- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള രൂപീകരണ സമയത്ത് സംസ്ഥാനം അളന്നു തിട്ടപ്പെടുത്തിയ ദൗത്യത്തില്‍ പങ്കാളിയായ സ്ഥാപനത്തിന്റെ ഉടമ; ഇന്ത്യ-ചൈന യുദ്ധസമയത്ത് ഇന്ത്യന്‍ സൈനികര്‍ക്കും എയര്‍ക്രാഫ്റ്റ് എഞ്ചിനീയര്‍മാര്‍ക്കും സാങ്കേതിക പരിശീലനം നല്‍കിയ മികവ്; നൂറുല്‍ ഇസ്ലാം സര്‍വകലാശാല ചാന്‍സലര്‍; വിട പറഞ്ഞ ഡോ. എ.പി. മജീദ് ഖാന് രാജ്യത്തിനായി ജീവിതം സമര്‍പ്പിച്ച വ്യക്തിത്വം
കേരള രൂപീകരണ സമയത്ത് സംസ്ഥാനം അളന്നു തിട്ടപ്പെടുത്തിയ ദൗത്യത്തില്‍ പങ്കാളിയായ സ്ഥാപനത്തിന്റെ ഉടമ

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വന്തമായി പടവെട്ടി സാമ്രാജ്യം തീര്‍ത്ത നിരവധി പേരുണ്ട്. അക്കൂട്ടത്തില്‍ എന്നും ഓര്‍ത്തിരിക്കുന്ന പേരാണ് നൂറുല്‍ ഇസ്ലാം സര്‍വകലാശാല ചാന്‍സലറും ഇരുപതോളം നൂറുല്‍ ഇസ്ലാം വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളുടെ ചെയര്‍മാനുമായ ഡോ. എ.പി. മജീദ് ഖാന്റേത്. വിദ്യകൊണ്ടും സേവനംകൊണ്ടും ചരിത്രം കുറിച്ച കര്‍മ്മയോഗിയാണ് വിട പറഞ്ഞിരിക്കുന്നത്. നെയ്യാറ്റിന്‍കരയുടെ മണ്ണില്‍ നിന്ന് വളര്‍ന്ന്, തമിഴ്നാട്ടിലെ ഉന്നത വിദ്യാഭ്യാസ ഭൂപടത്തില്‍ ഒരു സാമ്രാജ്യം തന്നെ കെട്ടിപ്പടുത്ത ഡോ. എ.പി. മജീദ് ഖാന്റെ ജീവിതം ഒരു ചലച്ചിത്ര കഥയെക്കാള്‍ വിസ്മയിപ്പിക്കുന്നതാണ്.
വര്‍ഷം 1940-കളുടെ അവസാനം. സെന്‍ട്രല്‍ എക്‌സൈസ് ഓഫീസറായ അലിസന്‍ മുഹമ്മദ് കന്യാകുമാരിയിലെ മണക്കുടിയിലുള്ള ഉപ്പളത്തില്‍ ഡ്യൂട്ടിക്ക് പോകുമ്പോള്‍ മകന്‍ മജീദിനെയും കൂടെക്കൂട്ടും. അച്ഛന്‍ ജോലി ചെയ്യുന്ന തിരക്കിലായിരിക്കുമ്പോള്‍, ആ ഓഫിസ് കസേരയ്ക്ക് പിന്നില്‍ ഒതുങ്ങിനിന്ന കുഞ്ഞു മജീദ് തന്റെ നഖമുന കൊണ്ട് ആ മരക്കസേരയില്‍ സ്വന്തം പേര് കോറിയിട്ടു. ദിവസങ്ങള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ആ പേര് അവിടെ തെളിഞ്ഞു.
കൃത്യം 50 വര്‍ഷങ്ങള്‍ക്ക് ശേഷം, ഡോ. മജീദ് ഖാന്‍ വീണ്ടും ആ ഉപ്പളത്തിലെത്തി. ആ പഴയ കസേര അപ്പോഴും അവിടെയുണ്ടായിരുന്നു; കാലം മായ്ക്കാത്ത ആ നഖപ്പാടുകളും! ആ സ്മരണകളുടെ കരുത്തില്‍ 1999-ല്‍ അദ്ദേഹം ആ ഉപ്പളം സ്വന്തമാക്കി 'പുത്തളം കെമിക്കല്‍സ്' എന്ന പേരില്‍ ഉപ്പ് നിര്‍മ്മാണ കമ്പനി ആരംഭിച്ചു. ഇന്നും കേരളത്തിലെ സപ്ലൈകോയുടെ ശബരി ഉപ്പിന്റെ വലിയൊരു ഭാഗം വരുന്നത് ഈ മണ്ണില്‍ നിന്നാണ്.
ബജ്‌റ കഞ്ഞിയില്‍ നിന്ന് സര്‍വകലാശാലാ ചാന്‍സലറിലേക്ക്
നെയ്യാറ്റിന്‍കരയിലെ ഗവണ്‍മെന്റ് സ്‌കൂളിലായിരുന്നു മജീദ് ഖാന്റെ പ്രാഥമിക വിദ്യാഭ്യാസം. എഞ്ചിനീയറിംഗ് പഠിക്കാനായി തൃശ്ശൂരിലെത്തിയ മജീദ് ഖാന് നേരിടേണ്ടി വന്നത് കടുത്ത ഭക്ഷ്യക്ഷാമമായിരുന്നു. ഹോസ്റ്റലിലെ ബജ്‌റ കഞ്ഞി കുടിച്ച് മകന്‍ കഷ്ടപ്പെടുന്നത് കാണാന്‍ അച്ഛന്‍ അലിസന്‍ മുഹമ്മദിന് കഴിഞ്ഞില്ല. 20 ദിവസത്തിനുള്ളില്‍ അദ്ദേഹം മകനെ തിരികെ വിളിച്ചു. ഈ ഒരു തിരിച്ചുവിളിയാണ് പില്‍ക്കാലത്ത് പതിനായിരങ്ങള്‍ക്ക് തൊഴില്‍ നല്‍കിയ വലിയൊരു പ്രസ്ഥാനത്തിന് വിത്തുപാകിയത്.
തൃശ്ശൂരിലെ പഠനം പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി ഒതുങ്ങിപ്പോകുമായിരുന്ന മജീദ് ഖാന്‍, പിന്നീട് സ്വന്തം പാത വെട്ടിത്തെളിച്ചു. MGTE കോഴ്‌സ് പൂര്‍ത്തിയാക്കിയ അദ്ദേഹം, സാങ്കേതിക വിദ്യാഭ്യാസം കേരളത്തില്‍ ലഭ്യമല്ലാതിരുന്ന കാലത്ത് ആ വിടവ് നികത്താന്‍ ഇറങ്ങിത്തിരിച്ചു. 1954-ല്‍ അധ്യാപകനായാണ് അദ്ദേഹം ഔദ്യോഗിക ജീവിതം തുടങ്ങിയത്. അന്ന് കേരളത്തില്‍ സാങ്കേതിക കോഴ്‌സുകള്‍ കുറവായിരുന്നു. തമിഴ്നാട്ടിലെ തൊഴിലധിഷ്ഠിത കോഴ്‌സുകള്‍ കേരളത്തിലും തുടങ്ങണമെന്ന മോഹവുമായി അദ്ദേഹം സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറെ സമീപിച്ചു. ഇതിന്റെ ഫലമായാണ് കേരള ഗവണ്‍മെന്റ് സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍ ഇന്‍ എഞ്ചിനീയറിംഗ് (KGCEE) ആരംഭിക്കുന്നത്.
1957-ല്‍ നെയ്യാറ്റിന്‍കര സ്വദേശാഭിമാനി ടൗണ്‍ഹാളില്‍ വാടകയ്ക്ക് തുടങ്ങിയ ഐ.ടി.ഐ (ITI) ആണ് ഇന്നത്തെ നൂറുല്‍ ഇസ്ലാം സാമ്രാജ്യത്തിന്റെ അടിത്തറ. അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ളയുടെയും മറ്റു പ്രമുഖരുടെയും പിന്തുണ ഈ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായി. പരീക്ഷ എഴുതാന്‍ പോലും അനുമതിയില്ലാതിരുന്ന ഒരു കാലത്തുനിന്ന്, ഡല്‍ഹിയില്‍ നിന്ന് നേരിട്ട് ചോദ്യപേപ്പര്‍ എത്തുന്ന നിലയിലേക്ക് ആ സ്ഥാപനത്തിന്റെ വിശ്വാസ്യത വളര്‍ന്നു.
കേരളത്തിലെ ആദ്യത്തെ സ്വകാര്യ സാങ്കേതിക പരിശീലന സംരംഭമായിരുന്നു ഇത്. ഗ്രാമീണ യുവാക്കള്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക ലക്ഷ്യം. ഡോ. മജീദ് ഖാന്റെ ജീവിതം രാജ്യത്തിന്റെ സുപ്രധാനമായ പല ചരിത്ര സന്ധികളിലും കെട്ടുപിണഞ്ഞു കിടക്കുന്നു. കേരള സംസ്ഥാന രൂപീകരണ സമയത്ത് അതിര്‍ത്തികള്‍ അളന്നു തിട്ടപ്പെടുത്തുന്ന നിര്‍ണ്ണായക ദൗത്യത്തില്‍ അദ്ദേഹത്തിന്റെ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികള്‍ സജീവമായി പങ്കെടുത്തുിരുന്നു.
കേരളത്തിലെ റീ-സര്‍വ്വേ നടപടികള്‍ തുടങ്ങിയപ്പോള്‍ യോഗ്യരായ ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കാന്‍ സര്‍ക്കാരിന് സഹായമായത് മജീദ് ഖാന്റെ സ്ഥാപനമാണ്. മൂന്ന് ഷിഫ്റ്റുകളിലായി നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ച് സര്‍വ്വേ ഡിപ്പാര്‍ട്ട്മെന്റിലേക്ക് അയച്ചു. അക്കാലത്ത് കേരളത്തിന്റെ ഭൂമി അളന്നുതിട്ടപ്പെടുത്തിയ ഭൂരിഭാഗം പേരും എന്‍.ഐയിലെ വിദ്യാര്‍ത്ഥികളായിരുന്നു.
വിദ്യാഭ്യാസ മേഖലയിലെ കുതിച്ചുചാട്ടം
കന്യാകുമാരി ജില്ലയിലെ ആദ്യത്തെ എന്‍ജിനീയറിങ് കോളേജ് സ്ഥാപിച്ച മജീദ് ഖാന്‍, പിന്നീട് ഇരുപതോളം വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങളുടെ ശൃംഖല തന്നെ വളര്‍ത്തിയെടുത്തു. തക്കല കുമാരകോവിലില്‍ അദ്ദേഹം സ്ഥാപിച്ച നൂറുല്‍ ഇസ്ലാം സെന്റര്‍ ഫോര്‍ ഹയര്‍ എഡ്യൂക്കേഷന്‍, 2008-ല്‍ ഭാരത സര്‍ക്കാരിന്റെ ഡീംഡ് യൂണിവേഴ്സിറ്റി പദവി (NIU) കരസ്ഥമാക്കി. ഇന്ന് വിദേശ സര്‍വ്വകലാശാലകളോട് കിടപിടിക്കുന്ന ഗവേഷണ സൗകര്യങ്ങളും പാഠ്യപദ്ധതിയും ഈ സര്‍വ്വകലാശാലയുടെ പ്രത്യേകതയാണ്.
ആധുനിക ഇന്ത്യയ്ക്കായി കൂടുതല്‍ കൂടുതല്‍ സമഗ്ര പ്രതിഭകളെ വളര്‍ത്തിയെടുക്കുക എന്നതാണ് നൂറുല്‍ ഇസ്ലാം സെന്റര്‍ ഫോര്‍ ഹയര്‍ എഡ്യൂക്കേഷന്റെ ലക്ഷ്യവും. ഇന്ന് രാജ്യത്തുടനീളമുള്ള മറ്റ് വിജയകരമായ വിദ്യാഭ്യാസ സ്ഥാപനങ്ങളെ അനുകരിച്ചുകൊണ്ട്, വിവിധ പഠനവിഷയങ്ങളെ സംയോജിപ്പിക്കുന്നതിനും സമഗ്രമായ സര്‍വകലാശാലയുടെ സമൃദ്ധമായ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുമായി സര്‍വകലാശാല നിരവധി ധീരമായ പരീക്ഷണങ്ങള്‍ നടത്തിവരികയാണ്. പര്യവേഷണത്തിനും പരിശീലനത്തിനുമുള്ള കഠിനമായ പരിശ്രമത്തിനുശേഷം, ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ സര്‍വകലാശാലകള്‍ക്ക് തുല്യമായി സ്വന്തം പാഠ്യപദ്ധതിയും മാനേജ്‌മെന്റ് സംവിധാനവും സ്ഥാപിച്ചു.
ആരോഗ്യരംഗത്തെ കാരുണ്യം: നിംസ് മെഡിസിറ്റി
നൂറുല്‍ ഇസ്ലാം എജ്യുക്കേഷണല്‍ ട്രസ്റ്റിന്റെ 50-ാം വാര്‍ഷിക വേളയിലാണ് നെയ്യാറ്റിന്‍കരയില്‍ നിംസ് (NIMS) മെഡിസിറ്റി സ്ഥാപിതമായത്. സാധാരണക്കാര്‍ക്ക് മിതമായ നിരക്കില്‍ ലോകോത്തര ചികിത്സ ഉറപ്പാക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഹൃദ്രോഗം, വൃക്കരോഗം തുടങ്ങിയ മേഖലകളില്‍ സൗജന്യ ചികിത്സാ പദ്ധതികള്‍ ഉള്‍പ്പെടെ നിരവധി കാരുണ്യപ്രവര്‍ത്തനങ്ങള്‍ നിംസ് വഴി ഡോ. മജീദ്ഖാന്‍ നടപ്പിലാക്കി.
കേരളത്തില്‍ വിശാലമായ രാഷ്ട്രീയ ബന്ധങ്ങള്‍ ഉള്ള വ്യക്തയായിരുന്നു അദ്ദേഹം. നവതി ആഘോഷങ്ങളുടെ ഭാഗമായി വരുംതലമുറയ്ക്കായി 'മിഷന്‍ പലാഷ് ബ്ലോസം വാലി 2030' എന്ന വനവല്‍ക്കരണ പദ്ധതിക്ക് അദ്ദേഹം തുടക്കമിട്ടതും ഏറെ ശ്രദ്ധ നേടിയിരുന്നു. പരിസ്ഥിതി സംരക്ഷണത്തിനായി 90 ഏക്കറില്‍ 'വനത്തിലെ അഗ്‌നിജ്വാല' എന്നറിയപ്പെടുന്ന പലാഷ് മരങ്ങള്‍ നട്ടുപിടിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇങ്ങനെ പരിസ്ഥിതി സൗഹൃദമായ വികസനത്തിനായി നില കൊണ്ടിരുന്നു ഡോ. എ.പി. മജീദ് ഖാന്‍.
കേരളത്തിന്റെയും തമിഴ്നാടിന്റെയും വിദ്യാഭ്യാസ-ആരോഗ്യ മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. എ.പി. മജീദ് ഖാന്‍, നൂറുല്‍ ഇസ്ലാം എഡ്യൂക്കേഷണല്‍ ട്രസ്റ്റിന്റെ സ്ഥാപകനും ചെയര്‍മാനുമായി ദീര്‍ഘകാലമായി സേവനം അനുഷ്ടിച്ചു വരികയായിരുന്നു. ഡോ. എ.പി. മജീദ് ഖാന്റെ നേതൃത്വത്തിലുള്ള സ്ഥാപനങ്ങള്‍ സാങ്കേതികവിദ്യ, ശാസ്ത്രം, മാനേജ്മെന്റ്, വൈദ്യശാസ്ത്രം എന്നീ മേഖലകളിലായി ലക്ഷകണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്‍കി വരുന്നുണ്ട്. മണ്ണറിഞ്ഞു വിളവിറക്കുന്ന കര്‍ഷകന്റെ മനസ്സും, ലക്ഷ്യബോധമുള്ള പോരാളിയുടെ നിശ്ചയദാര്‍ഢ്യവുമാണ് ഡോ. മജീദ് ഖാന്റെ വിജയമന്ത്രമായത്. ആ വിജയമന്ത്രി അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ തുടര്‍ന്ന് പോരുകയും ചെയ്യുന്നു.


