- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് 5 വയസുകാരി മരിച്ചു
കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ (അമീബിക് മെനിഞ്ചോ എൻസഫലൈറ്റിസ്) ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു. മലപ്പുറം മുന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ ഹസ്സൻ കുട്ടി- ഫസ്ന ദമ്പതികളുടെ മകൾ ഫദ്വ (5) ആണു മരിച്ചത്.
ഈ മാസം 13 മുതൽ ഗവ. മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു കുട്ടി. 8 ദിവസമായി വെന്റിലേറ്ററിലായിരുന്നു. കബറടക്കം ഇന്നു കടവത്ത് ജുമാ മസ്ജിദിൽ നടക്കും. സഹോദരങ്ങൾ: ഫംന, ഫൈഹ.സ്രവ പരിശോധനാഫലം നെഗറ്റീവായി നിരീക്ഷണത്തിലുണ്ടായിരുന്ന മറ്റു 4 കുട്ടികളും ഇന്നലെ ആശുപത്രി വിട്ടതായി മാതൃശിശു സംരക്ഷണകേന്ദ്രം സൂപ്രണ്ട് അറിയിച്ചു.
മലപ്പുറം കടലുണ്ടി പുഴയിൽ നിന്നാണ് വൈറസ് ബാധയേറ്റതെന്നാണ് സംശയം. മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതോടെ കടുത്ത ജാഗ്രതയിലാണ് പഞ്ചായത്തും ആരോഗ്യവ വകുപ്പും. മൂന്നിയൂർ സ്വദേശിയായ പെൺകുട്ടി വീടിന് സമീപത്തെ കടലുണ്ടി പുഴയിൽ, വേനലിൽ വറ്റി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കാനിറങ്ങുകയായിരുന്നു. അഞ്ച് ദിവസത്തിന് ശേഷം കടുത്ത തലവേദനയും പനിയുമായി കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രോഗം ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നട്ടെല്ലിൽ നിന്നും സ്രവം പരിശോധിച്ചപ്പോഴാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്.
അതേസമയം, അമീബിക് മസ്തിഷ്‌ക ജ്വരമെന്ന സംശയത്തിൽ നിരീക്ഷണത്തിലാക്കിയ നാല് കുട്ടികളുടെ പരിശോധന ഫലം നെഗറ്റീവ് ആണെന്നുള്ള റിപ്പോർട്ടുകൾ വന്നിരുന്നു. കടലുണ്ടി പുഴയിലെ അതേ കടവിൽ കുളിച്ച കുട്ടികളുടെ പരിശോധനാ ഫലമാണ് നെഗറ്റീവെന്ന് സ്ഥിരീകരിച്ചത്. അഞ്ച് വയസുകാരിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച സാഹചര്യത്തിൽ മലപ്പുറം മുന്നിയൂരിലെ പുഴയിൽ കുളിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
എന്താണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്?
വളരെ വിരളമായി പതിനായിരത്തിൽ ഒരാൾക്ക് ബാധിക്കുന്ന രോഗമാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്. നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല.
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണുന്നത്. നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും എൻസെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.
രോഗലക്ഷണങ്ങൾ
രോഗാണുബാധ ഉണ്ടായി ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു. നട്ടെല്ലിൽ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിർണയം നടത്തുന്നത്.
പ്രതിരോധ നടപടികൾ
കെട്ടിക്കിടക്കുന്നതോ വൃത്തിയില്ലാത്തതോയായ വെള്ളത്തിൽ കുളിക്കുക, മൂക്കിലൂടെ വെള്ളമൊഴിക്കുക തുടങ്ങിയവയിലൂടെയാണ് അമീബ ശരീരത്തിലെത്തുക. ആയതിനാൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലോ നീർച്ചാലിലോ കുളിക്കാതിരിക്കുക, മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക എന്നിവയിലൂടെ രോഗം വരാതെ നോക്കാം.
രോഗലക്ഷണങ്ങൾ കണ്ടാൽ അവഗണിക്കാതെ എത്രയും പെട്ടെന്ന് ഡോക്ടറെ കാണിക്കുക. സ്‌കൂൾ അവധിയായതിനാൽ കുട്ടികൾ നീന്തൽ കുളത്തിൽ ഇറങ്ങുന്നതും വെള്ളത്തിൽ കളിക്കുന്നതും വ്യാപകമാണ്. അതുകൊണ്ട് ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ശരിയായ രീതിയിൽ ക്ലോറിനേറ്റ് ചെയ്ത നീന്തൽ കുളങ്ങളിൽ കുട്ടികൾ കുളിക്കുന്നതുകൊണ്ട് പ്രശ്‌നമില്ല.