കണ്ണൂർ: പരസ്പരം വിവിധവിഷയങ്ങളിൽ പോരടിക്കുമ്പോഴും എതിരാളികളോട് പോലും രാഷ്ട്രീയത്തിനപ്പുറമായി അടുപ്പം പുലർത്തിയ നേതാക്കളിലൊരാളായിരുന്നു അന്തരിച്ച കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനി. അദ്ദേഹത്തിന്റെ വിയോഗമറിഞ്ഞ് ഞെട്ടലോടെ വിവിധ പാർട്ടി നേതാക്കൾ ഭൗതിക ശരീരം അവസാനമായൊന്നു കാണാനും ആദരാഞ്ജലിയർപ്പിക്കാനുമെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള സി.പി. എം നേതാക്കൾ പാച്ചേനിയുടെ വിയോഗത്തിൽ അനുശോചിച്ചു.

കണ്ണൂരിലെ യുവത്വത്തിന്റെ ഊർജ്ജസ്വലതയോടെ സജീവസാന്നിധ്യമാണ് സതീശൻ പാച്ചേനി നൽകിയതെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി രാമചന്ദ്രൻ എംഎൽഎ അനുശോചനസന്ദേശത്തിൽ പറഞ്ഞു. നിറഞ്ഞ ആത്മാർത്ഥതയോടെ തന്റെ രാഷ്ട്രീയ വിശ്വാസങ്ങളിൽ ഉറച്ചുനിന്നു മുൻപോട്ടു പോകാനുള്ള പ്രതിബദ്ധത പുലർത്തിയതാണ് അദ്ദേഹത്തിന്റെ സംഘടന ബോധം.രണ്ടു തവണ ഞങ്ങൾ കണ്ണൂരിൽ മത്സരം രംഗത്ത് ഉണ്ടായിരുന്നപ്പോഴും നിലനിന്നിരുന്ന സൗഹൃദ സാഹോദര്യതുല്യമായ ബന്ധം സൂക്ഷിക്കപ്പെട്ടു .രാഷ്ട്രീയത്തിൽ ഇനിയും ഏറെ മുന്നോട്ടു പോകാനുള്ള സമയം നിലനിൽകുമ്പോഴാണ് മരണത്തിലേക്കുള്ള യാത്ര അപ്രതീക്ഷിതമായി കടന്നുവന്നത് വാക്കുകൾക്കതീതമായ ദുഃഖത്തോടെ പാച്ചേനി ആദരാഞ്ജലികളർപ്പിക്കുന്നതായി കടന്നപ്പള്ളി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

സതീശൻ പാച്ചേനിക്കു ബിജെപി ദേശീയ നിർവാഹ സമിതി അംഗം പി കെ കൃഷ്ണദാസ് അന്ത്യോപചാരം അർപ്പിച്ചു. കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖമായിരുന്നു അദ്ദേഹം. താൻ വിശ്വസിക്കുന്ന രാഷ്ട്രീയത്തിന് വേണ്ടി സതീശൻ പാച്ചേനി വിശ്രമമില്ലാതെ പോരാടി. രാഷ്ട്രീയ എതിരാളികളോട് എന്നും സൗഹൃദം കാത്തുസൂക്ഷിക്കാൻ അദ്ദേഹത്തിന് സാധിച്ചു. പാച്ചേനിയുടെ ആകസ്മികമായ വിയോഗം രാഷ്ട്രീയ കേരളത്തിന് കനത്ത നഷ്ടം തന്നെയാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സഹപ്രവർത്തകരുടേയും ദുഃഖത്തിൽ പങ്കുചേരുന്നതായും സുരേന്ദ്രൻ അറിയിച്ചു

.സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ സിപിഐ ജില്ലാ കൗൺസിൽ അനുശോചിച്ചു. നിലപാടുകൾ മുറുകെ പിടിച്ച ആദർശ നിഷ്ഠയുള്ള ജനകീയ നേതാവിനെയാണ് നഷ്ടമായിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ വിയോഗം പൊതുസമൂഹത്തിന് തീരാനഷ്ടം തന്നെയാണെന്നു സി.പി. ഐ ജില്ലാസെക്രട്ടറി സി.പി സന്തോഷ് കുമാർ പറഞ്ഞു. മരണവിവരം അറിഞ്ഞയുടനെ സിപിഐ നേതാക്കളായ സി എൻ ചന്ദ്രൻ, സി പി ഷൈജൻ, സി രവീന്ദ്രൻ, താവം ബാലകൃഷ്ണൻ, വി കെ സുരേഷ് ബാബു എന്നിവർ എന്നിവർ ആശുപത്രിയിലെത്തി അന്തിമോപചാരമർപ്പിച്ചു.

കമ്മ്യൂണിസ്റ്റ് തറവാട്ടിൽ നിന്നും കോൺഗ്രസ് പാർട്ടിയുടെ അമരത്ത് എത്തിയ കർമ നിരതനായ നേതാവായിരുന്നു സതീശൻ പാച്ചേനി.മാർക്‌സിസം ചുവപ്പിച്ച പാച്ചേനിയുടെ മണ്ണിൽ നിന്ന് മാത്രമല്ല, കടുത്ത കമ്മ്യൂണിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് കൂടിയാണ് സംസ്ഥാന കോൺഗ്രസ്സിന്റെ മുൻ ജനറൽ സെക്രട്ടറി സതീശൻ പാച്ചേനി . പ്രമാദമായ മാവിച്ചേരി കേസിൽ ഉൾപ്പെടെ നിരവധി തവണ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ടി ജയിൽ ശിക്ഷ അനുഭവിക്കുകയും അനവധി കർഷക പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത സഖാവ് പാച്ചേനി ഉറുവാടന്റെ കൊച്ചു മകനാണ് സതീശൻ പാച്ചേനി.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സജീവ പ്രവർത്തകരും കർഷക തൊഴിലാളികളുമായ പരേതനായ പാലക്കീൽ ദാമോദരന്റെയും, മാനിച്ചേരി നാരായണിയുടെയും മൂത്ത മകനായി 1968 ജനുവരി 5 നാണ് മാനിച്ചേരി സതീശൻ എന്ന സതീശൻ പാച്ചേനിയുടെ ജനനം. അടിയന്തരാവസ്ഥയ്ക്കു ശേഷം അതിന്റെ ദുരുപയോഗത്തിനെതിരെ ഗുവാഹത്തിയിൽ നടന്ന എ.ഐ.സി.സി. സമ്മേളനത്തിൽ എ.കെ. ആന്റണി നടത്തിയ വിമർശനാത്മകമായ പ്രസംഗമാണ് ഇദേഹത്തെ ആദ്യം ആന്റണിയിലേക്കും പിന്നീട് കോൺഗ്രസ്സിലെക്കും ആകർഷിച്ചത്.

1979 ൽ പരിയാരം ഗവ.ഹൈസ്‌ക്കൂളിലെ ആദ്യ ബാച്ചിൽ തന്നെ കെ.എസ്.യു. യൂനിറ്റ് രൂപീകരിച്ച് അതിന്റെ പ്രസിഡന്റ് ആയാണ് സതീശൻ രാഷ്ട്രീയത്തിലേക്ക് ചുവടു വെച്ചത്. 1984 ൽ കണ്ണൂർ ഗവ.പോളി ടെക്‌നിക്കിൽ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിന് പഠിക്കവെ അവിടെ കെ.എസ്.യു.യൂനിറ്റ് പ്രസിഡന്റ് ആയി.1985 ൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി.എം ജേക്കബ് കേരളത്തിൽ സ്വകാര്യ പോളി ടെക്‌നിക്ക് അനുവദിച്ചതിനെതിരെ നടത്തിയ സമരത്തിലൂടെയാണ് സതീശൻ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ ശ്രദ്ധേയനാവുന്നത്. 1986 ൽ കെ.എസ്.യു. കണ്ണൂർ താലൂക്ക് സെക്രട്ടറിയും തൊട്ടടുത്ത വർഷം ജില്ലാ വൈസ് പ്രസിഡന്റുമായി.1989-1993 കാലയളവിൽ കെ.എസ്.യു സംസ്ഥാന കമ്മിറ്റിയംഗം, തൊണ്ണൂറ്റിമൂന്നു മുതൽ സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച ഈ യുവ നേതാവ് 1999 ൽ കെ.എസ്.യു വിന്റെ സംസ്ഥാന പ്രസിഡന്റായും നിയമിക്കപ്പെട്ടു.

ഇതിനിടെ ഇരിങ്ങൽ യു.പി. സ്‌കൂളിൽ തന്റെ അദ്ധ്യാപകനായിരുന്ന നിലവിലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം വി ഗോവിന്ദൻ മാസ്റ്റർക്കെതിരെ 1996 ൽ തളിപ്പറമ്പ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചു.ഇതിനിടെ കണ്ണൂർ എസ്.എൻ. കോളേജ്, പയ്യന്നൂർ കോളേജ് എന്നിവിടങ്ങളിലായി ബിരുദം പൂർത്തിയാക്കി. 2001 ലും 2006 ലും സാക്ഷാൽ വി എസ്. അച്യുതാനന്ദനെതിരെ മലമ്പുഴയിൽ കോൺഗ്രസ് പാർട്ടി രംഗത്തിറക്കിയത് സതീശനെയായിരുന്നു. 2009 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ പാലക്കാട് ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി മത്സരിച്ചു 2001 മുതൽ തുടർച്ചയായ പതിനൊന്നു വർഷക്കാലം കെപിസിസി. സെക്രട്ടറി സ്ഥാനം വഹിച്ചു .ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് കൺസ്യൂമർ ഫെഡ് ഡയറക്ടർ ആയി ശ്രദ്ധേയമായ പ്രവർത്തനം നടത്തിയിരുന്നു.കേന്ദ്ര ഗവ :കീഴിലുള്ള കപ്പാർഡ് ഡയരക്ടർ ആയും പ്രവർത്തിച്ചിട്ടുണ്ട്. സ്ഥാനമുള്ളപ്പോഴും, ഇല്ലാത്തപ്പോഴും താഴെക്കിടയിലുള്ള കോൺഗ്രസ് പ്രവർത്തകന്റെ ശബ്ദമായി മാറാനുള്ള കഴിവാണ് പാച്ചേയെ ജനകീയാൻ ആക്കുന്നത്.

തളിപ്പറമ്പ അർബൻ സഹകരണ ബാങ്കിൽ ജോലി ചെയ്യുന്ന കെ.വി.റീനയാണ് ഭാര്യ. കോഴിക്കോട് ദേവഗിരി കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന ജവഹറും ഉറുസിലിൻ സീനിയർ സെക്കന്ററി സ്‌കൂളിൽ പഠിക്കുന്ന സാനിയയുമാണ് മക്കൾ.തളിപ്പറമ്പ് കാർഷിക വികസന ബാങ്ക് സെക്രട്ടറി സുരേഷ് പാച്ചേനി സഹോദരനും,സിന്ധു,സുധ എന്നിവർ സഹോദരിയുമാണ്.

സതീശൻ പാച്ചേനിയുടെ ഭൗതിക ദേഹം വ്യാഴാഴ്‌ച്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് കണ്ണൂർ ചാല മിംസ് ഹോസ്പിറ്റലിൽ നിന്ന് അദ്ദേഹത്തിന്റെ തറവാട് വീടായ തളിപ്പറമ്പ് പാച്ചേനിയിലേക്ക് കൊണ്ടുപോയി. വൈകുന്നേരം നാലു മണിക്ക് തളിപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെച്ചു. തുടർന്ന് അദ്ദേഹത്തിന്റെ സഹോദരൻ സുരേഷിന്റെ അമ്മാന പാറയുള്ള ഭവനത്തിൽ വൈകുന്നേരം ആറുമണിക്ക് പൊതു ദർശനത്തിന് വെച്ചു. അവിടെനിന്ന് വെള്ളിയാഴ്‌ച്ച രാവിലെ ഏഴു മണിക്ക് കണ്ണൂർ ഡിസിസി ഓഫീസിൽ പൊതുദർശനത്തിന് വെക്കുകയും 11:30 മണിയോടുകൂടി വിലാപയാത്രയായി പയ്യാമ്പലം ശ്മശാനത്തിൽ സംസ്‌കാര ചടങ്ങുകൾ നടക്കുമെന്ന് മാർട്ടിൻ ജോർജ് അറിയിച്ചു.