കാഠ്മണ്ഡു: പ്രശസ്ത പർവ്വതാരോഹകൻ നോയൽ ഹന്ന നേപ്പാളിൽ വെച്ച് മരണമടഞ്ഞതായി സ്ഥിരീകരിച്ചു. നോർത്തേൺ അയർലൻഡ് സ്വദേശിയായ നോയൽ, അന്നപൂർണ്ണ മലനിരകളിൽ കയറി തിരികെ ഇറങ്ങുന്നതിനിടയിലാണ് മരണമടഞ്ഞത്. 26,545 അടി ഉയരമുള്ള കൊടുമുടി കീഴടക്കി തിരികെ വരുന്നതിനിടയിൽ തിങ്കളാഴ്‌ച്ച രാത്രി കാമ്പ് 4 ൽ വച്ചാണ് മരണമടഞ്ഞത്. പിന്നീട് താഴേക്ക് എത്തിച്ച മൃതദേഹം വിമാനമാർഗ്ഗം കാഠ്മണ്ഡുവിൽ എത്തിക്കുകയായിരുന്നു.

അതിസാഹസികനായിരുന്ന നോയലിന്റെ ഇഷ്ടമുള്ള വിനോദമായിരുന്നു ഉയരങ്ങൾ കീഴടക്കുക എന്നത്. പത്ത് തവണഎവറസ്റ്റ് കീഴടക്കിയ ഈ സാഹസികൻ ഏഴു ഭൂഖണ്ഡങ്ങളിലേയും ഉയരമുള്ള എല്ലാ കൊടുമുടികളും കീഴടക്കിയിട്ടുണ്ട്.ലോകത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ കെ 2 വിൽ കയറി വിജയകരമായി ഇറങ്ങുന്ന ആദ്യ ഐറിഷുകാരൻ കൂടിയാണ് അദ്ദേഹം.

ഇന്ത്യയെ ഏറെ ഇഷ്ടപ്പെട്ടിരുന്ന നോയൽ ഹന്ന, 2006-ൽ ആയിരുന്നു ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. പിന്നീട് ഇന്ത്യയുടെ കിഴക്കൻ തീരങ്ങൾ വരെ മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചു. രണ്ടാഴ്‌ച്ച നീണ്ടുനിന്ന മാരത്തോൺ റൈഡിനൊടുവിലായിരുന്നു അദ്ദേഹം ബംഗാൾ ഉൾക്കടൽ തീരത്ത് എത്തിയത്. പർവ്വതാരോഹക കൂടിയായ ഭാര്യ ലൈനിനൊപ്പം ഡ്രോമോറിലായിരുന്നു നോയൽ താമസിച്ചിരുന്നത്. 2016-ൽ ഇരുവരും ഒരുമിഃച്ച് എവറസ്റ്റ് കീഴടക്കുകയും ഉണ്ടായിട്ടുണ്ട്.

നോയൽ ഹന്നയുടെ മരണത്തിൽ മോൺ മൗണ്ടൻ അഡ്വഞ്ചേഴ്സ് അനുശോചനം രേഖപ്പെടുത്തി. തനിക്ക് ഏറെ പ്രിയപ്പെട്ട പർവ്വതാരോഹണത്തിനിടയിലാണ് അദ്ദേഹം മരിച്ചത് എന്നത് തികച്ചും യാദൃശ്ചികമായിരിക്കില്ല എന്ന് അനുശോചന സന്ദേശത്തിൽ പറയുന്നു. ലോകത്തിലെ പത്താമത്തെ ഉയരം കൂടിയ കൊടുമുടിയായ അന്നപൂർണ്ണ മണ്ണിടിച്ചിൽ പോലുള്ള അപകടങ്ങൾക്ക് ഏറെ കുപ്രസിദ്ധമാണ്. എവറസ്റ്റിലേതിനേക്കാൾ കൂടുതൽ ആളുകൾ മരണമടഞ്ഞിട്ടുള്ളതും ഇവിടെയാണ്.

മരണവാർത്ത അറിഞ്ഞ ഉടൻ തന്നെ ഹെലികോപ്റ്ററുകളുമായി രക്ഷാപ്രവർത്തകർ എത്തിച്ചേർന്നു. മറ്റ് മൂന്ന് ഇന്ത്യൻ പർവ്വതാരോഹകരെ തേടിയായിരുന്നു അത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് റെക്കോർഡ് ജേതാവായ ബൽജീത് കൗർ, അർജുൻ വാജ്പേയ് എന്നീ പർവ്വതാരോഹകരെ രക്ഷപ്പെടുത്തിയത്. തിങ്കളാഴ്‌ച്ച തന്നെ കൊടുമുടീയുടെ മുകളിൽ എത്തിയെങ്കിലും പിന്നീട് കൗർ രോഗബാധിതയാകുകയായിരുന്നു. അവരെ കാഠ്മണ്ഡുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരു വൻ വിള്ളലിലേക്ക് വീണുപോയ 34 വയസ്സുള്ള മറ്റൊരു ഇന്ത്യൻ പർവ്വതാരോഹകനെ ഇനിയും കണ്ടെത്തിയിട്ടില്ല.