ബംഗളൂരു: വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനുമായ സി.ജെ. റോയിക്ക് വിട നല്‍കി ഉറ്റവരും സുഹൃത്തുക്കളും.കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബെന്നാര്‍ഘട്ട റോഡ് കല്‍ക്കെരെയിലുള്ള നേച്ചേഴ്‌സ് ലക്ഷ്വറി കാസ്കേഡ് റിസോര്‍ട്ടിലായിരുന്നു സംസ്കാരം. ഇവിടെ അന്ത്യവിശ്രമം കൊള്ളണമെന്നതായിരുന്നു റോയിയുടെ ആഗ്രഹം. സിനിമാ-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ അദ്ദേഹത്തിന് അവസാനമായി ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നു.

രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ ഇവിടെ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. 2.30ന് കല്‍ക്കെരെ സെന്റ് ജോസഫ്‌സ് പള്ളിയിലെ ശുശ്രൂഷയ്ക്ക് ശേഷമാണ് സംസ്‌കാരം നടനടന്നത്. ഇന്നലെ സംസ്‌കാരം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ ബന്ധുക്കള്‍ അടക്കമുള്ളവര്‍ വിദേശത്ത് നിന്നും എത്തേണ്ടതിനാല്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. റോയിയുടെ അമ്മയും ഭാര്യയും മക്കളും അടുത്ത ബന്ധുക്കളും ഉൾപ്പെടെയുള്ളവർ നിറക്കണ്ണുകളോടെയാണ് റോയിക്ക് അന്ത്യയാത്ര നൽകിയത്. റോയ് സ്വയം വെടിയുതിർത്ത് മരിച്ച കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോർപറേറ്റ് ഓഫിസിനു മുന്നിൽ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര അൽപനേരം നിർത്തിയിരുന്നു. കർണാടക ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി, നിർമാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ വി.കെ.പ്രകാശ്, അവതാരകൻ മിഥുൻ രമേശ് ഉൾപ്പെടെ രാഷ്ട്രീയ–സാമൂഹിക–സാംസ്കാരിക രംഗത്തെ നിരവധി പേർ അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചു.

അതേസമയം, പൊലീസ് കോൺഫിഡന്റ് ഗ്രൂപ്പിലെ ജീവനക്കാരുടെ മൊഴിയെടുത്തിരുന്നു. ഹലസുരുവിലെ ഹോട്ടലിലേക്ക് വിളിപ്പിച്ചാണ് മൊഴിയെടുത്തത്. കുടുംബാംഗങ്ങളുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. സി ജെ റോയിയുടെ പണമിടപാടുകളും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. ഐടി ഉദ്യോഗസ്ഥർക്ക് മുന്നിൽ നിന്ന് അമ്മയെ ഫോൺ ചെയ്യാൻ എന്ന് പറഞ്ഞാണ് സി ജെ റോയ് മടങ്ങിയതെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.

അതുകൊണ്ടുതന്നെ മരണത്തിനു മുമ്പ് അമ്മയുമായി സംസാരിച്ചിരുന്നോ എന്നും പൊലീസ് പരിശോധിക്കുകയാണ്. സ്വയം വെടിയുതിർത്തത് സൈലൻസർ പിടിപ്പിച്ച തോക്കിൽ നിന്നുമാണ്. വെടിയൊച്ച പുറത്ത് കേട്ടില്ലെന്നാണ് ജീവനക്കാരുടെ മൊഴി. വെടിയുണ്ട തറച്ചത് ഹൃദയത്തിനും ശ്വാസകോശത്തിനും ഇടയിലാണ്. ക്ലോസ് റേഞ്ചിൽ നിന്ന് വെടിയുതിർത്തു എന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

കര്‍ണാടക സര്‍ക്കാര്‍ ഡി.ഐ.ജി വംശികൃഷ്ണയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിനാണ് അന്വേഷണച്ചുമതല. ജോയിന്റ് കമ്മിഷണറും രണ്ട് എസ്.പിമാരും സംഘത്തിലുണ്ട്. ഇതിനൊപ്പം കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികളും സമാന്തര അന്വേഷണം നടത്തുന്നുണ്ട്. പരിശോധനയ്ക്കിടെ സ്വയം വെടിയുതിര്‍ത്ത് മരിക്കാന്‍ തക്കമായ ഒന്നും സംഭവദിവസം ഓഫീസില്‍ സംഭവിച്ചിട്ടില്ലെന്നാണ് ആദായനികുതി വകുപ്പിന്റെ റിപ്പോര്‍ട്ട്. റെയ്ഡിനെത്തുടര്‍ന്ന് കടുത്ത മാനസികസമ്മര്‍ദ്ദം നേരിടേണ്ടിവന്നതായും അതാണ് മരണത്തിലേക്ക് തള്ളിവിട്ടതെന്നും സഹോദരന്‍ സി.ജെ.ബാബു ആരോപിച്ചിരുന്നു.

ആദായ നികുതി വകുപ്പിന്റെ മാനസിക പീഡനമാണെന്ന വാദങ്ങളെ തള്ളിക്കളയുന്ന വിധത്തിലാണ് കാര്യങ്ങളുടെ പുരോഗതി. മരണത്തിന് തൊട്ടുമുന്‍പ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിട്ടില്ലെന്ന് കേസ് അന്വേഷിക്കുന്ന പോലീസും വ്യക്തമാക്കുന്നു. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുമായി തര്‍ക്കം ഉണ്ടായിട്ടില്ല. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ആസ്ഥാനത്ത് നിന്ന് പിടിച്ചെടുത്ത സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. അത്തരത്തില്‍ റോയിയെ ഉടന്‍ പ്രകോപിപ്പിക്കുന്ന വിധത്തില്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നാണ് അന്വേഷണത്തില്‍ വ്യക്തമാക്കുന്നത്.