പത്തനംതിട്ട: സിപിഎമ്മിന്റെ ഒരു ബ്രാഞ്ച് സെക്രട്ടറി പോലും ലക്ഷങ്ങൾ സമ്പാദിച്ച് രാജാവായി വിലസുന്ന ഇക്കാലത്ത് ഒരു ഏരിയാ സെക്രട്ടറി സാമ്പത്തിക ബാധ്യതയും കുടുംബ പ്രശ്നങ്ങളും മൂലം ജീവനൊടുക്കി. പത്തനംതിട്ട ഏരിയാ സെക്രട്ടറി പി.ആർ. പ്രദീപാ(46)ണ് പാർട്ടി ഓഫീസിൽ തന്നെ ജീവിതം അവസാനിപ്പിച്ചത്. സിപിഎമ്മിലെ സൗമ്യമുഖമായിരുന്നു പ്രദീപ്. ഭരണത്തണലും അധികാരവും തലയ്ക്ക് പിടിക്കാത്ത ചുരുക്കം ചില നേതാക്കളിൽ ഒരാൾ.

വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ ഇലന്തൂർ-ഇലവുംതിട്ട റൂട്ടിൽ വലിയവട്ടം ബ്രാഞ്ച് കമ്മറ്റി ഓഫീസിലാണ് മൃതദേഹം കണ്ടത്. സാമ്പത്തിക ബാധ്യതയാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇതിനുമപ്പുറം എന്തെകിലും ഉണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച വൈകിട്ട് മൂന്നിന് ഏരിയാ കമ്മിറ്റി യോഗം വിളിച്ചിരുന്നു. യോഗം വിളിച്ച പ്രദീപ് തന്നെ വിളിച്ച പങ്കെടുക്കാൻ എത്താതിരുന്നതോടെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. പ്രവർത്തകർ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ: ശ്രുതി (അദ്ധ്യാപിക). മക്കൾ: ഗോവിന്ദ് (10ാം ക്ലാസ്), ഗൗരി (ഏഴാം ക്ലാസ്).

ഡിവൈ.എസ്‌പി എസ്. നന്ദകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇലന്തുർ പുളിച്ചാനാൽ രാധാകൃഷ്ണൻ നായരുടെയും ശ്രീനാരായണമംഗലം ഓമന അമ്മയുടെയും മകനാണ്. എസ് എഫ് ഐ യിലൂടെ ഇടതു രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച പ്രദീപ് ജില്ലാ വൈസ് പ്രസിഡന്റ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, കർഷക സംഘം സംസ്ഥാന സമിതി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഇലന്തുർ ബ്ലോക്ക് പഞ്ചായത്ത് അംഗമായിയിരുന്നു.

10 വർഷമായി ഇലന്തൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റാണ്. പത്തനംതിട്ടയിൽ എൽ.ഡി.എഫിന്റെ യുവ മുഖങ്ങളിൽ പ്രമുഖനായിരുന്നു.സഹകരണ രംഗത്തും ജില്ലയിൽ സജീവ സാന്നിധ്യമായിരുന്ന പ്രദീപ് ജില്ലാ സഹകരണ ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടറായും പ്രവർത്തിച്ചു. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. രാവിലെ 7.30 ന് സിപിഎം ഏരിയ കമ്മറ്റി ഓഫീസിലും ഒമ്പതിന് ഇലന്തൂർ സർവീസ് സഹകരണ സംഘത്തിലും പൊതുദർശനത്തിന് വയ്ക്കും.

വിദ്യാർത്ഥി, യുവജന സംഘടന പ്രവർത്തനത്തിലൂടെയാണ് പ്രദീപ് പൊതുപ്രവർത്തന രംഗത്ത് സജീവമായത്. ഇലന്തൂർ ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്നു. കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റുമായിരുന്നു. പിന്നീട് സെന്റ് തോമസ് കോളേജ് യൂണിയൻ ചെയർമാനുമായി. എസ്എഫ്ഐ പത്തനംതിട്ട ഏരിയാ സെക്രട്ടറി, ജില്ലാ ജോയിന്റ് സെക്രട്ടറി, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചു.

സിപിഎം പത്തനംതിട്ട ഏരിയാ കമ്മിറ്റിയംഗമായി 12 വർഷത്തോളമായി പ്രവർത്തിക്കുന്നു. 2021 നവംബറിൽ നടന്ന സമ്മേളനത്തിലാണ് പാർട്ടി ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. ഇ എം എസ് ഇലന്തൂർ സഹകരണ ആശുപത്രി ഡയറക്ടർ ബോർഡംഗവും ഇലന്തൂർ 460ാം നമ്പർ സർവീസ് സഹകരണ സംഘത്തിന്റെ പ്രസിഡന്റായി മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ട് പ്രവർത്തിച്ചുവരികയായിരുന്നു പ്രദീപ്.