- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അവരെല്ലാവരും നല്ല ആക്ടീവായിരുന്നു, പോയെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല': കണ്ണീരോടെ സഹപാഠികളുടെ അന്ത്യയാത്രാമൊഴി; സ്വന്തം മണ്ണിലേക്ക് തിരിച്ചുപോകാന്‍ കഴിയാതെ മുഹമ്മദ് ഇബ്രാഹിമിന് എറണാകുളം ജുമാ മസ്ജിദില്‍ കബറടക്കം; മുഹമ്മദ് അടക്കം മൂന്നുപേരുടെ സംസ്‌കാരം ഇന്ന്; പരിക്കേറ്റ മൂന്നുപേരില്‍ ഒരാളുടെ നില അതീവഗുരുതരം
കണ്ണീരോടെ സഹപാഠികളുടെ അന്ത്യയാത്രാമൊഴി
ആലപ്പുഴ: കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് മരിച്ച വിദ്യാര്‍ഥികള്‍ക്ക് അന്ത്യയാത്രാമൊഴി. മരിച്ച 5 മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടേയും മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് വച്ച ശേഷം ജന്മനാട്ടിലേക്ക് കൊണ്ടുപോയി. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചത്.
ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളായ അഞ്ചുപേരാണ് അപകടത്തില്‍ മരിച്ചത്. മലപ്പുറം കോട്ടയ്ക്കല്‍ ശ്രീവര്‍ഷത്തില്‍ ദേവനന്ദന്‍(19), പാലക്കാട് ശേഖരീപുരം ശ്രീവിഹാറില്‍ ശ്രീദേവ് വല്‍സന്‍(19), കോട്ടയം ചേന്നാട് കരിങ്കുഴിക്കല്‍ ആയുഷ് ഷാജി(19), ലക്ഷദ്വീപ് ആന്ത്രോത്ത് പക്രിച്ചിയപ്പുര പി.പി. മുഹമ്മദ് ഇബ്രാഹിം(19), കണ്ണൂര്‍ വെങ്ങര പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍(19) എന്നിവരാണ് മരിച്ചത്.
മൂന്നു വിദ്യാര്‍ഥികളുടെ സംസ്‌കാരം ഇന്ന് നടക്കും. ലക്ഷദ്വീപ് ആന്ത്രോത്ത് പക്രിച്ചിയപ്പുര പി.പി. മുഹമ്മദ് ഇബ്രാഹിന്റെ കബറടക്കം എറണാകുളം ടൗണ്‍ ജുമാ മസ്ജിദില്‍ 3 മണിയോടെ തുടങ്ങി. ശ്രീദീപിന്റെ സംസ്്കാരം പാലക്കാട് ശേഖരീപുരത്ത് നടക്കും. മുഹമ്മദ് അബ്ദുല്‍ ജബ്ബാറിന്റെ സംസ്‌കാരം കണ്ണൂരില്‍ നടക്കും. ദേവനന്ദന്റെ സംസ്‌കാരം നാളെ പാലായിലെ കുടുംബ വീട്ടില്‍ നടക്കും. ആയുഷ് ഷാജിയുടെ സംസ്‌കാരം നാളെ കാവാലത്താണ്.
പരിക്കേറ്റ മൂന്ന് വിദ്യാര്‍ഥികളുടെ നില ഗുരുതരമാണ്. ഇതില്‍ ഒരാളുടെ നില അതീവഗുരുതരം. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് എല്ലാ ചികിത്സയും ഒരുക്കിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.
'അവരെല്ലാവരും നല്ല ആക്ടീവായിരുന്നു. പോയെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല'' സഹപാഠി വിങ്ങലോടെ പറഞ്ഞു. 98% മാര്‍ക്കുമായി ആദ്യ അവസരത്തില്‍ തന്നെ എന്‍ട്രന്‍സ് പരീക്ഷ പാസായി എത്തിയതാണ് ലക്ഷദ്വീപ് സ്വദേശിയായ പി.പി.മുഹമ്മദ് ഇബ്രാഹിം. ''എല്ലാവരും വലിയ ഷോക്കിലാണ്. ഒരു മാസമേയായുള്ളൂ അവന്‍ പഠിക്കാനെത്തിയിട്ട്.'' ഇബ്രാഹിമിന്റെ കുടുംബസുഹൃത്ത് പറഞ്ഞു. സ്വന്തം മണ്ണിലേക്ക് തിരിച്ചു പോകാന്‍ മുഹമ്മദ് ഇബ്രാഹിമിന് കഴിഞ്ഞില്ല. എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദിലാണ് കബറടക്കം.
മരിച്ച ദേവനന്ദന്റെ രക്ഷിതാക്കള്‍ മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനം നടക്കുന്ന സ്ഥലത്തെത്തിയിരുന്നു. പാലക്കാട് ഭാരത് മാതാ സ്‌കൂള്‍ അധ്യാപകനായ ശേഖരിപുരം സ്വദേശി വല്‍സന്റെയും അഭിഭാഷകയായ ബിന്ദുവിന്റെയും മകനാണ് ശ്രീദീപ് സുഹൃത്തുക്കള്‍ക്കൊപ്പം സിനിമ കണ്ട് വരാമെന്ന് അറിയിച്ച് ശ്രീദിപ് രാത്രിയില്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്തിരുന്നു.
ദേവനന്ദും ഇന്നലെ സിനിമയ്ക്കായി പോകുന്നതിനു മുന്‍പ് അമ്മയെ വിളിച്ചിരുന്നു. നല്ല മഴയായതിനാല്‍ പിന്നീട് പോകാമെന്ന് അമ്മ പറഞ്ഞിരുന്നു. കൂട്ടുകാര്‍ പോകുന്നതിനാല്‍ കൂടെ പോകുന്നു എന്നാണ് ദേവനന്ദന്‍ പറഞ്ഞത്. സിനിമ കാണാന്‍ കൂട്ടുകാരുമായുള്ള കാര്‍ യാത്ര അവസാന യാത്രയായി. ഇക്കാര്യം പറഞ്ഞ് കൂട്ടുകാര്‍ പൊട്ടിക്കരഞ്ഞു. 12 മണിക്ക് പൊതുദര്‍ശനം ആരംഭിച്ചു. മൃതദേഹങ്ങള്‍ കൊണ്ടുപോകാന്‍ 5 ആംബുലന്‍സുകള്‍ സജ്ജമാക്കിയിരുന്നു. പൊതു ദര്‍ശനത്തിനുശേഷം വിവിധ സ്ഥലങ്ങളിലേക്ക് സുഹൃത്തുക്കള്‍ അന്ത്യയാത്ര ആരംഭിച്ചു
ഇന്നലെ രാത്രിയായിരുന്നു നാാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ ദാരുണമായ അപകടം ഉണ്ടായത്. ആലപ്പുഴയിലേക്ക് സിനിമയ്ക്ക് പോകുകയായിരുന്ന വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ് ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ത്ഥികളെ പുറത്ത് എടുത്തത്. കാറില്‍ 11 പേരുണ്ടായിരുന്നു.
കാര്‍ ഓടിച്ചിരുന്നത് പരുക്കേറ്റ് ചികില്‍സയിലുള്ള ഗൗരീശങ്കര്‍ ആയിരുന്നു. രണ്ട് വിദ്യാര്‍ഥികള്‍ ബൈക്കില്‍ ഇവരുടെ പിന്നില്‍ സഞ്ചരിച്ചിരുന്നു. അപകടത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തുമെന്ന് ആശുപത്രിയിലെത്തിയ മന്ത്രി പി.പ്രസാദ് അറിയിച്ചു