- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉള്ളിൽ തീ കോരിയിടുന്ന വാക്കുകളാൽ തീർത്ത ഗാനങ്ങളുമായി ജനമനസ്ലിൽ ഇടം പിടിച്ചു; മാവോയിസ്റ്റ് ആശയങ്ങളോട് വിട പറഞ്ഞ ശേഷം തെലങ്കാന സംസ്ഥാന രൂപീകരണത്തിനായി പോരാട്ടം; സിനിമയിൽ പാട്ടെഴുത്തും അഭിനയവും; നട്ടെല്ലിൽ തറച്ച ഒറ്റ ബുള്ളറ്റുമായി ജീവിതം; വിപ്ലവ ഗായകൻ ഗദ്ദർ വിടവാങ്ങി
ഹൈദരാബാദ്: വിപ്ലവ ഗായകൻ ഗദ്ദർ (ഗുമ്മുഡി വിറ്റൽ റാവു) അന്തരിച്ചു. 77 വയസായിരുന്നു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഞായറാഴ്ച ഉച്ചയോടെയാണ് മരണമുണ്ടായത്.
1980-കളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ്) അംഗമായ ഗദ്ദർ, സംഘടനയുടെ സാംസ്‌കാരിക വിഭാഗമായ ജനനാട്യ മണ്ഡലിയുടെ സ്ഥാപകനായിരുന്നു. മാവോയിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി നക്‌സലൈറ്റ് പ്രസ്ഥാനവുമായി ചേർന്നു പ്രവർത്തിച്ച ഗദ്ദർ 2017 ൽ മാവോയിസത്തോട് വിടപറഞ്ഞു.
്.
തെലങ്കാന സംസ്ഥാനത്തിന്റെ രൂപീകരണത്തിനായി പ്രവർത്തിച്ചിരുന്നു. ആന്ധ്രപ്രദേശ് വിഭജിച്ച് പ്രത്യേക സംസ്ഥാനം രൂപീകരിക്കുന്നതിനായുള്ള പോരാട്ടം 13 വർഷം നീണ്ടപ്പോൾ തന്റെ ഗാനങ്ങളിലൂടെ ജനമനസ്സുകളിൽ പുതിയ സംസ്ഥാനമെന്ന വികാരം ഗദ്ദർ നിറച്ചു. തീപ്പൊരി ചിതറുന്ന വാക്കുകളുടെ ഗാനങ്ങളായിരുന്നു അദ്ദേഹത്തിന്റെ ശക്തി. പിന്നീട് തെലുങ്കാന രൂപീകരണ പ്രസ്ഥാനത്തിന്റെ മുന്നിൽനിന്നു പ്രവർത്തിച്ചു.
1997 ഏപ്രിലിൽ ഗദ്ദറിനു നേരേ വധശ്രമം ഉണ്ടായി. അജ്ഞാതരുടെ വെടിയേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന ഗദ്ദറിനെ ഭാര്യയും മകനും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആറു ബുള്ളറ്റുകളാണ് ശരീരത്തിൽ തുളച്ചുകയറിയത്. അഞ്ചെണ്ണം പുറത്തെടുത്തു. നട്ടെല്ലിൽ തറച്ച ഒരു ബുള്ളറ്റുമായി ആയിരുന്നു പിന്നീടുള്ള ജീവിതം.
പാർലമെന്ററി രാഷ്ട്രീയത്തിന്റെ വിമർശകനായിരുന്ന ഗദ്ദർ ആദ്യമായി 2018 ൽ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. വിപ്ലവപ്രസ്ഥാനങ്ങളുമായി വഴിപിരിഞ്ഞ ശേഷമായിരുന്നു ഇത്. കഴിഞ്ഞ മാസം ഗദ്ദർ പ്രജാ പാർട്ടി എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
അഞ്ച് ദിവസം മുൻപ് രാഹുൽ ഗാന്ധിയെ കാണുകയും വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മതേതര പാർട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുമെന്നും പറഞ്ഞിരുന്നു. സജീവ രാഷ്ട്രീയം ഉപേക്ഷിച്ചതിനു ശേഷവും സാംസ്‌കാരിക രംഗത്ത് അദ്ദേഹം സജീവമായിരുന്നു. മൂന്ന് സിനിമകൾക്കുവേണ്ടി അദ്ദേഹം പാട്ട് എഴുതിയിട്ടുണ്ട്.
മാ ഭൂമി പോലുള്ള ചിത്രങ്ങളിൽ വേഷമിട്ടു. ബൻഡെങ്ക, ബൻഡി കട്ടി പടഹാരു ബണ്ട്‌ലും കട്ടി എന്ന പ്രശസ്ത ഗാനവും പാടി.