മൂവാറ്റുപുഴ: വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറോന പള്ളി വികാരി ഫാ. ജോസഫ് കുഴികണ്ണിയിലിനെ പള്ളിക്ക് സമീപമുള്ള കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് പള്ളിയുടെ പാചക പുരയോടു ചേര്‍ന്നുള്ള കെട്ടിടത്തില്‍ ഫാ. ജോസഫിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പള്ളിയില്‍ നിന്നു വിവരമറിഞ്ഞെത്തിയ വിശ്വാസികള്‍ ഉടന്‍ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം മൂവാറ്റുപുഴ നിര്‍മല മെഡിക്കല്‍ സെന്റര്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബുധനാഴ്ച നടന്ന വാഴക്കുളം സര്‍വീസ് സഹകരണ ബാങ്ക് ശതാബ്ദി ആഘോഷങ്ങളില്‍ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. വികാരിയുടെ മരണത്തിലേക്ക് നയിച്ചതെന്തെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

അതേസമയം കോട്ടയം രാമപുരത്ത് കന്യാസ്ത്രീ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് ഒരാഴ്ച്ച മുമ്പാണ്. കാഞ്ഞിരപ്പള്ളി സ്വദേശിയായ ആന്‍ മരിയയെ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആന്‍ മരിയയ്ക്ക് ഓര്‍മ്മകുറവും ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുവെന്ന് ഒപ്പമുള്ള കന്യാസ്ത്രീകള്‍ പറയുന്നത്.

പുതുവേലി മോണിങ് സ്റ്റാര്‍ മഠത്തിലെ മുറിയിലാണ് കന്യാസ്ത്രീ തൂങ്ങി മരിച്ചത്. ഒപ്പമുള്ള കന്യാസ്ത്രീകളാണ് സിസ്റ്റര്‍ ആന്‍ മരിയയെ മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് രാമപുരം പൊലീസിനെ വിവരമറിയിച്ചു. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടരുകയാണ്.