- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമൂഹിക അനീതികൾക്ക് എതിരെ അവസാനകാലം വരെ നാടകത്തിലൂടെ കലാപം; വിടപറഞ്ഞത് തലശേരിയുടെ ഹൃദയമിടിപ്പ് നാടകതാളമാക്കിയ കലാകാരൻ; രാമചന്ദ്രൻ മൊകേരിക്ക് നാടിന്റെ അന്ത്യാഞ്ജലി
തലശേരി: തലശേരിയുടെ രാഷ്ട്രീയ ഹൃദയമിടിപ്പിന്റെ താളം ഹൃദയത്തിലേറ്റുവാങ്ങിയ നാടകക്കാരനും അതിതീവ്രവിപ്ളവകാരിയുമായിരുന്നു രാമചന്ദ്രൻ മൊകേരി. തലശേരിയുടെ സാംസ്‌കാരിക ഭൂമിയിൽ കാലുറച്ചു നിന്നായിരുന്നു അദ്ദേഹത്തിന്റെ വളർച്ചയും സർഗാത്മകകലാപങ്ങളും. അക്കാദമിക് ബുദ്ധിജീവിയെന്നതിലുപരിയായി വ്യവസ്ഥിതിയോട് കലഹിക്കാനുള്ള ഉപകരണമായിരുന്നു രാമചന്ദ്രൻ മൊകേരിക്ക് നാടകം.
പൊരുതാനുള്ള ആയുധമാക്കി തന്റെ നാടകസങ്കൽപ്പങ്ങളെ അദ്ദേഹം നിരന്തരം നവീകരിച്ചു. തെരുവുനാടകങ്ങളുടെയും തെരുവ് സംഗീതത്തിന്റെയും സാധ്യതകളിലൂടെ സാമൂഹ്യ അനീതികൾക്കെതിരെ അവസാനകാലം വരെ നാടകകലയിലൂടെ കലാപം തുടർന്നു.
എഴുപതുകളിലും എൺപതുകളിലും കോഴിക്കോട് കേന്ദ്രമായി പ്രവർത്തിച്ചിരുന്ന സാംസ്‌കാരിക മുന്നേറ്റങ്ങളിൽ സജീവ സാന്നിധ്യം ആയിരുന്നു.
ഗുരുവായൂരപ്പൻ കോളേജിൽ അദ്ധ്യാപകനായിരിക്കെ സാംസ്‌കാരിക വേദി നടത്തിയ ജനകീയ വിചാരണയിലും തീവ്ര വിപ്ലവമുന്നേറ്റങ്ങളിലും ഇടപെട്ടു ജയിൽ വാസവും അനുഭവിച്ചു. പിൽക്കാലത്ത് ഒറ്റയാൻ വഴിയിലൂടെയായിരുന്നു മാഷിന്റെ യാത്ര. ജാതി വ്യവസ്ഥയുടെ നിഷ്ഠൂരതകളിൽ യാതനയനുഭവിക്കുന്ന അധ:കൃതന്റെ ശബ്ദമായിരുന്നു അവസാനനാളുകളിൽ മൊകേരിക്ക്. ആദിവാസി ഊരുകളിലും, തെരുവുകളിലും, രോഹിത് വെമുലയെക്കുറിച്ചു അദ്ദേഹം പാടി. ജാതിമത ചിന്തകൾ സമഗ്രമാക്കിയ പുതിയ കേരളത്തെയും അദ്ദേഹം കണക്കിന്കൊട്ടി.
ആദ്യകാലത്ത് തലശേരിയിലെ നാടകപ്രവർത്തനത്തിലും സജീവസാന്നിധ്യമായിരുന്നു. ബിഇഎംപി സ്‌കൂളിൽ അവതരിപ്പിച്ച 'അമ്മ', സ്പാർട്ടക്കസ് തുടങ്ങിയ നാടകങ്ങൾ ആദ്യകാല സഹപ്രവർത്തകരുടെ മനസിൽ മായാതെയുണ്ട്. സാഹിത്യകാരൻ എൻ ശശിധരനുമായി ചേർന്ന് ആവിഷ്‌കരിച്ച 'സ്വാതന്ത്ര്യം നിഷേധിക്കുന്നവരോട്' നാടകവും രാഷ്ട്രീയ പ്രതിരോധത്തിന്റെ ഭാഗമായിരുന്നു. രക്തസാക്ഷികൾ, ഒഞ്ചിയത്തിന്റെ കഥ തുടങ്ങിയ നാടകങ്ങൾ ആദ്യകാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടവയാണെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പവിത്രൻ മൊകേരി പറഞ്ഞു.
ചലച്ചിത്ര നിരൂപകൻ ഒ പി രാജ് മോഹനൊപ്പം ചേർന്ന് കണ്ണൂർ ഫിലിം സൊസൈറ്റി രൂപീകരിക്കുന്നതിലും പ്രധാന പങ്കുവഹിച്ചു. ചൊക്ലി ഒളവിലത്ത് താമസമാക്കിയ ശേഷം രാജേന്ദ്രൻ തായാട്ടിന്റെ തലശേരി പഴയബസ്സ്റ്റാന്റിലെ ഹരിതം ബുക്‌സായിരുന്നു ഇടത്താവളങ്ങളിലൊന്ന്. പാനൂരിനടുത്ത മൊകേരി കൂരാറ എകെജി നഗറിലെ കുനിയിൽ വാച്ചാലി ഗോവിന്ദന്റെയും ദേവിയുടെയും മകനായാണ് ജനനം.ശ്വാസ കോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഏതാനും ദിവസമായി കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജോൺ അബ്രഹാമിന്റെ അമ്മ അറിയാൻ, രവീന്ദ്രന്റെ ഒരേ തൂവൽ പക്ഷികൾ തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.
മലയാള നാടകവേദിയിൽ തനതായ പാത വെട്ടിത്തെളിഞ്ഞ ആദ്യപഥികരിലൊരാളാണ് രാമചന്ദ്രൻ മൊകേരി. നാടകത്തെ പ്രതിരോധത്തിന്റെ ആയുധമാക്കി മാറ്റി. നിരവധി ഷേക്‌സ്പിയർ നാടകങ്ങൾ സംവിധാനം ചെയ്തു. നാടക രചയിതാവ് കൂടിയാണ്. ഗുരുവായൂരപ്പൻ കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപകനായും ജോലിചെയ്തു. അന്താരാഷ്ട്ര നാടകോത്സവങ്ങളിൽ നാടകം അവതരിപ്പിച്ചു. തിരുവങ്ങാട് സ്‌പോർടിങ്ങ് യൂത്ത്‌സ് ലൈബ്രറിക്കുവേണ്ടി 'രക്തസാക്ഷികൾ' എന്ന നാടകം വി എം കൃഷ്ണൻനമ്പൂതിരിയോടൊപ്പം സംവിധാനം ചെയ്തു. ഒഞ്ചിയം കുഞ്ഞിരാമൻ മാസ്റ്റർ രചിച്ച 'ഒഞ്ചിയത്തിന്റെ കഥ' നാടകവും സംവിധാനരംഗത്ത് ശ്രദ്ധിക്കപ്പെട്ടതാണ്. ഭാര്യ: ഉഷാകുമാരി (അദ്ധ്യാപിക). രണ്ട് മക്കൾ. രാവിലെ 11.30 മുതൽ 12വരെ കൊഴിക്കോട് ടൗൺഹാളിൽ പൊതുദർശനത്തിന് വെച്ചു. സംസ്‌കാരം ഞായർ വൈകിട്ട് നാലിന് പാനൂർ ഒളവിലം പാത്തിക്കലിലെ വീട്ടുവളപ്പിൽ നടന്നു




