- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പോപ്പുകളിലൊരാള്; സഭയ്ക്കുള്ളിലെ നവീകരണത്തിന്റെ പുതിയ അധ്യായം എഴുതിച്ചേര്‍ത്ത കര്‍മ്മപഥം; വത്തിക്കാന്‍ പാലസ് ഉപേക്ഷിച്ച്, അതിഥിമന്ദിരത്തിലെ സാധാരണമുറിയില്‍ താമസമാക്കിയ മാര്‍പ്പാപ്പ; വിടവാങ്ങുന്നത് വേറിട്ട നിലപാടുകളും വെളിപ്പെടുത്തലുകളുമായി ലോകമെങ്ങും സ്വീകാര്യനായ പോപ്പ്
ലോകമെങ്ങും സ്വീകാര്യനായ പോപ്പ്
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഓര്‍മ്മയാകുമ്പോള്‍ ചരിത്രത്താളുകളില്‍ രേഖപ്പെടുത്തുന്ന സമാനതകളില്ലാത്ത ഒരു ജീവിതത്തിന് കൂടിയാണ് വിരാമമാകുന്നത്. സഭയുടെ 2,000 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പോപ്പുകളില്‍ ഒരാള്‍ കൂടിയായിരുന്നു ഫ്രാന്‍സിസ് പോപ്പ്. ശാരീരിക അവശതകള്‍ മൂലം ബെനഡിക്ട് 16ാമന്‍ പാപ്പ 2013 ഫെബ്രുവരി 28 ന് രാജിവച്ചതിനെത്തുടര്‍ന്നാണ് കത്തോലിക്ക സഭയുടെ 266 മത് മാര്‍പ്പാപ്പയായി ജോര്‍ജ്ജ് മരിയോ ബെര്‍ഗോളിയോ എന്ന ഫ്രാന്‍സിസ് പാപ്പ സ്ഥാനാരോഹിതനാകുന്നത്.
ഇറ്റലിയില്‍ നിന്നു കുടിയേറിയ കുടുംബത്തില്‍ പിറന്ന ബെര്‍ഗോളിയോ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം യൂറോപ്പിനു പുറത്തുനിന്ന് പാപ്പ പദവിയിലെത്തിയ ആളുകൂടിയായിരുന്നു.
കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും ശ്രദ്ധേയനായ മാര്‍പാപ്പമാരിലൊരാള്‍ എന്ന നിലയ്ക്ക് ലോകമെങ്ങും സ്വീകാര്യനായ ഫ്രാന്‍സിസ് മാര്‍പാപ്പ സഭയ്ക്കുള്ളിലെ നവീകരണത്തിന്റെ പുതിയ അധ്യായം കൂടിയായിരുന്നു.കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാര്‍പാപ്പയും,ആദ്യമായി ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ച മാര്‍പാപ്പയെന്ന ഖ്യാതിയും മാര്‍പാപ്പയ്ക്കാണ്.
വ്യക്തി ജീവിതവും പൗരോഹിത്യവും
ഇറ്റാലിയന്‍ റെയില്‍വേ ജീവനക്കാരന്റെ അഞ്ചു മക്കളില്‍ ഒരാളായി 1936 ഡിസംബര്‍ മാസം 17-ാം തീയതി അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലാണ് മാര്‍പാപ്പ ജനിച്ചത്.1969 ഡിസംബര്‍ 13ന് ആര്‍ച്ച് ബിഷപ് റമോന്‍ ജോസ് കാസ്റ്റിലാനോയില്‍ നിന്നും പട്ടം സ്വീകരിച്ചു.1973 ജൂലൈ 31ന് അര്‍ജന്റീനയിലെ ജസ്യൂട്ട് സന്യാസ സമൂഹത്തിന്റെ പ്രൊവിന്‍ഷ്യാലായി തിരഞ്ഞെടുക്കപ്പെട്ടു.1986 മാര്‍ച്ചില്‍ ജര്‍മ്മനിയിലെത്തിപിഎച്ച്ഡി പഠനം പൂര്‍ത്തിയാക്കി. ബ്യൂണസ് ഐറീസ് ആര്‍ച്ച് ബിഷപായിരുന്ന അന്റോണിയോ ഖറോസീനോയുടെ അഭ്യര്‍ഥന പ്രകാരം ജോര്‍ജ് ബെര്‍ഗോളിയെ ബിഷപാക്കുവാന്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തീരുമാനിച്ചു. 1992 മേയ് 20ന് സഭയുടെ ഉത്തരവിനു പിന്നാലെ 'ഫാ. ജോര്‍ജ് ബെര്‍ഗോളി'യെ മേയ് 27 നി ബിഷപ്പായി അഭിഷിക്തനാക്കി. തുടര്‍ന്ന് ബ്യൂണസ് ഐറീസിന്റെ സഹായമെത്രാന്‍, ഔക്ക രൂപതയുടെ മെത്രാന്‍ എന്നീ ചുമതലകളില്‍ നിയമിച്ചു.
1997 ജൂണ്‍ മൂന്നിന് ജോര്‍ജ് ബെര്‍ഗോളി ഓക്സിലിയറി ആര്‍ച്ച് ബിഷപായി.ഒന്‍പതു മാസങ്ങള്‍ക്ക് ശേഷം കര്‍ദിനാള്‍ അന്റോണിയോ ഖ്വാറാസീനോ കാലം ചെയ്തതിനെ തുടര്‍ന്ന് ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപായി ജോര്‍ജ് ബെര്‍ഗോളി നിയമിച്ചു.1998 ഫെബ്രുവരി 28ന് ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപായി ചുമതലയേല്‍ക്കുകയും അര്‍ജന്റീനയിലെ കിഴക്കന്‍ സഭകളുടെ ആരാധന സമിതിയുടെ ചുമതലകളും നല്‍കി.2001 ഫെബ്രുവരി 21ന് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ജോര്‍ജ് ബെര്‍ഗോളിയെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി.2001ല്‍ കര്‍ദിനാളായി. ആര്‍ച്ച്ബിഷപ്പായിരിക്കുമ്പോള്‍ ഔദ്യോഗിക വസതി ഒഴിവാക്കി നഗരപ്രാന്തത്തിലെ ചെറിയ അപ്പാര്‍ട്‌മെന്റില്‍ താമസിച്ചു.സാധാരണക്കാര്‍ക്കൊപ്പം പൊതുവാഹനങ്ങളില്‍ സഞ്ചരിച്ചു.
കര്‍ദിനാള്‍ പദവി ലഭിച്ച ശേഷം ബെര്‍ഗോളി ബിഷപ്പുമാരുടെ സിനഡിന്റെ ജനറല്‍ റിലേറ്റര്‍ പദവി നല്‍കി.ജോണ്‍ പോള്‍ രണ്ടാമന്റെ മരണത്തിനു ശേഷം 2005ല്‍ ചേര്‍ന്ന കോണ്‍ക്ലേവില്‍ ജോര്‍ജ്ജ് ബെര്‍ഗോളിയും പങ്കെടുത്തിരിന്നു.2013 മാര്‍ച്ച് 13ന് നടന്ന കോണ്‍ക്ലേവില്‍ സഭാ ചരിത്രത്തിലെ 266-ാമത്തെ മാര്‍പാപ്പയായി അര്‍ജന്റീനക്കാരനായ കര്‍ദിനാള്‍ ജോര്‍ജി മരിയോ ബെര്‍ഗോളിയോ തിരഞ്ഞെടുത്തു.
ഫ്രാന്‍സിസ് ഒന്നാമന്‍ എന്ന നാമത്തില്‍ മാര്‍പാപ്പയായി സ്ഥാനമേറ്റു.ചരിത്രത്തിലാദ്യമായിട്ടാണ് ഒരു മാര്‍പാപ്പ 'ഫ്രാന്‍സിസ്' എന്ന പേര് സ്വീകരിക്കുന്നത്.സമാധാനത്തിന്റെയും സ്നേഹത്തിന്റെയും ഉത്തമോദാഹരണവും,2-ആം ക്രിസ്തുവെന്നു വിളിക്കപ്പെടുന്ന വിശുദ്ധ ഫ്രാന്‍സിസ് അസീസിയുടെ നാമമാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്.എന്നാല്‍ ഈ പേരിനെച്ചൊല്ലി വാദപ്രതിപാദങ്ങളും നില്‍ക്കുന്നുമുണ്ട്.
ആയിരംപൂര്‍ണ്ണ ചന്ദ്രന്‍മാരെ കണ്ട ജീവിതം.. ലാളിത്യത്തിന്റെ പര്യായം
ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ടതിന്റെ നിറവ് കൂടിയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജീവിതം.വ്യക്തിപരമായ ആഘോഷങ്ങളോട് ആഭിമുഖ്യമില്ലാത്ത മാര്‍പാപ്പ തന്റെ പൂര്‍വ്വികരുടെതില്‍ നിന്ന് കൂടുതല്‍ ലളിതമായി ജീവിതം നയിച്ച വ്യക്തിത്വം കൂടിയായിരുന്നു.കര്‍ദ്ദിനാല്‍ സ്ഥാന സമയത്തെ രീതികള്‍ തന്നെയാണ് ഇവിടെയും മാര്‍പ്പാപ്പയായതിന് ശേഷവും തുടര്‍ന്നത്.മാര്‍പാപ്പയായ ശേഷവും ലാളിത്യമെന്ന മുഖമുദ്ര കൈവിടാതെ വത്തിക്കാന്‍ പാലസ് ഉപേക്ഷിച്ച്, അതിഥിമന്ദിരത്തിലെ സാധാരണമുറിയില്‍ താമസമാക്കുകയായിരുന്നു.
ബെനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പ സ്ഥാനത്യാഗം ചെയ്തതിനെ തുടര്‍ന്ന് 2013 മാര്‍ച്ചില്‍ നടന്ന പീപ്പിള്‍ കോണ്‍ക്ലേവ് രണ്ടാം ദിവസം അഞ്ചാം തവണ വോട്ടിങ്ങില്‍ കര്‍ദ്ദിനാള്‍ ബെര്‍ഗോളിയോയെ ആഗോളസഭയുടെ മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കുകയായിരുന്നു.2013 മാര്‍ച്ച് 19 ന് ഇദ്ദേഹം സ്ഥാനമേറ്റു.സാധാരണ ഞായറാഴ്ചകളിലാണ് മാര്‍പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ നടക്കുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്റെ കാര്യത്തില്‍ അതിലുമുണ്ടായി മാറ്റങ്ങള്‍.ചൊവ്വാഴ്ച്ചയാണ് ഇത് നടന്നത്.ആഗോളസഭാ മധ്യസ്ഥനായ വിശുദ്ധ ഔസേപ്പിന്റെ മരണത്തിരുനാള്‍ കണക്കിലെടുത്തായിരുന്നു ഈ മാറ്റം.
പുതിയ മാര്‍പ്പാപ്പ വിശുദ്ധ ഫ്രാന്‍സീസ് അസീസിയോടുള്ള ബഹുമാനാര്‍ഥം ഫ്രാന്‍സിസ് എന്ന പേര് സ്വീകരിച്ചു.ഈ പേര് ആദ്യമായിട്ടാണ് ഒരു മാര്‍പ്പാപ്പ ഔദ്യോഗിക നാമമായി സ്വീകരിക്കുന്നത്.തന്റെ മാതൃഭാഷയായ സ്പാനിഷിന് പുറമേ ലത്തീന്‍, ഇറ്റാലിയന്‍, ജര്‍മ്മന്‍, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പ്രാവീണ്യം നേടിയയാളാണ് മാര്‍പ്പാപ്പ ഫ്രാന്‍സിസ്.
ഇറാഖ് സന്ദര്‍ശന വേളയിലെ വധശ്രമം..തുറന്നുപറയലുകളുടെ ആത്മകഥയും മറ്റു രചനകളും
ആത്മകഥകള്‍ എപ്പോഴും ഞെട്ടിക്കുന്ന വെളിപ്പെടുത്തുകളുടെതാണെന്ന് പറയുമെങ്കിലും ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ കാര്യത്തില്‍ അത് അക്ഷരംപ്രതി ശരിയാണ്.2025 മഹാജൂബിലി വര്‍ഷാചരണത്തോടനുബന്ധിച്ച് ജനുവരി 14ന് എണ്‍പതിലേറെ രാജ്യങ്ങളില്‍ പ്രകാശനം ചെയ്യുന്ന 'ഹോപ്' എന്ന പേരിലുള്ള ആത്മകഥയുടെ ചില ഭാഗങ്ങള്‍ ഒരു ഇറ്റാലിയന്‍ ദിനപത്രം പ്രസിദ്ധീകരിച്ചതിലാണ് ഏവരെയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ഉണ്ടായത്.
3 വര്‍ഷം മുന്‍പ് ഇറാഖ് സന്ദര്‍ശനത്തിനിടെ തന്നെ വധിക്കാന്‍ ശ്രമമുണ്ടായെന്നാണ് മാര്‍പ്പാപ്പ ആത്മകഥയില്‍ വെളിപ്പെടുത്തുന്നത്.2021 മാര്‍ച്ചില്‍ മൊസൂള്‍ സന്ദര്‍ശിക്കുന്നതിനിടെ ഒരു വനിതാ ചാവേറും സ്ഫോടകവസ്തുക്കള്‍ നിറച്ച ട്രക്കും ആക്രമണത്തിന് നീങ്ങുന്നതായി ബ്രിട്ടിഷ് ഇന്റലിജന്‍സ് വിവരം നല്‍കിയെന്നും ഇറാഖി പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് അവ ലക്ഷ്യത്തിലെത്തും മുന്‍പ് പൊട്ടിത്തെറിച്ചെന്നും മാര്‍പാപ്പ വെളിപ്പെടുത്തുന്നു.
ആത്മകഥയക്കപ്പുറവും മാര്‍പ്പാപ്പയുടെ പുസ്തകങ്ങള്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു.'ലെറ്റ് അസ് ഡ്രീം ദ് പാത്ത് ടു എ ബെറ്റര്‍ ഫ്യൂച്ചര്‍' എന്ന പുസ്തകത്തിലൂടെ കോവിഡ് ലോകത്തെ ചിന്തകള്‍ മാര്‍പ്പാപ്പ പങ്കുവച്ചത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.ബ്രിട്ടിഷ് മാധ്യമ പ്രവര്‍ത്തകന്‍ ഡോ. ഓസ്റ്റിന്‍ ഇവറേയുമായി ചേര്‍ന്നാണ് പുസ്തകം തയ്യാറാക്കിയത്.'സ്ത്രീകളുടെ നേതൃത്വമാണു പ്രതിസന്ധികാലത്തു പ്രതീക്ഷയുടെ വേറിട്ട അടയാളം.അവരാണു ഭരണനിര്‍വഹണത്തില്‍ പുരുഷന്‍മാരെക്കാള്‍ മെച്ചം.അവര്‍ക്കു പ്രക്രിയകള്‍ മനസ്സിലാകും, കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനറിയാം.വീട്ടമ്മമാര്‍ എന്നു സ്ത്രീകളെ വിശേഷിപ്പിക്കുന്നതു തരംതാഴ്ത്തലായി കരുതപ്പെടുന്നു, അത്തരത്തില്‍ ഉപയോഗിക്കാറുമുണ്ട്.എന്നാല്‍, വീടു നടത്തുകയെന്നതു ചെറിയ കാര്യമല്ല. ഒരേ സമയത്തു പല കാര്യങ്ങള്‍ ചെയ്യണം; പല താല്‍പര്യങ്ങള്‍ ഒത്തുകൊണ്ടുപോകണം, വഴക്കമുണ്ടാവണം. ഒരേസമയം അവര്‍ മൂന്നു ഭാഷകള്‍ സംസാരിക്കണം. മനസ്സിന്റെയും ഹൃദയത്തിന്റെയും കൈകളുടെയും.'എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്വന്തം ജീവനപ്പുറം, മറ്റുള്ളവരുടെ ജീവന്‍ സംരക്ഷിക്കാന്‍ ശ്രമിച്ചവര്‍ക്കുവേണ്ടിയാണ് ലോക്ഡൗണ്‍ കാലത്തു താന്‍ പല തവണ പ്രാര്‍ഥിച്ചതെന്നു മാര്‍പാപ്പ എഴുതിയിരുന്നു.നഴ്സുമാരെയും ഡോക്ടര്‍മാരെയും മറ്റ് ആതുരസേവകരെയുമാണു പാപ്പ അനുസ്മരിച്ചത്.ഇത്തരത്തില്‍ നിലപാടുകളുടെയും തുറന്നെഴുത്തിന്റെയും മറുപേരു കൂടിയായിരുന്നു ഫ്രാന്‍സിസ് പാപ്പ.ഇന്നത്തെ തലമുറയൊടും കൃത്യമായി അഭിപ്രായമുണ്ടായിരുന്നു മാര്‍പ്പാപ്പയ്ക്ക്. അവരവരെയല്ല, ജനതയെ മുന്നില്‍നിര്‍ത്തിയുള്ളതാവണം പുതിയ കാലത്തെ ജീവിതം: 'സെല്‍ഫി' സംസ്‌കാരം ഉപേക്ഷിക്കുക, ചുറ്റുമുള്ളവരുടെ കണ്ണുകളും മുഖങ്ങളും കൈകളും ആവശ്യങ്ങളും കാണുക, അതിലൂടെ സ്വന്തം മുഖവും സാധ്യതകള്‍ നിറഞ്ഞ സ്വന്തം കരങ്ങളും കാണുക' എന്നാണ് പാപ്പ പറഞ്ഞിരുന്നത്.
ഒടുവില്‍ പറഞ്ഞതും തനിക്ക് രോഗങ്ങളൊന്നുമില്ലെന്നും വിരമിക്കാന്‍ പദ്ധതിയില്ലെന്നും
തനിക്ക് രോഗങ്ങളൊന്നുമില്ലെന്നും വിരമിക്കാന്‍ പദ്ധതിയില്ലെന്നും അദ്ദേഹം പുസ്തകത്തില്‍ പറയുന്നു. എനിക്ക് സുഖമാണ് ലളിതമായി പറഞ്ഞാല്‍ എനിക്ക് വയസായി എന്നതു മാത്രമാണ് യാഥാര്‍ഥ്യം' ചൊവ്വാഴ്ച പുറത്തിറങ്ങിയ ആത്മകഥയില്‍ മാര്‍പാപ്പ വ്യക്തമാക്കുന്നു.
ജലദോഷത്തെത്തുടര്‍ന്ന് ഒരു പ്രസംഗം തന്റെ സഹായിയോട് വായിക്കാന്‍ മാര്‍പാപ്പ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് മാര്‍പാപ്പയുടെ ആരോഗ്യത്തെക്കുറിച്ച് വലിയ ആശങ്കകള്‍ ഉയരുകയും ചെയ്തു.ഇതിനെ ദൂരീകരിക്കുന്നതായിരുന്നു മാര്‍പാപ്പയുടെ പുസ്തകത്തിലെ പരാമര്‍ശങ്ങള്‍.മാര്‍പാപ്പയുടെ 88ാം പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ചായിരുന്നു ആത്മകഥയുടെ പ്രസിദ്ധീകരണം.2025 ജനുവരി മാസത്തിലാണ് പുസ്തകം പുറത്തിറങ്ങിയത്.ഇതിന് ശേഷം ദിവസങ്ങള്‍ക്കുള്ളിലാണ് മാര്‍പ്പപ്പയുടെ ആരോഗ്യ നിലമോശമാകുന്നതും ആശുപത്രിയിലേക്ക് മാറ്റുന്നതും.