- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പൈതലാം യേശുവേ' ഉള്‍പ്പെടെ അനശ്വര ഗാനങ്ങളുടെ ശില്പി ഇനി ഓര്‍മ്മ; സംഗീത ഇതിഹാസം ഫാ. ഡോ. ജെസ്റ്റിന്‍ പനയ്ക്കല്‍ വിടവാങ്ങി; തരംഗിണിയിലെ ഹിറ്റുകളിലൂടെ ഭക്തിഗാന രംഗത്ത് വിപ്ലവം തീര്‍ത്ത പ്രതിഭയുടെ അന്ത്യം 90-ാം വയസ്സില്‍
സംഗീത ഇതിഹാസം ഫാ. ഡോ. ജെസ്റ്റിന്‍ പനയ്ക്കല്‍ വിടവാങ്ങി

കൊച്ചി: ക്രിസ്തീയ ഭക്തിഗാനരംഗത്തെ പ്രതിഭയും 'പൈതലാം യേശുവേ' അടക്കം നിരവധി അനശ്വരഗാനങ്ങള്‍ക്ക് ഈണമൊരുക്കിയ സംഗീത സംവിധായകനുമായ ഫാ. ഡോ. ജെസ്റ്റിന്‍ പനയ്ക്കല്‍ (90) അന്തരിച്ചു. ഏറെക്കാലമായി വിശ്രമജീവിതം നയിച്ചുവരികയായിരുന്ന അദ്ദേഹത്തിന്റെ വിയോഗം ക്രിസ്തീയ ഭക്തിഗാന ലോകത്തിന് തീരാനഷ്ടമാണ്.
ഗാനഗന്ധര്‍വ്വന്‍ യേശുദാസ് ആലപിച്ചതും കെ.എസ്. ചിത്രയുടെ സംഗീതജീവിതത്തില്‍ വഴിത്തിരിവായതുമായ 'പൈതലാം യേശുവേ' എന്ന ഗാനം അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സംഭാവനകളില്‍ ഒന്നാണ്. 'മഞ്ഞുപൊതിയുന്ന മാമരം കോച്ചുന്ന', 'സ്നേഹസ്വരൂപാ തവദര്‍ശനം', 'ദൈവം നിരുപമസ്നേഹം', 'എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍' തുടങ്ങിയ അനവധി ശ്രദ്ധേയ ഗാനങ്ങള്‍ക്കും ഫാ. ഡോ. ജെസ്റ്റിന്‍ പനയ്ക്കല്‍ ഈണമൊരുക്കിയിട്ടുണ്ട്. അദ്ദേഹം സംഗീതം നല്‍കിയ 29 പാട്ടുകളില്‍ 25 എണ്ണവും യേശുദാസാണ് ആലപിച്ചത്. തരംഗിണിയുടെ ഹിറ്റ് ആല്‍ബങ്ങളായ 'സ്നേഹസന്ദേശം', 'തളിര്‍മാല്യം' എന്നിവയിലും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഉള്‍പ്പെട്ടിരുന്നു.
ഫാ. ജെസ്റ്റിന്‍ പനയ്ക്കലിന്റെ നിര്യാണത്തില്‍ കെ.എസ്. ചിത്ര അനുസ്മരണം രേഖപ്പെടുത്തി. 'പൈതലാം യേശുവേ' എന്ന ഒറ്റ ഗാനത്തിലൂടെ തന്നെ ക്രിസ്തീയ ഭക്തിഗാനരംഗത്ത് തനിക്ക് ശ്രദ്ധേയനാകാന്‍ കഴിഞ്ഞതായി ചിത്ര തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. അദ്ദേഹത്തിന്റെ വിയോഗം ഏറെ ദുഃഖകരമാണെന്നും ചിത്ര കൂട്ടിച്ചേര്‍ത്തു.
ഒസിഡി സന്യാസസമൂഹാംഗമായ ഫാ. ഡോ. ജെസ്റ്റിന്‍ പനയ്ക്കല്‍, കുമ്പളങ്ങി സ്വദേശിയായ പനയ്ക്കല്‍ ജോബിന്റെ മകനാണ്. 1952-ല്‍ കര്‍മ്മലീത്ത നിഷ്പാദുക സഭയില്‍ അംഗമായ അദ്ദേഹം, 1962-ല്‍ തിരുപ്പട്ടം സ്വീകരിച്ചു. റോമില്‍ നിന്നും ദൈവശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും നേടിയ ശേഷം 1969 മുതല്‍ മംഗലപ്പുഴ പൊന്തിഫിക്കല്‍ സെമിനാരിയില്‍ പ്രൊഫസറായി സേവനം അനുഷ്ഠിച്ചു.
ഫാ. ജെസ്റ്റിന്‍ പനയ്ക്കലിന്റെ ഭൗതികദേഹം തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതല്‍ മഞ്ഞുമ്മല്‍ കര്‍മ്മലീത്ത ആശ്രമ ദൈവാലയത്തില്‍ പൊതുദര്‍ശനത്തിന് വെക്കും. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം മൂന്ന് മണിക്ക് മഞ്ഞുമ്മല്‍ കര്‍മ്മലീത്ത ആശ്രമ ദേവാലയത്തില്‍ നടക്കും. ക്രിസ്തീയ ഭക്തിഗാനശാഖയ്ക്ക് അതുല്യമായ സംഭാവനകള്‍ നല്‍കിയ ഈ സംഗീതജ്ഞന്റെ ഓര്‍മ്മകള്‍ സംഗീതാസ്വാദകരുടെ മനസ്സില്‍ എന്നും നിലനില്‍ക്കും.


