- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഹി മലയാള കലാഗ്രാമം സ്ഥാപകനും ചെന്നൈയിൽ വ്യവസായിയും; ത്യാഗ നിർഭര ജീവിതത്തിന് ഉടമയായ ഗാന്ധിയൻ സോഷ്യലിസ്റ്റ്; കലകളുടെ വളർത്തച്ഛനായ എപി കുഞ്ഞിക്കണ്ണന് ജന്മനാടായ ചൊക്ളിയിൽ അന്ത്യവിശ്രമം ഒരുക്കും
തലശേരി: മാഹി മലയാള കലാഗ്രാമം സ്ഥാപകനും ചെന്നൈയിലെ പ്രമുഖ വ്യവസായിയുമായിരുന്ന എ.പി കുഞ്ഞിക്കണ്ണന്റെ ( 94) ഭൗതികശരീരം ചൊവ്വാഴ്‌ച്ച തലശേരിക്കടുത്തെ ചൊക്‌ളിയിലെ തറവാട് വീട്ടിലേക്ക് കൊണ്ടുവരും. സംസ്‌കാരം ചൊവ്വാഴ്‌ച്ച ഉച്ചയ്ക്ക് 12 മണിക്ക് ചൊക്‌ളിയിലെ ആക്കൂൽ തറവാട് വീട്ടുവളപ്പിൽ നടക്കും.
തിങ്കളാഴ്‌ച്ച രാവിലെ എ.പി കുഞ്ഞിക്കണ്ണന്റെ ഭൗതിക ശരീരം തിങ്കളാഴ്‌ച്ച ചെന്നൈയിൽ കോടാമ്പക്കത്ത് അശോക് അവന്യൂവിൽ 19/10 നമ്പർ വസതിയിൽ പൊതു ദർശനത്തിന് വയ്ക്കും. മാഹി മലയാള കലാഗ്രാമം സ്ഥാപകനും വ്യവസായിയുമായിരുന്ന എ.പി കുഞ്ഞിക്കണ്ണൻ ത്യാഗ നിർഭരമായ ജീവിതത്തിന് ഉടമയായ ഗാന്ധിയൻ സോഷ്യലിസ്റ്റായിരുന്നു. ന്യൂമോണിയ ബാധിച്ചു ചികിത്സയിലിരിക്കെ ഞായറാഴ്‌ച്ച വൈകുന്നേരം ചെന്നൈയിലെ സ്വാകാര്യ ആശുപത്രിയിൽ നിന്നാണ് ഈ ലോകത്തോട് വിട പറഞ്ഞത്.
ഗാന്ധിയനും സോഷ്യലിസ്റ്റുമായിരുന്ന എ.പി കുഞ്ഞികണ്ണൻ കണ്ണൂർ ചൊക്‌ളി മേനപ്രം ആക്കൂൽ വീട്ടിൽ പരേതരായ കൃഷ്ണന്റെയും ചിരുതയുടെയും മകനായി 1928 - ഡിസംബർ ഒൻപതിനാണ് ജനിച്ചത്. ദരിദ്രമായ ചുറ്റുപാടിൽ നിന്ന് പതിനെട്ടാം വയസിൽ തൊഴിൽ തേടി മദിരാശിയിലേക്ക് വണ്ടി കയറി. സെൻട്രൽ സ്റ്റേഷനടുത്തെ ഹോട്ടലിലെ ജീവനക്കാരനായാണ് തുടക്കം. എംപി ദാമോദരനെ പരിചയപ്പെട്ടത് ജീവിതത്തിൽ വഴിത്തിരിവായത്. പുസ്തകങ്ങളുമായി കൂട്ടുകൂടിയതോടെ വായന ലഹരിയായി. മദ്രാസ് ഹാർബർ, റെയ്‌സ് കോഴ്‌സ്, ആർമി ക്യാംപ് എന്നിവ ട ങ്ങളിൽ ക്യാംപ് ക്യാന്റീൻ ആരംഭിച്ചു പതുക്കെ വ്യാപാര മേഖലയിലേക്ക് ചുവടു വെച്ചു. പിന്നീട് വെസ്റ്റേൺ ഏജൻസി സ് എന്ന സ്ഥാപനം തുടങ്ങി.
എ.പിയുടെ മദ്രാസിലെ കാശ്മീർ ലോഡ്ജ് മലയാളികളായ എഴുത്തുകാരുടെയും രാഷ്ട്രീയ നേതാക്കളുടെയും താവളമായിരുന്നു. എം.ഗോവിന്ദനുമായി അടുത്ത ബന്ധമുണ്ടായിരുന്നു. കെ.എ കൊടുങ്ങല്ലൂർ, എം.വി ദേവൻ, ടി.പത്മനാഭൻ തുടങ്ങി കലയിലും സാഹിത്യത്തിലും രാഷ്ട്രീയത്തിലും സൗഹ്യദങ്ങളുടെ വലിയ നിര അദ്ദേഹത്തിനുണ്ടായിരുന്നു. സ്വന്തം നാട്ടിൽ ഒരു കലാ സ്ഥാപനമെന്ന അദ്ദേഹത്തിന്റെ സ്വപ്നമാണ് മാഹിയിൽ മയ്യഴി പുഴയുടെ തീരത്ത് മലയാള കലാഗ്രാമം യാഥാർത്ഥ്യമാക്കിയത്.
ക്‌ളാസിക്ക് കലാരൂപങ്ങളെ പ്രോത്സാഹിപിക്കുകയെന്ന ലക്ഷ്യത്തോടെ എ.പി.കുഞ്ഞികണ്ണൻ ട്രസ്റ്റിന്റെ നേതൃത്വത്തിൽ 1993 - ലാണ് മലയാള കലാഗ്രാമം തുറന്നത്. മുപ്പതു വർഷത്തിനിടെ ഇവിടെ നിന്ന് നൂറു കണക്കിന് വിദ്യാർത്ഥികൾ നൃത്തത്തിലും ചിത്രമെഴുത്തിലും സംഗീതത്തിലുമെല്ലാം പ്രാവീണ്യം നേടി. കള്ളിമുൾചെടികൾ നിറഞ്ഞ തരിശ് നിലമായിരുന്ന ചെന്നെ നഗരത്തിനടുത്ത ഊത്തു കോട്ടയിലെ കൊടും ചൂടുള്ള പ്രദേശത്ത് മാവുകൾ നട്ടുപിടിപ്പിച്ച് ഹരിത സമൃദ്ധമാക്കി പരിസ്ഥിതി സ്‌നേഹി എന്ന നിലയിലും തന്റെ പേര് തമിഴ് നാട്ടിൽ അടയാളപ്പെടുത്തി. ചെന്നൈയിലെ കലാ സാംസ്‌കാരിക രംഗത്തും നിശബ്ദ സാന്നിധ്യമായിരുന്ന എ.പി കുഞ്ഞിക്കണ്ണൻ അവിവാഹിതനായിരുന്നു.
മാഹി മലയാള കലാഗ്രാമം സ്ഥാപകനും ചെന്നൈയിൽ വ്യവസായിയുമായ എ.പി. കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നാട്ടിൽ ഒരു കലാസ്ഥാപനം എന്ന കുഞ്ഞിക്കണ്ണന്റെ സ്വപ്നത്തിൽ പിറവിയെടുത്തതായിരുന്നു മലയാള കലാഗ്രാമം. തന്റെ വരുമാനത്തിന്റെ ഒരു വിഹിതം നൽകി കലാ ഗ്രാമത്തെ അദ്ദേഹം വളർത്തി. നൃത്തത്തിലും സംഗീതത്തിലും ചിത്രം എഴുത്തിലും പ്രാവീണ്യം നേടി നൂറുകണക്കിന് പേരാണ് കലാഗ്രാമത്തിൽ നിന്ന് പുറത്തിറങ്ങിയത്.
കുഞ്ഞിക്കണ്ണന്റെ നിര്യാണം മൂലം ആത്മബന്ധമുള്ള ഒരു സുഹൃത്തിനെയാണ് നഷ്ടമായത്. സാമൂഹ്യ സാംസ്‌കാരിക മേഖലയ്ക്ക് ആ വിയോഗം വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.