- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുസാറ്റ് അപകടം: സാറ തോമസിന് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും; പൊതുദർശനം താമരശ്ശേരി അൽഫോൻസാ സ്കൂളിൽ; സാറയുടെ സംസ്കാരം നാളെ; ആൻ റിഫ്ത റോയിയുടെ സംസ്കാരം ചൊവ്വാഴ്ച; അതുൽ തമ്പിയും ആൽബിനും ഇനി ഓർമകളിൽ
കോഴിക്കോട്: കുസാറ്റ് ദുരന്തത്തിൽ മരിച്ച വിദ്യാർത്ഥിനി സാറാ തോമസിന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും അന്തിമോപചാരം അർപ്പിച്ചു. മന്ത്രിമാരായ വി ശിവൻകുട്ടി, സജി ചെറിയാൻ, വീണാ ജോർജ്, മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിൻ, കെ രാജൻ, പി പ്രസാദ്, ആന്റണി രാജു തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
സാറ പഠിച്ച താമരശ്ശേരി അൽഫോൻസാ സ്കൂളിൽ വെച്ച് നടന്ന പൊതുദർശനത്തിലായിരുന്നു മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും എത്തിയത്. കൊടുവള്ളിയിലേക്കുള്ള യാത്രാമധ്യേയാണ് നവകേരള സദസ്സിനായി പ്രത്യേകം തയാറാക്കിയ ബസ്സിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സാറയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ താമരശേരിയിൽ എത്തിയത്. സാറയുടെ സംസ്കാരം നാളെ നടക്കും.കുടുംബാംഗങ്ങളുടെയും നാടിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. പരിക്കേറ്റവർക്ക് മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പു വരുത്താൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചിരുന്നു. ദുഃഖസൂചകമായി ഞായറാഴ്ച നവകേരള സദസ്സോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കിയിരുന്നു.
അതേസമയം, ദുരന്തത്തിൽ മരിച്ച മറ്റൊരു വിദ്യാർത്ഥി അതുൽ തമ്പിയുടെ മൃതദേഹം സംസ്കരിച്ചു. കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ കെ.എം.തമ്പിയുടെ മകനാണ് അതുൽ തമ്പി. കുസാറ്റിൽ സ്കൂൾ ഓഫ് എൻജിനീയറിങ് വിദ്യാർത്ഥിയായിരുന്നു. കൂത്താട്ടുകുളം വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിലായിരുന്നു സംസ്കാരച്ചടങ്ങുകൾ.
പാലക്കാട് മുണ്ടൂർ എഴക്കാട് കോട്ടപ്പള്ളം തൈപ്പറമ്പിൽ സ്വദേശി ആൽബിൻ ജോസഫിന്റെ സംസ്കാരച്ചടങ്ങുകൾ വൈകീട്ടോടെ നടന്നു. മൈലമ്പിള്ളി പള്ളി സെമിത്തേരിയിലാണ് സംസ്കാരച്ചടങ്ങുകൾ നടത്തിയത്.അപകടത്തിൽ മരിച്ച മറ്റൊരു വിദ്യാർത്ഥി പറവൂർ സ്വദേശിനി ആൻ റിഫ്ത റോയിയുടെ സംസ്കാരം ചൊവ്വാഴ്ചയാണ്.
കളമശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാംപസിൽ ടെക്ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലു പേരാണ് മരിച്ചത്. സ്കൂൾ ഓഫ് എൻജിനീയറിങ് വിദ്യാർത്ഥികളായ കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ കെ.എം.തമ്പിയുടെ മകൻ അതുൽ തമ്പി (21), പറവൂർ കുറുമ്പത്തുരുത്ത് കോണത്ത് വീട്ടിൽ കെ.ജി.റോയിയുടെ മകൾ ആൻ റിഫ്ത റോയി (21), കോഴിക്കോട് താമരശേരി കോരങ്ങാട് തുവ്വക്കുന്നിൽ താമസിക്കുന്ന വയലപ്പള്ളിൽ തോമസ് സ്കറിയയുടെ മകൾ സാറ തോമസ് (20), ഇലക്ട്രിഷ്യനായ, പാലക്കാട് മുണ്ടൂർ എഴക്കാട് കോട്ടപ്പള്ളം തൈപ്പറമ്പിൽ ജോസഫിന്റെ മകൻ ആൽബിൻ ജോസഫ് (23) എന്നിവരാണു തിക്കിലും തിരക്കിലുംപെട്ടു മരിച്ചത്. അപകടത്തിൽ 66 പേർക്ക് പരുക്കേറ്റിരുന്നു. പരുക്കേറ്റ 4 പേരുടെ നില ഗുരുതരമാണ്.
അവിചാരിത ദുരന്തമെന്ന് മുഖ്യമന്ത്രി
ആഘോഷപരിപാടി നടക്കുന്നതിനിടെയുണ്ടായ അവിചാരിത ദുരന്തമാണ് കുസാറ്റിലേത്. നാലുപേരാണ് മരിച്ചത്. നിരവധി പേരാണ് ചികിത്സയിലുള്ളത്. രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇത്തരമൊരു അവിചാരിത ദുരന്തമുണ്ടായപ്പോൽ എല്ലാവരും അങ്ങോട്ട് ഓടിയെത്തി. സാധാരണ ഇത്തരം കാര്യങ്ങൾ സംഭവിക്കുമ്പോൾ ഓടിയെത്തുന്ന എല്ലാവരും അങ്ങോട്ട് ഒരേ മനസ്സോടെ എത്തി.
മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിനൊപ്പം താനും മന്ത്രിസഭയും പങ്കുചേരുകയാണ്. വിവരം അറിഞ്ഞ ഉടനെ തന്നെ മണ്ഡലത്തിലെ പ്രതിനിധിയായ വ്യവസായ മന്ത്രി പി. രാജീവ്, ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു എന്നിവർ അവിടെ എത്തി. എല്ലാ കാര്യങ്ങളും ഏകോപിപ്പിച്ച് അവർ അവിടെയുണ്ട്. നാടിന്റെ ദുഃഖത്തിൽ പങ്കുചേരുകയാണ്. ഇത്തരം പരിപാടികൾ നടക്കുമ്പോൾ പാലിക്കേണ്ട മാർഗ നിർദ്ദേശങ്ങൾ ഉണ്ട്. അതിൽ ആവശ്യമെങ്കിൽ കാലോചിതമായ മാറ്റം വരുത്തും. എല്ലാ വശങ്ങളും പരിശോധിച്ച് സർക്കാർ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ