- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ സുരക്ഷാ വ്യവസായത്തിലെ അതികായന്; 'കാപ്സി' ദേശീയ വൈസ് പ്രസിഡന്റ് തിരുവല്ല സ്വദേശി ക്യാപ്റ്റന്‍ ഷിബു ഐസക് ഓര്‍മയായി; നോവല്‍ രചയിതാവിന് പുറമേ വിജയ് സേതുപതിയുടെ ആദ്യചിത്രത്തിന്റെ നിര്‍മ്മാതാവും
ക്യാപ്റ്റന്‍ ഷിബു ഐസക് ഓര്‍മയായി
ചെന്നൈ: സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇന്‍ഡസ്ട്രി (CAPSI) ദേശീയ വൈസ് പ്രസിഡന്റ് ക്യാപ്റ്റന്‍ ഷിബു ഐസക് അന്തരിച്ചു. തിരുവല്ല സ്വദേശിയായ അദ്ദേഹത്തിന്റെ അന്ത്യം ചെന്നൈയില്‍ വച്ചായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
സുരക്ഷാ, അന്വേഷണ മേഖലയില്‍ വിദഗ്ധനായ പ്രമുഖ വ്യവസായി ആയിരുന്നു. 1987 ല്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ഡ് ഓഫീസറായി ഇന്ത്യന്‍ സൈന്യത്തില്‍ സേവനം ആരംഭിച്ച അദ്ദേഹം 1992 ല്‍ ക്യാപ്റ്റന്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. സൈന്യത്തിലിരിക്കെ, ശ്രീലങ്കയിലെ ഇന്ത്യന്‍ സമാധാന ദൗത്യ സേനയിലും അസമിലെ ഉള്‍ഫ പ്രശ്‌നത്തെ നേരിടാനുള്ള സേനയിലും ജമ്മു-കശ്മീരിലും മറ്റും അദ്ദേഹം സേവനം അനുഷ്ഠിച്ചു.
സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇന്‍ഡസ്ട്രി തമിഴ്‌നാട്, പോണ്ടിച്ചേരി ചാപ്റ്ററുകളുടെ സ്ഥാപക പ്രസിഡന്റാണ്. മേഖലയില്‍ പ്രൈവറ്റ് സെക്യൂരിറ്റി രംഗത്തെ കരുത്തുറ്റതാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ബോര്‍ഡ് ഓഫ് ദ സെക്യൂരിറ്റി സെക്റ്റര്‍ സ്‌കില്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍( SSSDC) അംഗമെന്ന നിലയില്‍ മേഖലയിലെ നൈപുണ്യ വികസനത്തിനും പരിശീലനത്തിനും സാരവത്തായ സംഭാവനകള്‍ ചെയ്തു.
ഫോഴ്‌സ് 1 ഗാര്‍ഡിംഗ് സര്‍വീസസ് പി. ലിമിറ്റഡ്' മാനേജിംഗ് ഡയറക്ടറായിരുന്നു. ആഗോള സുരക്ഷാ സമ്പ്രദായങ്ങളിലും, വ്യാവസായിക സുരക്ഷ, ബോഡി ഗാര്‍ഡിംഗ്, വാണിജ്യ ഗാര്‍ഡിംഗ് ബിസിനസ്സ് എന്നിവയിലും 15 വര്‍ഷത്തിലേറെ കാലത്തെ പരിചയമുണ്ടായിരുന്നു. കയ്യക്ഷര വിശകലനത്തിലും വിദഗ്ധനായിരുന്നു. ഇന്ത്യയിലെ സ്വകാര്യ സെക്യൂരിറ്റി ഗാര്‍ഡിംഗ്, കൊമേഴ്സ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബിസിനസില്‍ 2006-ലെ 'പ്രൊഫഷണല്‍ എക്സലന്‍സ് അവാര്‍ഡ്' അദ്ദേഹത്തിന് ലഭിച്ചു. സുരക്ഷാ മേഖലയിലെ സംഭാവനകള്‍ക്ക് ക്യാപറ്റ്ന്‍ ഷിബു ഐസക്കിനെ CAPSI സെക്യൂരിറ്റി പേഴ്‌സണാലിറ്റി ഓഫ് ദ ഇയര്‍ പുരസ്‌കാരം നല്‍കി ആദരിച്ചു.
സ്വന്തം വ്യവസായം തുടങ്ങും മുമ്പ് അദ്ദേഹം എം ആര്‍ എഫ്്, ഐ ഒ സി എല്‍, ഗ്രൂപ്പ് 4 എന്നീ സ്ഥാപനങ്ങളില്‍ സേവനം അനുഷ്ഠിച്ചിരുന്നു. 1999 ലാണ് അദ്ദേഹം സ്വന്തം സെക്യൂരിറ്റി സര്‍വീസസ് കമ്പനി ഫോഴ്‌സ്-1 ഗാര്‍ഡിംഗ് സര്‍വീസസ് തുടങ്ങി. തമിഴ്‌നാടിന് കേരളം, ബാംഗ്ലൂര്‍, ഹൈദരാബാദ്, ഗോവ, പൂനെ, ഡല്‍ഹി എന്നിവിടങ്ങളില്‍ ശാഖകളുണ്ട്.
പ്രൊഫഷണല്‍ ജീവിതത്തിന് പുറമേ, മികച്ച എഴുത്തുകാരന്‍ കൂടിയായിരുന്നു ക്യാപ്റ്റന്‍ ഷിബു ഐസക്. 'ബാറ്റില്‍ വണ്‍ ആന്‍ഡ് റൊമാന്‍സ് റീക്കിന്‍ഡില്‍ഡ്' എന്ന നോവല്‍ രചിച്ചിട്ടുണ്ട്. വിജയ് സേതുപതി ആദ്യമായി നായകനായ 'തെന്‍മേര്‍ക്കു പരുവകാട്ര് 'എന്ന തമിഴ് ചിത്രം നിര്‍മ്മിച്ച് അദ്ദേഹം സിനിമാ മേഖലയിലും മുദ്ര പതിപ്പിച്ചു.
സൂസന്‍ ഐസക്കാണ് ഭാര്യ. ഷെയ്ന്‍, ശീതള്‍ എന്നിവരാണ് മക്കള്‍.