- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രീഡിഗ്രിയെ പ്രത്യേക ബോർഡാക്കിയ നിർദ്ദേശം; സ്വാശ്രയ സർവ്വകലാശാലയ്ക്ക് വേണ്ടി വാദിച്ചപ്പോൾ കൊച്ചു മകളെ വരെ കല്ലെറിഞ്ഞവർ പിന്നീട് എല്ലാം ഏറ്റെടുത്തു; ഹൈസ്കൂൾ അദ്ധ്യാപകനിൽ നിന്നും വൈസ് ചാൻസലറായ പാണ്ഡിത്യം; ഡോ എ സുകുമാരൻ നായർ പകരക്കാരില്ലാത്ത വിദ്യാ വിചക്ഷണൻ
തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് മികവിന്റെ പരിഷ്കാരങ്ങൾക്കു നേതൃത്വം കൊടുത്ത വ്യക്തിത്വമാണ് ഡോ. എ.സുകുമാരൻ നായർ. തന്റെ നയങ്ങളെ എതിർത്തവർതന്നെ പിന്നീട് അവ മറ്റു പേരുകളിൽ നടപ്പാക്കിയപ്പോൾ പുഞ്ചിരിച്ച വ്യക്തി. കാര്യവട്ടം തുണ്ടത്തിൽ ഹൈസ്കൂളിൽ അദ്ധ്യാപകനായാണ് ഡോ. എ.സുകുമാരൻ നായർ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. അവിടെ നിന്ന് വൈസ് ചാൻസലർ പദവി വരെ എത്തി.
യുജിസി. നിർദേശപ്രകാരം കോേളജ് തലത്തിൽനിന്ന് പ്രീഡിഗ്രി വേർപെടുത്താനായി അന്നത്തെ മന്ത്രി ടി.എം.ജേക്കബ്ബാണ് ഡോ. എ.സുകുമാരൻ നായർ ചെയർമാനായ കമ്മിഷനെ നിയോഗിച്ചത്. പ്രീഡിഗ്രി ഒരു പ്രത്യേക ബോർഡിനു കീഴിലാക്കണമെന്ന കമ്മിഷന്റെ നിർദ്ദേശം സമരമായി. അന്ന് അത് നടപ്പായില്ല. പിന്നീട് അതേ റിപ്പോർട്ട് പ്ലസ് ടുവായി. എം.ജി. സർവകലാശാല വി സി. ആയിരുന്ന കാലത്ത് കേരളത്തിൽ സ്വാശ്രയ വിദ്യാഭ്യാസത്തിന്റെ മാതൃകയും അതരിപ്പിച്ചു. അതും ആരും അംഗീകരിച്ചില്ല. ഇന്ന് കേരളത്തിലെ മുക്കിലും മൂലയിലും സ്വാശ്രയ കോളേജുകൾ. സ്വാശ്രയ വിദ്യാഭ്യാസത്തിനായി സുകുമാരൻ നായർ മുന്നോട്ട് വച്ച നിർദ്ദേശത്തിൽ അണപൊട്ടിയ പ്രതിഷേധം സുകുമാരൻനായരുടെ വീടിനുനേരേയുള്ള കല്ലേറുവരെയെത്തി. വിദ്യാർത്ഥി സംഘടനാ പ്രവർത്തകരുടെ ആ കല്ലേറിൽ ചെറുമകൾ ഗൗരിക്കു പരിക്കും പറ്റി.
പ്രക്ഷുബ്ധമായ വിദ്യാഭ്യാസരംഗത്ത് കാലികവും പ്രായോഗികവുമായ മാറ്റങ്ങൾ വേണമെന്ന് നിരന്തരം വാദിച്ച വ്യക്തിയാണ് അദ്ദേഹം. പ്രീഡിഗ്രി വേർപെടുത്തൽ, സ്വാശ്രയ കോളേജ് വിദ്യാഭ്യാസം, സ്വകാര്യസർവകലാശാലകൾ, വിദേശസർവകലാശാലകൾ തുടങ്ങിയ കാര്യങ്ങളിൽ അദ്ദേഹത്തിന് വ്യക്തമായ നിലപാടുണ്ടായിരുന്നു. സർക്കാർമേഖലയ്ക്ക് വിദ്യാഭ്യാസരംഗത്ത് മുതൽമുടക്കാനുള്ള ശേഷികുറയുന്ന സാഹചര്യത്തിൽ, സ്വകാര്യമേഖലയുടെ സഹായത്തോടെ നിക്ഷേപം വർധിപ്പിക്കണമെന്നതായിരുന്നു നിർദ്ദേശം. ഇതെല്ലാം അന്ന് ഇടതുപക്ഷം എതിർത്തു. ഇപ്പോൾ അതെല്ലാം അവർ തന്നെ ചെയ്യുന്നു.
എജുക്കേഷൻ സൈക്കോമെട്രിക് എന്ന ശാഖയുടെ പരിചയപ്പെടുത്തലും പാഠപുസ്തക പരിഷ്കരണത്തിലെ ഇടപെടലുകളും വരെ സുകുമാരൻ നായരുടെ പേരിലുണ്ട്. രണ്ടുവർഷംകൊണ്ട് പത്ത്് ഡിവിഷനുകളിലെ പാഠപുസ്തകം പരിഷ്കരിച്ചും മികവ് കാട്ടി. അർപ്പണ ബോധമായിരുന്നു ഇതിന് കാരണം. അഞ്ചു വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഇദ്ദേഹത്തിന്റെ പ്രധാന മേഖല ഗണിതമാണെങ്കിലും മറ്റു ശാസ്ത്രങ്ങളും എൻജിനിയറിങ്ങുമൊക്കെ അറിയാമായിരുന്നു. മകൻ ഡോ അച്യുത് ശങ്കറും അച്ഛന്റെ വഴിയേ അദ്ധ്യാപനത്തിൽ മകിവ് കാട്ടി.
സംഗീതവും സുകുമാരൻ നായർക്ക് വഴങ്ങി. സംഗീതജ്ഞനും വീണ വാദകനുമായിരുന്നു. ഈ പാരമ്പര്യം പിൻപറ്റിയാണ് ഡോ. അച്യുത് ശങ്കർ സംഗീതലോകത്തെയും കൂട്ടുപിടിക്കുന്നത്. സഹോദരനും ലോക പ്രശസ്ത ചിത്രകാരനും പത്മഭൂഷൺ ജേതാവുമായ എ.രാമചന്ദ്രനും സംഗീതജ്ഞനാണ്. അൻപതോളം പിഎച്ച്.ഡി. വിദ്യാർത്ഥികൾക്ക് ഗൈഡായി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം ഗണിതശാസ്ത്രം, വിദ്യാഭ്യാസം, സോഷ്യോളജി, പൊളിറ്റിക്സ്, സൈക്കോളജി എന്നിവയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.
വഞ്ചിയൂർ ഹരിമന്ദിരത്തിൽ ഇന്നലെ പുലർച്ചെ 5 മണിയോടെയായിരുന്നു അന്ത്യം. കേരള യൂണിവേഴ്സിറ്റിയിൽ പ്രൊ വൈസ് ചാൻസലർ, കേരള, കാലിക്കറ്റ് സർവകലാശാലകളിൽ വിവിധ വകുപ്പുകളിൽ പ്രൊഫസർ, ഡീൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷൻ, എൻ.സി.ആർ.ടി എന്നിവയിൽ വിദഗ്ദ്ധസമിതി അംഗമായിരുന്നു. കാര്യവട്ടം തുണ്ടത്തിൽ ഹൈസ്കൂൾ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.വിവാദമായ പ്രീഡിഗ്രി ബോർഡ് നടപ്പിലാക്കാൻ ശുപാർശ ചെയ്ത വൈസ്ചാൻസലർമാരുടെ സമിതിയുടെ കൺവീനറായിരുന്നു. എല്ലാവർക്കും കുറഞ്ഞചെലവിൽ ഉന്നതവിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ സ്വാശ്രയ സർവകലാശാല എന്ന ആശയവും ആവിഷ്കരിച്ചു.
എജ്യുക്കേഷണൽ സൈക്കോമെട്രി എന്ന വിഷയത്തിൽ ദേശീയതലത്തിൽ അംഗീകാരമുണ്ടായിരുന്ന ഗവേഷകനായിരുന്നു. വിദ്യാഭ്യാസ മനഃശാസ്ത്രത്തിൽ പണ്ഡിതനായിരുന്ന ബെഞ്ചമിൻ ബ്ലൂമിന്റെ കീഴിൽ അമേരിക്കയിൽ പരിശീലനം നേടിയിട്ടുള്ള ഇദ്ദേഹം രൂപകൽപന ചെയ്ത മനഃശാസ്ത്ര പുസ്തകങ്ങൾ ബി.എഡ് കോഴ്സുകളിൽ ഉപയോഗിക്കുന്നുണ്ട്.
ഭാര്യ: കോമളം എസ്.നായർ (റിട്ട.ഹെഡ്മിസ്ട്രസ്). മക്കൾ:ശിവശങ്കർ എസ്.നായർ (റിട്ട. ഗണിതശാസ്ത്ര അസിസ്റ്റന്റ് പ്രൊഫസർ), രവിശങ്കർ എസ്.നായർ (റിട്ട.ലിങ്വിസ്റ്റിക് പ്രൊഫസർ, കേന്ദ്രസർവകലാശാല, കാസർകോട്), അച്യുത് ശങ്കർ എസ്.നായർ (സി- ഡിറ്റ് മുൻ ഡയറക്ടർ, കേരളസർവകലാശാല പ്രൊഫസർ), ഉദയശങ്കർ എസ്.നായർ ( പ്രൊഫസർ,അലബാമ സർവകലാശാല). മരുമക്കൾ: വിമല (റിട്ട.ബി.എസ്.എൻ.എൽ),ഹേമ (റിട്ട. അദ്ധ്യാപിക, ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജ്),മേരി നായർ (കമ്പ്യൂട്ടർ പ്രോഗ്രാമർ).
മറുനാടന് മലയാളി ബ്യൂറോ