ചെന്നൈ: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ (ഐസിജി) ഡയറക്ടര്‍ ജനറല്‍ രാകേഷ് പാല്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ചെന്നൈയില്‍ വെച്ച് ഔദ്യോഗിക പരിപാടിക്കിടെയായിരുന്നു ഹൃദയാഘാതമുണ്ടായത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ ചെന്നൈ സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങളെ കുറിച്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുന്നതിനിടെയാണ് ഐഎന്‍എസ് അഡയാറില്‍ വെച്ച് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടത്.

ഉച്ചയ്ക്ക് 2.30 ഓടെ രാജീവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ആശുപത്രിയില്‍ (ആര്‍ജിജിജിഎച്ച്) എത്തിച്ചെങ്കിലും രാത്രി 7 മണിയോടെ മരിച്ചു. രാജ്നാഥ് സിങ് ആശുപത്രിയിലെത്തി അദ്ദേഹത്തിന് രാകേഷ് പാലിന് അന്തിമോപചാരമര്‍പ്പിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അടക്കമുള്ളവര്‍ ചെന്നൈയിലെ ആശുപത്രിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭൗതികശരീരം ഡല്‍ഹിയിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ജൂലായ് 19-നാണ് കോസ്റ്റ് ഗാര്‍ഡിന്റെ 25-ാമത് ഡി.ജിയായി രാകേഷ് പാല്‍ ചുമതലയേറ്റത്. 34 വര്‍ഷത്തെ സേവനത്തിനിടെ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലെ വിവിധ പദവികള്‍ അലങ്കരിച്ചിട്ടുണ്ട് അദ്ദേഹം. നേവല്‍ അക്കാദമിയില്‍ നിന്ന് പഠിച്ചിറങ്ങിയ അദ്ദേഹം 1989ലായിരുന്നു തീരദേശ സേനയുടെ ഭാഗമായത്. നീണ്ട കരിയറിനിടെ വിവിധ ചുമതലകള്‍ നിര്‍വഹിച്ചിരുന്നു.

സമുദ്രമാര്‍ഗം കടത്താന്‍ ശ്രമിച്ച, കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നും സ്വര്‍ണവും പിടികൂടിയത് ഉള്‍പ്പെടെ നിരവധി സുപ്രധാന ദൗത്യങ്ങള്‍ രാകേഷ് പാലിന് കീഴില്‍കോസ്റ്റ് ഗാര്‍ഡ് നടത്തിയിട്ടുണ്ട്. തത്രക്ഷക് മെഡല്‍, പ്രസിഡന്റിന്റെ തത്രക്ഷക് മെഡല്‍, അതിവിശിഷ്ട സേവാ മെഡല്‍ എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.