊതുദര്‍ശനത്തിന് ശേഷം രാത്രി വൈകിയായിരുന്നു സംസ്‌കാരം. ചടങ്ങുകള്‍ ആരംഭിച്ചത് മുതല്‍ വീട്ടില്‍ ഉള്ളുനീറുന്ന കാഴ്ചകളായിരുന്നു. ഭാര്യയേയും മക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ ഇല്ലാതെ നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും തേങ്ങി.
ബന്ധുക്കളും നാട്ടുകാരും ജനപ്രതിനിധികളും പാര്‍ട്ടി പ്രവര്‍ത്തകരും പ്രമുഖ നേതാക്കളുംഉള്‍പ്പടെ നൂറുകണക്കിന് പേര്‍ സംസ്‌കാര ചടങ്ങിനെത്തിയിരുന്നു. മന്ത്രി വീണാ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എം.പിമാരായ ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപ് ദാസ് മുന്‍ഷി,
എം.എല്‍.എമാരായ പി.സി. വിഷ്ണുനാഥ്, പ്രമോദ് നാരായണന്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ വി.എം. സുധീരന്‍, എം.എം. ഹസന്‍, പ്രഫ. പി.ജെ. കുര്യന്‍, പന്തളം സുധാകരന്‍, ഷാനിമോള്‍ ഉസ്മാന്‍, രമ്യ ഹരിദാസ്, കെ.സി ജോസഫ്, എബി കുര്യാക്കോസ്, സി. പി. എം ജില്ലാ സെക്രട്ടറി രാജു എബ്രഹാം, അഡ്വ. പീലിപ്പോസ് തോമസ്, അഡ്വ. ആര്‍ സനല്‍കുമാര്‍ തുടങ്ങി നിരവധി പേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.