കൊച്ചി: ഇന്ത്യയിലെ വൈദ്യശാസ്ത്ര ചരിത്രത്തില്‍ സുവര്‍ണ്ണലിപികളാല്‍ എഴുതപ്പെട്ട പേരാണ് ഡോ. കെ.വി. ജോണിയുടേത്. രാജ്യത്തെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഈ പ്രശസ്ത നെഫ്രോളജിസ്റ്റ് വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. നിലവില്‍ വിപിഎസ് ലേക്ഷോര്‍ ആശുപത്രി ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഇതിനിടെയാണ് മരണം.

1971-ല്‍ വെല്ലൂര്‍ സിഎംസിയില്‍ വെച്ച് ഇന്ത്യയിലെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയതോടെയാണ് ഡോ. കെ.വി. ജോണി ദേശീയ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഇന്ത്യയില്‍ വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളും ഡയാലിസിസ് സംവിധാനങ്ങളും വ്യാപകമാക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. വെല്ലൂരില്‍ രാജ്യത്തെ ഏറ്റവും വലിയ ഡയാലിസിസ് കേന്ദ്രത്തിന് തുടക്കം കുറിച്ചതും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഇന്ത്യയിലെ നെഫ്രോളജി മേഖലയുടെ വളര്‍ച്ചയില്‍ വിപ്ലവാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവന്ന ഡോക്ടര്‍ ജോണി, കോന്നി വകയാര്‍ കൈവിളയില്‍ കുടുംബാംഗമാണ്. കൊച്ചി തേവര പണ്ഡിറ്റ് കറുപ്പന്‍ റോഡിലായിരുന്നു താമസം.

ഭാരതത്തിന് പുറമെ കുവൈത്തിലെ ആരോഗ്യമേഖലയിലും അദ്ദേഹം മായാത്ത മുദ്ര പതിപ്പിച്ചു. കുവൈത്ത് പൗരനല്ലാത്ത ഒരാള്‍ക്ക് ലഭിക്കുന്ന പരമോന്നത ബഹുമതിയായ കുവൈത്ത് സര്‍വകലാശാല മെഡിസിന്‍ ഫാക്കല്‍റ്റി വൈസ് ഡീന്‍ പദവി അദ്ദേഹത്തെ തേടിയെത്തി. 1993-ല്‍ കുവൈത്തില്‍ റീനല്‍ ട്രാന്‍സ്പ്ലാന്റ് സെന്റര്‍ സ്ഥാപിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. കുവൈത്ത് പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴില്‍ മുബാറക് അല്‍- കബീര്‍ സര്‍വകലാശാല ഹോസ്പിറ്റലിലെ നെഫ്രോളജി തലവന്‍, മെഡിസിന്‍ വിഭാഗം ചെയര്‍മാന്‍ തുടങ്ങി നിരവധി ഉന്നത സ്ഥാനങ്ങള്‍ അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. ഇന്ത്യയും കുവൈത്തും തമ്മിലുള്ള ആരോഗ്യരംഗത്തെ ബന്ധം ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹം നിര്‍ണ്ണായക പങ്ക് വഹിച്ചു.

നിരവധി ദേശീയ, രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ അദ്ദേഹം അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ പ്രൊഫഷണല്‍സ് മുന്‍ പ്രസിഡന്റ്, വേള്‍ഡ് ഇന്ത്യ ഡയബറ്റിസ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. വിപിഎസ് ലേക്ഷോര്‍ ആശുപത്രി മൈക്രോബയോളജി വിഭാഗം മേധാവി ഡോ. മോളി ജോണിയാണ് ഭാര്യ. മക്കള്‍: ഡോ. വിനോ ജോണ്‍ വര്‍ഗീസ്, ഡോ. അനില്‍ ജോണ്‍ മാണി (ഇരുവരും യുഎസ്), ഡോ. ആശ വികാസ് (യുകെ). മരുമക്കള്‍: ഡോ. കിരണ്‍, ഡോ. പാം (ഇരുവരും യുഎസ്), ഡോ. വികാസ് (യുകെ).

സംസ്‌കാരം ഏപ്രില്‍ 18-ന് രാവിലെ 10.45-ന് തേവര സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടക്കും. അന്നേദിവസം രാവിലെ 9 മുതല്‍ 9.30 വരെ ലേക്ഷോര്‍ ആശുപത്രിയിലും 10 മണി മുതല്‍ പള്ളിയിലും പൊതുദര്‍ശനം ഉണ്ടായിരിക്കും.