- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ തോറ്റു; 35വർഷം എംഎൽഎ; നാലു തവണ മന്ത്രി; പഴയ സ്‌കൂൾ ഫുട്ബോൾ ടീം ക്യാപ്റ്റൻ പിന്നീട് നിറഞ്ഞാടിയത് കേരളാ രാഷ്ട്രീയത്തിൽ; അവസാനം പെതുവേദിയിലെത്തിയത് മരിച്ചാലും തെരഞ്ഞെടുപ്പ് കാലത്ത് വീട്ടിലിരിക്കാനാവില്ലെന്ന മാസ് ഡയലലോഗുമായി; ആര്യാടൻ മുഹമ്മദ് യാത്രയാകുമ്പോൾ
മലപ്പുറം: ആദ്യമായി മത്സരിച്ച നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആര്യാടൻ മുഹമ്മദ് പിന്നീട് 35വർഷം നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽനിന്നുള്ള എംഎൽഎയും, നാലു തവണ മന്ത്രിയുമായി. പഴയ സ്‌കൂൾ ഫുട്ബോൾ ടീം ക്യാപ്റ്റൻ പിന്നീട് നിറഞ്ഞാടിയത് കേരളാ രാഷ്ട്രീയത്തിലായിരുന്നു. 1980തിൽ എ.കെ ആന്റണിക്കൊപ്പം ചുവട് വച്ചാണ് ഇടതുപക്ഷത്തെത്തിയത്.
കന്നി തെരഞ്ഞെടുപ്പിൽ തോറ്റാണ് തുടക്കം. 1965ലും, 67ലും നിലമ്പൂരിൽ നിന്ന് നിയസഭയിലേക്ക് മത്സരിച്ചെങ്കിലും സഖാവ് കെ. കുഞ്ഞാലിയോട് തോറ്റു. 1977ൽ നിലമ്പൂരിൽ നിന്ന് ആദ്യമായി നിയസഭയിലെത്തി. പൊന്നാനിയിൽ നിന്ന് ലോക് സഭയിലേക്ക് മത്സരിച്ച് തോറ്റു. എ ഗ്രൂപ്പ് ഇടതുപക്ഷത്തെത്തിയപ്പോൾ 1980ൽ നായനാർ മന്ത്രിസഭയിൽ എംഎൽഎ ആകാതെ തന്നെ ഇടത് മുന്നണി മന്ത്രിസഭയിൽ മന്ത്രിയായി. വനം-തൊഴിൽ വകുപ്പാണ് ലഭിച്ചത്. സി. ഹരിദാസ് നിലമ്പൂരിൽ എംഎൽഎ സ്ഥാനം രാജിവെച്ച് ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച് മുല്ലപ്പള്ളി രാമചന്ദ്രനെ തോൽപ്പിച്ച് നിയമസഭയിലെത്തി. എന്നാൽ, 1982ൽ ടി കെ ഹംസയോട് തോറ്റത് തിരിച്ചടിയായി. പിന്നീട് തിരിഞ്ഞുനോക്കിയില്ല. 1987മുതൽ 2011വരെ തുടർച്ചയായി എല്ലാ തെരഞ്ഞെടുപ്പുകളിലും ജയിച്ചു. 1995 ആന്റണി മന്ത്രിസഭയിലും 2004, 2005 ഉമ്മൻ ചാണ്ടി മന്ത്രിസഭയിലും അംഗമായി. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വൈദ്യുതി വകുപ്പായിരുന്നു ലഭിച്ചത്. 80ൽ തൊഴിൽ മന്ത്രിയായിരിക്കെ തൊഴിൽരഹിത വേതനവും കർഷക തൊഴിലാളി പെൻഷനും നടപ്പാക്കി. ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് രാഷ്ട്രീയ കേരളത്തെ ഇളക്കിമറിച്ച സോളാർ വിവാദത്തിൽ ആര്യാടന്റേ പേരുമുയർന്നു.
മുസ്ലിംലീഗ് കോട്ടയായ മലപ്പുറത്ത് ലീഗിന്റെ അപ്രമാദിത്വം ചോദ്യംചെയ്തും മതേതര കാഴ്‌ച്ചപ്പാടുൾ ഉയർത്തിക്കാട്ടിയുമാണ് കോൺഗ്രസിന് മേൽവിലാസമുണ്ടാക്കി നൽകിയത്. എ.കെ. ആന്റണിയുടെ വിശ്വസ്തനായാണ് രാഷ്ട്രീയത്തിലേക്ക് ചുവട്വെച്ചു പിന്നീട് ഉമ്മൻ ചാണ്ടിയോടൊപ്പമായി. ഒരുകാലത്ത് കോൺഗ്രസ് എ ഗ്രൂപ്പിന്റെ നിർണായക തീരുമാനങ്ങളും, ചാണക്യതന്ത്രങ്ങൾക്കും ചുക്കാൻ പിടിച്ചതും ആര്യാടൻ മുഹമമ്മദ് തന്നെയായിരുന്നു. പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് തന്റെ പതിനേഴാം വയസ് മുതലാണ് ആര്യാടൻ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് സജീവമായത്. പാർലമെന്റ് സ്ഥാനാർത്ഥിയായി ചാത്തുക്കുട്ടി നായരും ദ്വയാംഗമണ്ഡലത്തിലെ അസംബ്ലി സ്ഥാനാർത്ഥികളായി ഇബ്രാഹിം സാഹിബ് ( മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ സഹോദരൻ), കണ്ണൂർ നിവാസിയും പിന്നെ കേരളത്തിലെ മന്ത്രിയും പാർലമെന്റ് അംഗവുമെല്ലാമായ കെ. കുഞ്ഞമ്പുവുമായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥികളായി മത്സരിച്ചിരുന്നത്. ഇവർക്കു വേണ്ടിയാണ് ആദ്യമായി വിദ്യാർത്ഥിയായ ആര്യാടൻ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയത്. പിന്നീട് 1954ലെ മലബാർ ഡിസ്ട്രിക് ബോർഡ് തെരഞ്ഞെടുപ്പിൽ വീടുവീടാന്തരമുള്ള പ്രചരണത്തിലും ചെറിയ യോഗങ്ങളിൽ പ്രാസംഗികനായി. തുടർന്ന് കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെയായി നിലമ്പൂരിന്റെ തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് ആര്യാടൻ നിറസാന്നിധ്യമായിരുന്നു. അസുഖ ബാധിതനായി കിടക്കുന്നതിനിടയിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരത്തിന് പൊതുവേദിയിലെത്തി. മരിച്ചാലും തെരഞ്ഞെടുപ്പ് കാലത്ത് വീട്ടിലിരിക്കാനാവില്ലെന്ന മാസ് ഡയലോഗ് പ്രവർത്തകർ ഹർഷാവരത്തോടെയാണ് വരവേറ്റത്.
അതുപോലെ സ്വന്തം തട്ടകത്തിൽ മകൻ ഷൗക്കത്തിനുവേണ്ടി മത്സരിപ്പിക്കണമെന്ന തുടക്കം മുതലെ ആര്യാടന് താൽപര്യമുണ്ടായിരുന്നെങ്കിലും ആദ്യ തവണ പരാജയപ്പെട്ടതോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിർണയത്തിൽ ആര്യാടൻ ഷൗക്കത്തിനു വേണ്ടി വാദിക്കാതെ ഉമ്മൻ ചാണ്ടിയോട് തീരുമാനമെടുക്കാനായിരുന്നു കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി അംഗംകൂടിയായ ആര്യാടൻ മുഹമ്മദ് ആവശ്യപ്പെട്ടത്.
മതേതര നിലപാടുയർത്തിയാണ് സ്‌കൂൾ ഫുട്ബോൾ ടീം ക്യാപ്റ്റനായിരുന്ന ആര്യാടന് നേതൃപാടവം ചെറുപ്പത്തിലേ ഉണ്ടായിരുന്നു. ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവർത്തനമാരംഭിച്ചത്. 1959ൽ വണ്ടൂർ ഫർക്ക കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1960ൽ കോഴിക്കോട് ഡിസിസി സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ മലബാർ കോൺഗ്രസ് രാഷ്ട്രീയത്തിൽ അവഗണിക്കാനാകാത്ത നേതാവായി മാറി. 1962വണ്ടൂരിൽ നിന്ന് കെപിസിസി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1969ൽ മലപ്പുറം ജില്ല രൂപവത്ക്കരിച്ചപ്പോൾ ഡിസിസി പ്രസിഡന്റ് ആരെന്ന ചോദ്യത്തിന് മറ്റൊരു ഉത്തരമുണ്ടായിരുന്നില്ല. 1978മുതൽ കെപിസിസി സെക്രട്ടറിയായി.
മലപ്പുറത്തും നിലമ്പൂരിലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തീപ്പൊരി നേതാവായിരുന്നു സഖാവ് കുഞ്ഞാലി. 1965,67 തെരഞ്ഞെടുപ്പുകളിൽ ആര്യാടൻ മുഹമ്മദിനെ തോൽപ്പിച്ച് നിയമസഭയിലെത്തി. എന്നാൽ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച് 1969ൽ ജൂലൈ 26ന് നിലമ്പൂരിലെ എസ്റ്റേറ്റിൽ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടു. കുഞ്ഞാലിയുടെ രാഷ്ട്രീയ എതിരാളിയായിരുന്ന ആര്യാടൻ മുഹമ്മദിലേക്കാണ് സംശയത്തിന്റെ മുനകൾ നീണ്ടത്. ജൂലൈ 28ന് കുഞ്ഞാലി വധക്കേസിൽ ആര്യാടനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. ചുള്ളിയോടിലെ പാർട്ടി ഓഫീസിന് മുന്നിൽ വച്ച് വെടിയേറ്റ കുഞ്ഞാലി പിന്നീട് നിലമ്പൂർ ആശുപത്രിയിലും മഞ്ചേരി ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലും വച്ച് ആര്യാടനാണ് തന്നെ വെടിവച്ചതെന്ന് മൊഴി നൽകിയിരുന്നു.
ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസിൽ ആര്യാടനെ മുഖ്യപ്രതിയാക്കിയത്. കോൺഗ്രസ് ഓഫീസിൽ നിന്നും ആര്യാടനെയും മറ്റ് 23 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കുഞ്ഞാലിക്ക് മരണ മൊഴി നൽകാനുള്ള ആരോഗ്യസ്ഥിതി ഉണ്ടായിരുന്നില്ലെന്ന കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറുടെ മൊഴിയുടെ അടിസ്ഥാനത്തിലും കൃത്യമായ തെളിവുകളുടെ അഭാവത്തിലും ഹൈക്കോടതി ആര്യാടനെ വെറുതെ വിടുകയായിരുന്നു. സാക്ഷി മൊഴികൾ കണക്കിലെടുക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
കോൺഗ്രസ് പ്രവർത്തകനായിരുന്ന ഗോപാലൻ എന്നയാളാണ് കുഞ്ഞാലിയെ വെടിവെച്ചതെന്നും വ്യക്തിവൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നും ആര്യാടൻ പറഞ്ഞു. എന്നാൽ കുഞ്ഞാലിയെ വെടിവയ്ക്കാൻ ആര്യാടനാണ് ഗോപാലനെ ഏർപ്പെടുത്തിയതെന്നാണ് അന്ന് കുഞ്ഞാലിക്കൊപ്പമുണ്ടായിരുന്ന സജീവ പാർട്ടി പ്രവർത്തകർ ആരോപിക്കുന്നത്. എന്നാൽ, കുഞ്ഞാലി വധത്തിൽ പ്രതിയായിരുന്ന ആര്യാടൻ 1980ൽ നായനാർ മന്ത്രിസഭയിൽ അംഗമായി. ആര്യാടൻ മുഹമ്മദിന്റെ രാഷ്ട്രീയ ജീവിതത്തിൽ അവസാനം വരെ വേട്ടയാടിയ സംഭവമായിരുന്നു കുഞ്ഞാലി വധം.
മലപ്പുറത്തെ കോൺഗ്രസിന്റെ ഏറ്റവും വലിയ സഖ്യകക്ഷിയായിരുന്നു മുസ്ലിം ലീഗ്. സഖ്യകക്ഷിയാണെങ്കിലും മുസ്ലിം ലീഗിന്റെ വളർച്ച കോൺഗ്രസിന് രാഷ്ട്രീയമായ തിരിച്ചടിയായണെന്ന ബോധ്യമുണ്ടായിരുന്നു ആര്യാടൻ മുഹമ്മദിന്. അതുകൊണ്ടുതന്നെ ലീഗിനെ വിമർശിക്കാൻ ആര്യാടൻ മടിച്ചിരുന്നില്ല. പാണക്കാട് തങ്ങൾ മുതൽ അഞ്ചാം മന്ത്രി വിഷയത്തിൽ വരെ ലീഗും ആര്യാടനും ഏറ്റുമുട്ടി. എന്നാൽ, തെരഞ്ഞെടുപ്പുകളിൽ ആര്യാടനെ ലീഗ് കൈവിട്ടില്ല.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്