ലണ്ടൻ: യുകെ മലയാളികൾക്കിടയിലെ സംഘാടകൻ എന്ന് പരിചയപ്പെടുത്താവുന്ന ബൈജു മേനാച്ചേരിയുടെ 52 വർഷത്തെ ജീവിതത്തിനു ഇന്നലെ രാത്രി തിരശീല വീണു. ഒരു വർഷത്തിലേറെ ആയി നാട്ടിലെ വസ്തുവകകൾ വിൽക്കുന്നതിനും മറ്റുമായി ബൈജു നാട്ടിൽ ആയിരുന്നു. ഇന്ന് രാവിലെ ബൈജുവിന്റെ പത്നി ഹിൽഡയും രണ്ടു മക്കളും നാട്ടിലേക്കു യാത്ര തിരിക്കുവാൻ തയ്യാറാവുകയാണ്. അടുത്ത മാസം നാട്ടിൽ നിന്നും യുകെയിലേക്കു മടങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് മരണം കൂട്ടിനെത്തിയത് എന്നത് കുടുംബത്തിനും പ്രിയപ്പെട്ടവർക്കും കൂടുതൽ പ്രയാസം സൃഷ്ടിക്കുകയാണ്. നീണ്ടകാലം നാട്ടിൽ കഴിഞ്ഞ സാഹചര്യത്തിൽ അവസാന സമയവും അവിടെത്തന്നെ ആകട്ടെ എന്ന വിധി നിശ്ചയമാകാം ഇന്നലെ നടപ്പാക്കപ്പെട്ടത്. വീട്ടിൽ കുഴഞ്ഞു വീണ ബൈജുവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു. സംസ്‌കാരം നാളെ ചാലക്കുടിയിലെ ഇടവക ദേവാലയത്തിൽ നടക്കും എന്നാണ് ഇപ്പോൾ ലഭ്യമാകുന്ന വിവരം. ഓസ്‌ട്രേലിയയിൽ ഉള്ള സഹോദരനും ഇന്ന് നാട്ടിലെത്താനാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാൽ രാത്രി വൈകി നോട്ടിൻഹാമിൽ വിവരം എത്തുമ്പോൾ മരണം അറിയേക്കേണ്ടവരുടെ പ്രധാന ലിസ്റ്റിൽ ബ്രിട്ടീഷ് മലയാളി കുടുംബാംഗങ്ങൾ ആയിരുന്നെങ്കിലും ഈ റിപ്പോർട്ട് തയ്യാറാക്കുന്ന വേളയിലും ആകസ്മിക മരണം ഉൾക്കൊള്ളാനാകാത്ത വേദനയിലാണ് ഞങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് കാരണം ബൈജു മേനാച്ചേരി ബ്രിട്ടീഷ് മലയാളിക്ക് വെറും ഒരു സുഹൃത്ത് മാത്രമായിരുന്നില്ല, പലയിടത്തും ബ്രിട്ടീഷ് മലയാളിയുടെ വീറുറ്റ ശബ്ദവും കൂടിയായിരുന്നു. ചാലക്കുടിക്കാരുടെ സ്വത സിദ്ധമായ മുഖം നോക്കാതെ മറുപടി പറയാനുള്ള ശീലം ബൈജുവിനും ഏറെ സുഹൃത്തുക്കളെയും വിമർശകരെയും സമ്മാനിച്ചിട്ടുണ്ട്. എന്നാൽ ശുദ്ധ ഹൃദയൻ എന്ന് വിമർശകരെ കൊണ്ടും പറയിപ്പിക്കുക എന്നതായിരുന്നു ബൈജുവിന്റെ രീതി.

തൃശൂർക്കാർക്ക് ചാക്കോളാസ് എന്നത് പോലെയാണ് ചാലക്കുടിക്കാർക്കു മേനാച്ചേരി കുടുംബം. ചാലക്കുടിയിലെ അറിയപ്പെടുന്ന പ്രൗഢ കുടുംബങ്ങളിൽ ഒന്നാണ് മേനാച്ചേരി. രണ്ടു പതിറ്റാണ്ട് മുൻപ് യുകെയിൽ എത്തിയ ബൈജുവും പത്നി ഹിൽഡയും നോട്ടിൻഹാമിലെ ആദ്യ മലയാളി കുടുംബങ്ങളിൽ ഒന്നാണ്. നോട്ടിങ്ഹാം മലയാളി ജീവിതത്തിൽ ബൈജു ഇല്ലാത്ത പരിപാടികൾ ഒന്നുമില്ലായിരുന്നു. നോട്ടിങ്ഹാം മലയാളി കൾച്ചറൽ അസോസിയേഷന്റെയും പിനീട് പിറന്ന മുദ്രയുടെയും ഒക്കെ ആദ്യകാല സംഘാടകർ ആരെന്നു നോക്കിയാൽ ബൈജുവിനോളം ഓടിയ അനേകം പേരെ കണ്ടെത്താനാകില്ല. പതിനഞ്ചു വര്ഷം മുൻപ് ബ്രിട്ടീഷ് മലയാളി യുകെ മലയാളികളുടെ സ്വന്തം ബ്രാൻഡായി പരുവപ്പെടുമ്പോൾ അതിൽ ബൈജുവിനും ഒരു സഹായിയുടെ റോൾ ഉണ്ടായിരുന്നു.

സ്റ്റേജ് ഷോകൾ പലതും യുകെ മലയാളികൾ കണ്ടാസ്വദിച്ചതു ബൈജു അടക്കമുള്ള സംഘടകരിലൂടെയാണ്. പലപ്പോഴും പല ഷോകളും നഷ്ടത്തിൽ കലാശിക്കുമ്പോഴും അടുത്ത ഷോ വരുന്നു എന്നറിഞ്ഞാൽ അല്പം പോലും മടികാട്ടാതെ വീണ്ടും ഓടി മുന്നിലെത്തും. തുടർന്ന് ടിക്കറ്റ് വിൽക്കാനും അതിഥികളെ എയർ പോർട്ടിൽ എത്തിക്കാനും അവർക്കു വിരുന്നു നൽകാനും ഒക്കെ സ്വന്തം പോക്കറ്റിലെ പണം നഷ്ടപ്പെടുത്തുകയും ചെയ്യും. ഏറ്റവും ഒടുവിൽ കലാഭവൻ മണി അവസാനമായി യുകെയിൽ എത്തുമ്പോൾ ഒരു ചാലക്കുടിക്കാരൻ എങ്ങനെ മറ്റൊരു ചാലക്കുടിക്കാരനെ മറന്നു മാറി നില്കും എന്ന ഭാവത്തോടെയാണ് സ്‌കോട്ലൻഡിൽ വരെ ബൈജു ഓടിയെത്തിയത്.

ഇതിനിടയിൽ എപ്പോഴോ മനസ്സിൽ കടന്നു കൂടിയ സിനിമ മോഹവും ബൈജു സാധ്യമാക്കി. സാമ്പത്തിക നഷ്ടം വരുത്തിയെങ്കിലും അത് പൂർത്തിയാക്കുവാൻ ഒരു പ്രൊഡ്യുസർ എന്ന നിലയിൽ ഏറെ അധ്വാനിക്കുകയും ചെയ്തിരുന്നു. വാസ്തവത്തിൽ കുടുംബത്തേക്കാൾ ബൈജു എന്ന വ്യക്തി സമൂഹത്തിനു നേട്ടമായി മാറുകയായിരുന്നു. കല സാംസ്‌കാരിക വേദി ആയാലും ആഘോഷമായാലും ബൈജുവിനെ മുന്നിൽ നിർത്തിയാൽ പരിപാടി പൊളിക്കും എന്ന ഒരു ചിന്ത തന്നെ യുകെ മലയാളികൾക്കിടയിൽ രൂപപ്പെട്ടത് അദ്ദേഹത്തിന്റെ ആത്മാർത്ഥത കൊണ്ട് കൂടിയാണ്.

ഒരിക്കൽ പരിചയപെട്ടാൽ പിന്നെ എടാ എന്ന് വിളിക്കാനുള്ള ഒരു സ്വാതന്ത്ര്യം രൂപപ്പെടുത്തിയെ ബൈജു പിന്മാറൂ. യുകെയിലെ തൃശൂർ ജില്ലക്കാരായ ഒട്ടേറെ സുഹൃത്തുക്കളെ ചുറ്റിനും സൃഷ്ടിച്ച ബൈജു, ടാക്സി ഡ്രൈവർ ആയും ജോലി ചെയ്ത അവസരത്തിൽ യുകെയിൽ എങ്ങും സൗഹൃദവലയം സൃഷ്ടിച്ചാണ് മടങ്ങിയത്. ഇന്ന് ബൈജുവിന്റെ മരണവാർത്ത അറിയുമ്പോൾ ആയിരക്കണക്കിന് യുകെ മലയാളികൾ അദ്ദേഹത്തിനായി ഒരു നിമിഷം കണ്ണടച്ച് പ്രാർത്ഥിക്കും എന്നുറപ്പാണ്. കാരണം അത്ര വലുതും സുദൃഢവുമായിരുന്നു അദ്ദേഹം സൃഷ്ടിച്ചെടുത്ത സൗഹൃദ വലയം.