കവന്‍ട്രി: രണ്ടു നാള്‍ മരണവുമായി പോരാട്ടം നടത്തിയ അബിന്‍ മത്തായി അല്പം മുന്‍പ് മരണത്തിനു കീഴടങ്ങി. നഴ്‌സിങ് ഹോമില്‍ ജോലിക്കിടെ ഉയരത്തില്‍ നിന്നുള്ള വീഴ്ചയില്‍ തലയ്ക്ക് മാരകമായി പരുക്കേറ്റ യുവാവ് ജീവന്മരണ പോരാട്ടത്തില്‍ ആണെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടീഷ് മലയാളി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കാനഡയില്‍ നിന്നും സഹോദരന്‍ എത്താനുള്ള കാത്തിരിപ്പില്‍ അബിന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. ഇന്നലെ സഹോദരന്‍ യുകെയില്‍ എത്തിയ ശേഷവും ഡോക്ടര്‍മാര്‍ അന്തിമ വിശകലനം നടത്തിയ ശേഷമാണു കുടുംബത്തെ അബിന്‍ ജീവിതത്തിലേക്ക് തിരിച്ചെത്തില്ല എന്നറിയിച്ചത്. ഇതേതുടര്‍ന്ന് ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തുവാനുള്ള തീരുമാനം കുടുംബത്തിന്റെ അനുമതിയോടെ സ്വീകരിക്കുക ആയിരുന്നു. കഴിഞ്ഞ ആറു ദിവസമായി ആകസ്മിക മരണങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്ന യുകെ മലയാളികള്‍ക്കു ഇപ്പോള്‍ അഞ്ചാമത്തെ ആകസ്മിക മരണമായി മാറുകയാണ് അബിന്റെ വേര്‍പാട്.

ബ്ലാക്‌ബേണില്‍ നഴ്‌സിംഗ് ഹോമില്‍ ജോലിക്കിടെ വീണു പരുക്കേറ്റ കടുത്തുരുത്തി സ്വദേശിയായ യുവാവ് ജീവന് വേണ്ടി പൊരുതുന്നു; പ്രതീക്ഷകള്‍ വേണ്ടെന്ന് ആശുപത്രി അധികൃതര്‍; അപകടം ഓര്‍മ്മിക്കുന്നത് തൊഴില്‍ സ്ഥലങ്ങളിലെ തുടര്‍ച്ചയായ ദുരന്തങ്ങളെ

കടുത്തുരുത്തി സ്വദേശിയായ അബിന്റെ സംസ്‌കാരം യുകെയില്‍ തന്നെ നടത്താനാണ് പ്രാഥമികമായി ധാരണയില്‍ എത്തിയിരിക്കുന്നത്. അബിന്റെ ഉറ്റവരായുള്ള സഹോദരി സഹോദരന്മാരില്‍ ഒരാള്‍ യുകെയില്‍ എത്തുകയും സഹോദരിക്ക് അമേരിക്കയില്‍ നിന്നും എത്തിച്ചേരാന്‍ സാധികാത്ത സാഹചര്യവും ആണെന്നാണ് സൂചനകള്‍. അബിന്റെ ഭാര്യ മാതാവിനെ നാട്ടില്‍ നിന്നും യുകെയില്‍ എത്തിക്കാനുള്ള ശ്രമം ഇപ്പോള്‍ കുടുംബസുഹൃത്തുക്കള്‍ ഏറ്റെടുക്കുകയാണ്. യുകെയില്‍ എത്തിയിട്ട് അധിക കാലം ആകാത്ത മലയാളികളുടെ നിരയില്‍ നിന്നും തന്നെയാണ് അബിന്റെ വേര്‍പാടും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ഒരു വര്‍ഷം മുന്‍പ് കെയര്‍ വിസയില്‍ യുകെയില്‍ എത്തിയ കുടുംബത്തെ തേടിയാണ് ദുരന്തം കൂട്ടിനു വന്നിരിക്കുന്നത്. ഭാര്യയ്ക്ക് നഴ്സിംഗ് ഹോമില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നണ് കടുത്തുരുത്തിക്കാരനായ യുവാവും അതേ നഴ്സിംഗ് ഹോമില്‍ ജോലിക്ക് കയറുന്നത്. സാധാരണ ഇത്തരം സ്ഥാപനങ്ങളിലെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്ന ഹാന്‍ഡിമാന്‍ എന്നറിയപ്പെടുന്ന മെയിന്റനന്‍സ് ആന്‍ഡ് റിപ്പയറിംഗ് ജോലിയാണ് യുവാവ് ചെയ്തിരുന്നത്.

കഴിഞ്ഞ ദിവസം നഴ്സിംഗ് ഹോമിലെ ലോഫ്റ്റില്‍ അറ്റകുറ്റപണിക്കിടെ കയറിയ യുവാവ് ഉയരത്തില്‍ നിന്നും തെന്നി വീഴുക ആയിരുന്നു. ഉടന്‍ വിദഗ്ധ ചികിത്സാ ലഭിക്കുന്ന പ്രെസ്റ്റന്‍ ഹോസ്പിറ്റലിലേക്ക് എയര്‍ ആംബുലന്‍സില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനില്ലാത്ത വിധം പരുക്കുകള്‍ ഗുരുതരമായിരുന്നു.

പുറമേയ്ക്ക് കാര്യമായ പരുക്കുകള്‍ ഒന്നും ഇല്ലാത്ത അബിന് തലയ്ക്ക് കാര്യമായ പരുക്കേറ്റതോടെ വൈദ്യ സംഘം നിസ്സഹായരാവുകയായിരുന്നു. പ്രതീക്ഷകള്‍ വേണ്ടെന്ന സൂചന നല്‍കി കുട്ടികളെ അടക്കം ആശുപത്രിയില്‍ എത്തിച്ചു കാണിക്കുകയും വൈദികരെത്തി യുവാവിന് വേണ്ടി ആശുപത്രിയില്‍ പ്രാര്‍ത്ഥിക്കുകയും നടത്തുകയും ചെയ്തിരുന്നു.

അതിനിടെ പുതുതായി യുകെയില്‍ എത്തുന്ന മലയാളി യുവാക്കള്‍ ജോലി സ്ഥലങ്ങളില്‍ പരിചിതം അല്ലാത്ത സാഹചര്യത്തില്‍ തുടര്‍ച്ചയായ അപകടത്തില്‍ പെടുന്നു എന്ന കാര്യവും ഓര്‍മ്മിപ്പിക്കുകയാണ് ബ്ലാക്ക്‌ബേണ്‍ അപകടം. ഇക്കഴിഞ്ഞ ജൂണില്‍ അങ്കമാലിയിലെ കാലടി സ്വദേശിയായ റീഗന്‍ എന്ന യുവാവ് ബെഡ്ഫോര്‍ഡ്ഷയറിലെ സാന്‍ഡി എന്ന സ്ഥലത്തുള്ള വെയര്‍ഹൗസ് ജോലിക്കിടെ ഉള്ള അപകടത്തില്‍ മരണപ്പെട്ടിരുന്നു.

കഴിഞ്ഞ നാലു ദിവസങ്ങളിലായി ബെല്‍ഫാസ്റ്റിലെ ബിനോയ് അഗസ്റ്റിന്‍, മെയ്ഡസ്റ്റോണിലെ പോള്‍ ചാക്കോ, സ്പോള്‍ഡിങ്ങിലെ കുഞ്ഞു മാലാഖ അഥീന ജിനോ, സ്റ്റോക്ക്പോര്‍ട്ടിലെ നിര്‍മ്മല നെറ്റോ എന്നിവരുടെ അകാല വിയോഗ വാര്‍ത്തകള്‍ക്കിടെയാണ് അബിന്റെ മരണവും ബ്രിട്ടീഷ് മലയാളി വായനക്കാരെ ഊഴമിട്ട് തേടി എത്തിയത്.