- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്കൂബ ടീം വെള്ളത്തിൽ നിന്നും പൊങ്ങി വന്നപ്പോൾ ആദ്യം പ്രതീക്ഷ; ചേതനയറ്റ ശരീരങ്ങൾ കണ്ടതോടെ ദുഃഖം ഇരട്ടിച്ച് കൂട്ടക്കരച്ചിലിലേക്ക്; പള്ളിയോടം മുൻപും മറിഞ്ഞിട്ടുണ്ടെങ്കിലും ദുരന്തത്തിന് വഴിമാറുന്നത് ഇതാദ്യം; കണ്ണീരോടെ രക്ഷാപ്രവർത്തനം ഉറ്റു നോക്കി നാട്
ചെന്നിത്തല: വലിയപെരുമ്പുഴ കടവിൽ പള്ളിയോടം മുങ്ങിയുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം ഉറ്റു നോക്കി ഒരു പകൽ മുഴുവനാണ് നാട് കണ്ണീരോടെ കാത്തിരുന്നത്. വലിയപെരുമ്പുഴ അമരച്ചാർത്ത് അഴിച്ചുവച്ച പള്ളിയോടത്തിലിരുന്ന് അവർ സങ്കടത്തോടെ ആറ്റിലേക്ക് നോക്കി. നല്ല ഒഴുക്കുള്ള അച്ചൻകോവിലാറ്റിൽ തിരിച്ചിലിനിടെ സ്‌കൂബാ ടീം പൊങ്ങുമ്പോൾ പള്ളിയോടത്തിന്റെ അമരത്തോടു ചേർന്നിരിക്കുന്ന തുഴച്ചിലുകാരുടെ മുഖത്ത് പ്രതീക്ഷ തെളിഞ്ഞു.കരയിലേക്ക് എത്തിച്ച ചേതനയറ്റ ശരീരങ്ങൾ കണ്ടപ്പോൾ അവരുടെ ദുഃഖം ഇരട്ടിയായി.
അച്ചൻകോവിലാറ്റിൽ മറിഞ്ഞ ചെന്നിത്തല പള്ളിയോടത്തിലെ തുഴച്ചിലുകാരനായ ചെന്നിത്തല കോയിക്കലേത്ത് രാധാകൃഷ്ണന്റെ മനസ്സിൽ നിന്ന് ഇപ്പോഴും ആ നിമിഷം മറയുന്നില്ല. പള്ളിയോടത്തിന്റെ ചുണ്ടിൽ സാധാരണ 9 മുതൽ 13 പേരാണു കയറുന്നത്. അപകടസമയത്ത് ചുണ്ടിൽ 14 പേരുണ്ടായിരുന്നു. മുൻപും പള്ളിയോടം മറിഞ്ഞിട്ടുണ്ടെങ്കിലും ദുരന്തം ഉണ്ടാകുന്നത് ആദ്യമാണെന്നു വർഷങ്ങളായി പള്ളിയോടത്തിൽ തിരുവാറന്മുള ദർശനത്തിനു പോകുന്ന മുൻ ക്യാപ്റ്റൻ കൂടിയായ രാധാകൃഷ്ണൻ പറഞ്ഞു.
''താഴേക്കു മുങ്ങിത്താണ അതുൽ എന്റെ കയ്യിൽ പിടിച്ചു വലിക്കുകയായിരുന്നു, വീണ്ടും വലിച്ചാൽ ഞാനും താഴ്ന്നു പോകുമെന്നു അറിയാവുന്നതു കൊണ്ടു താഴേക്ക് ഊളിയിട്ട് അവന്റെ മുടിയിൽ പിടിച്ചു മുകളിലേക്കു പൊങ്ങി.മറിഞ്ഞ പള്ളിയോടത്തിൽ പിടികിട്ടിയതിനാൽ രക്ഷിക്കാൻ സാധിച്ചു'' ഒരു ജീവൻ രക്ഷിക്കാനായതിന്റെ ആശ്വാസം രാധാകൃഷ്ണന്റെ വാക്കുകളിൽ നിറഞ്ഞിരുന്നു.
അതേസമയം പള്ളിയോടം ഒഴുക്കിൽ പെട്ടു മറിഞ്ഞു മകൻ അപകടത്തിൽപെട്ടിട്ടും ഒന്നുമറിയാതെ പള്ളിയോടക്കടവിൽ വഴിപാടു സ്വീകരിക്കുകയായിരുന്നു മരിച്ച ആദിത്യന്റെ പിതാവ് സതീഷ്‌കുമാർ. ചെന്നിത്തല പള്ളിയോടത്തിന്റെ മുഖ്യസംഘാടകരിലൊരാളായിരുന്നു സതീഷ്‌കുമാർ. പള്ളിയോടം പുറപ്പെട്ടപ്പോൾ സതീഷ്‌കുമാറും കടവിലുണ്ടായിരുന്നു. കടവിൽ നിന്ന് 200 മീറ്റർ അകലെയാണ് പള്ളിയോടം ഒഴുക്കിൽപെട്ടത്.
പള്ളിയോടം പടിഞ്ഞാറോട്ടു ഒഴുകി വരുന്നതു കണ്ടെങ്കിലും ഏകമകൻ അപകടത്തിൽപെട്ടത് അറിഞ്ഞിരുന്നില്ല. സംഘത്തിലുണ്ടായിരുന്ന രണ്ട് ആദിത്യന്മാരിൽ ഒരാളെയാണ് കാണാതായതെന്നാണ് അറിയിപ്പുണ്ടായത്. അതോടെ സതീഷ്‌കുമാറിന്റെ നെഞ്ചിടിപ്പു കൂടി.ഈ സമയത്ത് ഭാര്യ കല, സതീഷ്‌കുമാറിന്റെ മാതാവ് ശാന്തമ്മ എന്നിവരും സമീപത്തുണ്ടായിരുന്നു. ആശ്വാസവാക്കുകളുമായി ബന്ധുക്കളും സുഹൃത്തുക്കളും മറ്റുമെത്തിയെങ്കിലും പള്ളിയോടത്തിൽ നിന്നു മാറാൻ അവർ കൂട്ടാക്കിയില്ല.
അപകടമുണ്ടായപ്പോൾ മുതൽ രാത്രി വൈകി വെളിച്ചക്കുറവിലും രക്ഷാപ്രവർത്തകർക്ക് ഒപ്പം നാട്ടുകാർ കൂട്ടുനിന്നു. മന്ത്രിമാരായ പി.പ്രസാദ്, വീണാ ജോർജ്, എംഎൽഎമാരായ രമേശ് ചെന്നിത്തല, സജി ചെറിയാൻ, എം.എസ്.അരുൺകുമാർ, കലക്ടർ വി.ആർ.കൃഷ്ണതേജ, ജില്ലാ പൊലീസ് മേധാവി ജി.ജയ്‌ദേവ്, ചെങ്ങന്നൂർ ആർഡിഒ എസ്.സുമ എന്നിവരും സ്ഥലത്തെത്തി.
ആചാരപ്പെരുമയോടെ ഉത്തൃട്ടാതി ജലോത്സവത്തിനായി ആറന്മുളയ്ക്കു പുറപ്പെടാൻ ഒരുങ്ങവെയാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്.സ്ഥലത്തെത്തിയ മന്ത്രി പി.പ്രസാദ്, ബിജെപി ജില്ലാ പ്രസിഡന്റ് എം വിഗോപകുമാർ എന്നിവർ വെള്ളത്തിലിറങ്ങി പള്ളിയോടത്തിനടുത്തേക്കു ചെന്നു കാര്യങ്ങൾ ചോദിച്ചറിഞ്ഞു മടങ്ങിയിട്ടും തുഴച്ചിലുകാർ കരയിൽ കയറിയില്ല. ബ്രഡും കുപ്പിവെള്ളവും കരക്കാർ പള്ളിയോടത്തിലെത്തിച്ചു സ്‌നേഹപൂർവം നിർബന്ധിച്ചു കഴിപ്പിച്ചു.ഒപ്പമുണ്ടായിരുന്നവർ നഷ്ടമായ വേദനയിൽ ഓളപ്പരപ്പിലേക്കു നോക്കി അവർ ഇരിക്കുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ