മട്ടന്നൂർ: മുത്തച്ഛന്റെയും പേരക്കുട്ടിയുടെയും മരണം ഉരുവച്ചാൽ ഗ്രാമത്തെ കണ്ണീരിലാഴ്‌ത്തി. ഉരുവച്ചാൽ മഞ്ചേരിപൊയിലിലെ ചോടോൻ അരവിന്ദാക്ഷന്റെയും പേരക്കുട്ടി ഷാരോണിന്റെയും മരണവാർത്തയാണ് നാടിനെ സങ്കടക്കടലിലാഴ്‌ത്തിയത്. വെള്ളിയാഴ്‌ച്ച പുലർച്ച മൂന്നേമുക്കാലിന് മെരുവമ്പായിയിലുണ്ടായ അപകടമാണ് ഇരുവരുടെയും ജീവൻ കവർന്നത്. കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ പോയിമടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്.

അരവിന്ദാക്ഷന്റെ മകൻ അനീഷിന്റെ ഭാര്യ ശിൽപയും മകൾ ആരാധ്യയും ദുബായിൽ നിന്നും നാട്ടിലേക്ക് വരുന്നതിനാൽ വിമാനത്താവളത്തിലേക്ക് ഇവരെ കൂട്ടിക്കൊണ്ടു പോയതായിരുന്നു. ഇവരെ കൂട്ടിക്കൊണ്ടു മടങ്ങുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച ടവേര വാൻ നിയന്ത്രണം വിട്ടു മെരുവമ്പായി പാലത്തിന് സമീപത്തെ കലുങ്കിലിടിച്ചത്. കലുങ്കിലിടിച്ചുകയറിയ വാഹനത്തിൽ നിന്നും യാത്രക്കാരെ കൂത്തുപറമ്പിൽ നിന്നുമെത്തിയ അഗ്നിശമന സേനാവിഭാഗവും നാട്ടുകാരുമാണ് ആശുപത്രിയിലെത്തിച്ചത്.

വ്യാഴാഴ്‌ച്ച വൈകുന്നേരമാണ് അരവിന്ദാക്ഷനും കുടുംബവും വിമാനതാവളത്തിലേക്ക് പോയത്. വാഹനം അപകടത്തിൽപ്പെട്ടതായും കുട്ടിയുൾപ്പെടെ രണ്ടു പേർ മരിച്ചതായുമുള്ള വാർത്ത ഞെട്ടലോടെയാണ് ഉരുവച്ചാൽ ഗ്രാമമറിഞ്ഞത്. വീട്ടിലേക്കുള്ള വഴിയിൽ മൂന്ന് കിലോമീറ്റർ ദൂരം മാത്രമുള്ളപ്പോഴാണ് ഇരുവരുടെയും ജീവൻ ദുരന്തത്തിൽ പൊലിഞ്ഞത്. അപകടവിവരമറിഞ്ഞ് നാട്ടുകാർ സംഭവസ്ഥലത്തും ആശുപത്രിയിലും ഓടിയെത്തിയിരുന്നു.

മരിച്ച അരവിന്ദാക്ഷൻ നീർവേലി സ്‌കൂളിലെ പ്യൂണായിരുന്നു. ഷാരോൺ കുഴിക്കൽ എൽ.പി സ്‌കൂളിൽ നിന്നും പാസായി ആറാംതരത്തിൽ ചേരാനിരിക്കുകയായിരുന്നു. അപകടത്തിൽ ഡ്രൈവർ ഉൾപ്പെടെ ഏഴുപേർക്കാണ് പരുക്കേറ്റത്. മരണമടഞ്ഞ കുഴിക്കൽ മഞ്ചേരി പൊയിൽ അരവിന്ദാക്ഷൻ(65) പേരമകൻ ഷാരോൺ(16) എന്നിവർ കൊല്ലപ്പെടുകയും ടവേര ഡ്രൈവർ അഭിഷേക്, അരവിന്ദാക്ഷന്റെ ഭാര്യ സ്വയംപ്രഭ(55)മകൻ ഷിനു(40)ധനുഷ(30) ശിൽപ(34) ആരാധ്യ(12)സിദ്ദാർത്ഥ്, സൗരവ് എന്നിവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സ്‌കൂൾ വേനൽ അവധി കഴിഞ്ഞു ലീവിൽ ഒരുമാസം മുൻപാണ് ശിൽപയും മകളും ഗൾഫിലേക്ക് പോയത്. നീർവേലി യു.പി സ്‌കൂട്ടിലെ റിട്ട. പ്യൂണാണ് മരണമടഞ്ഞ അരവിന്ദാക്ഷൻ. പരേതരായ വിമുക്തഭടൻ ഗോപാലകുറുപ്പിന്റെയും മാതുവിന്റെയും മകനാണ്. ഭാര്യ: സ്വയംപ്രഭ. മക്കൾ: ഷിനു(റെയിൽവേപോർട്ടർ) അനീഷ്(ഗൾഫ്) മരുമക്കൾ': ശിൽപ, ധനുഷ, ഷിനു-ശിൽപ ദമ്പതികളുടെ മകനാണ് ഷാരോൺ. സഹോദരങ്ങൾ: സിദ്ദാർത്ഥ്, സൗരവ്.