കൊച്ചി: നടൻ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിലിന് അന്തരിച്ചു. വൈക്കം ചെമ്പിൽ പരേതനായ ഇസ്മായിലിന്റെ ഭാര്യയായിരുന്നു ഫാത്തിമ. മകൻ വെള്ളിത്തിരയിൽ വിസ്മയം കാട്ടി വളരുമ്പോഴും സാധാരണ ചുറ്റുപാടുകളെ ഏറെ സ്‌നേഹിച്ച് ജീവിച്ച ഉമ്മയായിരുന്നു ഫാത്തിമ. പലപ്പോഴും മമ്മൂട്ടിയും ഉമ്മയും തമ്മിലെ അടുപ്പം മലയാളികളുടെ ചർച്ചകളുടെ ഭാഗമായിരുന്നു. മമ്മൂട്ടി ഏറ്റവും ആദരവോടെ കണ്ടിരുന്ന വ്യക്തിയാണ് ഉമ്മ. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നാണ് അന്ത്യം.

93 വയസ്സായിരുന്നു ഫാത്തിമ ഇസ്മായിലിന്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകിട്ട് ചെമ്പ് മുസ്ലിം ജമാഅത്ത് പള്ളിയിൽ നടക്കും. വൈക്കം ചെമ്പിൽ ഇസ്മായിൽ, ഫാത്തിമ ദമ്പതികളുടെ മകനായാണ് മമ്മൂട്ടിയുടെ ജനനം. ഇബ്രാഹിംകുട്ടി, സക്കരിയ, അമീന, സൗദ, ഷാഫിന എന്നിവരാണ് സഹോദരങ്ങൾ.

അതേ സമയം മമ്മൂട്ടിയെ കുറിച്ച് ഉമ്മ ഫാത്തിമ ഒരിക്കൽ മാതൃഭൂമിയിൽ എഴുതിയ കുറിപ്പ് ഈയിടെ വൈറലായിരുന്നു. എനിക്കെന്നും അവൻ മമ്മൂഞ്ഞാണ് എന്നാണ് മകനെക്കുറിച്ച് ഉമ്മ പറഞ്ഞത്. വല്യുപ്പയുടെ പേരായിരുന്നു അവനിട്ടത് മുഹമ്മദ് കുട്ടി. അത് പിന്നെ മമ്മൂട്ടിയായി. ഇന്ന് മലയാള സിനിമയുടെ അടയാളമാണ് ആ പേര്. എന്നാൽ മമ്മൂട്ടി എന്നു പേരുമാറ്റിയപ്പോൾ ഒരുപാട് അവനെ വഴക്കുപറഞ്ഞിട്ടുണ്ട് എന്നാണ് ഉമ്മ പറഞ്ഞത്.

ആ പേരിൽ ഈ ഉമ്മയും ഏറെ സന്തോഷിക്കുന്നുണ്ടെങ്കിലും തനിക്ക് മാത്രം അന്നും ഇന്നും എന്നും അവൻ മമ്മൂഞ്ഞ് ആണ് എന്നാണ് ഉമ്മ പറഞ്ഞത്. വിവാഹം കഴിഞ്ഞ് അഞ്ച് കൊല്ലമാണ് ഒരു കുഞ്ഞിനു വേണ്ടി തങ്ങൾ കാത്തിരുന്നത്. അത്രയ്ക്ക് കൊതിച്ചുണ്ടായ കുട്ടിയായതിനാൽ എല്ലാവരും ഏറെ പുന്നാരിച്ചിരുന്നുവെന്നും ഉമ്മ മകനെക്കുറിച്ച് പറയുന്നു. മ്മയെക്കുറിച്ചുള്ള മഹാ നടൻ മമ്മൂട്ടിയുടെ വാക്കുകളും സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. ഉമ്മ ഒരു പാവമാണ്. ഞാൻ അഭിനയിക്കുന്ന സിനിമയിൽ എന്റെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാൽ എന്നെ ആരെങ്കിലുമൊന്ന് അടിച്ചാൽ ഉമ്മയുടെ കണ്ണ് ഇപ്പോഴും നിറയുമെന്നാണ് മമ്മൂട്ടി പറഞ്ഞിരുന്നത്.

വാക്കുകളിങ്ങനെ, എന്റെ ഉമ്മ ഒരു പാവമാണ്. ഞാൻ അഭിനയിക്കുന്ന സിനിമയിൽ എന്റെ കഥാപാത്രത്തിന് എന്തെങ്കിലും സംഭവിച്ചാൽ എന്നെ ആരെങ്കിലുമൊന്ന് അടിച്ചാൽ ഉമ്മയുടെ കണ്ണ് ഇപ്പോഴും നിറയും. എന്റെ സിനിമയിൽ ഏതാണ് ഇഷ്ടം എന്റെ ഏതു കഥാപാത്രമാണ് കൂടുതൽ മികച്ചത് എന്നാരെങ്കിലും ചോദിച്ചാലും ഉമ്മ കൈമലർത്തും. അങ്ങനൊന്നും പറയാൻ എന്റെ ഉമ്മക്കറിയില്ലെന്നുമായിരുന്നു-ഇതായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.