ലണ്ടൻ: പ്രിയ മകളെ ചുംബിച്ചു കൊതി തീരാതെ മാറി മാറി സ്നേഹവലയത്തിലാക്കാൻ പ്രയാസപ്പെടുന്ന മാതാപിതാക്കളായ സൗമ്യയും ജോബിയും. അടക്കിപ്പിടിച്ച സങ്കടം ഇടയ്ക്കിടെ അണപൊട്ടിയൊഴുകുമ്പോൾ ഇരുവർക്കും നിയന്ത്രണം നഷ്ടമാകും. പ്രത്യേകിച്ചും കവൻട്രിയിൽ നിന്നെത്തിയ മലയാളി സുഹൃത്തുക്കളെയും ജിസ് മോളുടെ കൂട്ടുകാരെയും ഒക്കെ കാണുമ്പോൾ ആ സങ്കടം രണ്ടുപേരെയും നിന്നുരുകും വിധം തളർത്തി കളയുക ആയിരുന്നു. പ്രിയ കൂട്ടുകാരെ കാണുമ്പോൾ നെഞ്ചോടമർത്തി തന്റെ ദുഃഖം പങ്കിടാൻ ജോബി ശ്രമിക്കുമ്പോൾ കവൻട്രിയിൽ നിന്നും ചേർത്ത് പിടിക്കാൻ എത്തിയ കൂട്ടുകാരെ കാണുമ്പോൾ കയ്യിൽ കരുതിയ തോർത്തിൽ മുഖം അമർത്തി കരയാൻ മാത്രമേ സൗമ്യയ്ക്ക് സാധികുമായിരുന്നുള്ളൂ.

ഞായറാഴ്ച മൂവാറ്റുപുഴയാറിൽ നടന്ന അപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട മക്കളായ ജോയലും ജ്യുവലും അമ്മയുടെ ഇരുവശവും നിന്നും മുത്തം നൽകിയും കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീർ തുടച്ചെടുത്തും കൂടെ നിന്ന കാഴ്ചയാകട്ടെ ആർക്കും കണ്ടുനിൽക്കാൻ പോലും സാധിക്കുന്നതായിരുന്നില്ല. ജോബിയും സൗമ്യയും കരഞ്ഞു കരഞ്ഞു തളരുമ്പോഴും ആശ്വസിപ്പിക്കാൻ പോലും സാധിക്കാതെ നാട്ടുകാരും ഒപ്പം കരഞ്ഞു ഉരുകുക ആയിരുന്നു. ഒരാളിൽ പോലും ധൈര്യത്തോടെ ആ മാതാപിതാക്കൾക്ക് ആശ്വാസം നൽകാൻ ഉള്ള ഒരു മുഖഭാവം കണ്ടെത്താനായില്ല എന്നതാണ് അരയങ്കാവിൽ മുണ്ടയ്ക്കൽ വീട്ടിൽ ജിസ്മോൾക്കും ഒപ്പം മരണ ചുഴിയിൽ കൂടെ ചേർന്ന പേരപ്പൻ ജോൺസണും വിട വാങ്ങൽ നൽകുമ്പോൾ ഇന്നലെ ഉച്ചക്ക് കാണാനായ സത്യം.

ഒട്ടും വ്യത്യസ്തമായിരുന്നില്ല അയ്യായിരം മൈൽ അകലെ കവൻട്രിയിൽ ഇന്നലെ വൈകുനേരം ജോണ് ഫിഷർ പള്ളിയിൽ കണ്ട കാഴ്ചകളും. ജിസ് മോൾ പഠിച്ച ജോൺ ഫിഷർ സ്‌കൂളിലെ അദ്ധ്യാപകരും ഇപ്പോൾ പഠിക്കുന്ന റഗ്‌ബി ഗേൾസ് ഗ്രാമർ സ്‌കൂളിലെ അദ്ധ്യാപകരും കൂട്ടുകാരും ബന്ധുക്കളും അയൽവാസികളും നാട്ടുകാരും ഒക്കെ ചേർന്നപ്പോൾ സൃഷ്ടിക്കപ്പെട്ടതും കണ്ണീർ ചാലുകൾ തന്നെയാണ്. സൗമ്യയും ജോബിയും ജോലി ചെയ്യുന്ന കവൻട്രി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ നിന്നെത്തിയ മാനേജരും മലയാളി സംഘടന പ്രതിനിധികളും വൈദികരും ഒക്കെ ഓരോ വാക്ക് പറയാനും അസാധാരണമായി പ്രയാസപ്പെടുന്ന കാഴ്ചയാണ് ജിസ് മോളുടെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കാനും സ്മരണകൾ പങ്കിടാനും വേണ്ടി ഒന്നിച്ചു കൂടിയവർക്കിടയിൽ കാണാനായത്.

കഴിഞ്ഞ ഞായറാഴ്ച മുതൽ മരവിച്ച മനസോടെ നിന്ന തോട്ടറ ഗ്രാമദേശം മുഴുവൻ ഒന്നിച്ചു അരയങ്കാവിലെ ജോബിയുടെ വീട്ടിലേക്ക് ഒന്നിച്ചൊഴുകുക ആയിരുന്നു. പ്രധാന റോഡിൽ നിന്നും ജോബിയുടെ വീട്ടിലേക്കുള്ള ചെറു റോഡിലെ രണ്ടു കിലോമീറ്റർ ദൂരവും വാഹനങ്ങളും ജനങ്ങളും ഒന്നിച്ചു ചേർന്നതോടെ ആർക്കും വേഗത്തിൽ എത്തി മടങ്ങാനാകാത്ത നിലയിലായി. തിരക്ക് മൂലം വീട്ടിലെ പ്രാർത്ഥനാ ചടങ്ങുകൾ പൂർത്തിയാകും മുന്നേ അനേകമാളുകൾ തോട്ടറ പള്ളി ലക്ഷ്യമാക്കി എത്തുക ആയിരുന്നു.

പതിവിൽ കവിഞ്ഞ നിലയിൽ യുകെ മലയാളികൾ നാട്ടിൽ അവധി പ്രമാണിച്ച് എത്തിയതിനാൽ സാധിക്കുന്നവരൊക്കെ ഇന്നലെ ജോബിയുടെ വീട്ടിൽ എത്തിയതും യുകെ മലയാളികളുടെ സാഹോദര്യ സ്നേഹത്തിന് ഒരിക്കൽ കൂടി തെളിവായി. മനസ് കൊണ്ട് ജോബിയെയും സൗമ്യയെയും ചേർത്ത് പിടിക്കുകയാണ് എന്ന് തെളിയിച്ച് ഇന്നലെ ജിസ് മോളുടെ സംസ്‌കാര ചടങ്ങുകൾ കാൽ ലക്ഷത്തിൽ അധികം ആളുകളാണ് ഓൺലൈനിൽ വീക്ഷിക്കാൻ എത്തിയത്.

സ്നേഹത്തിൽ പൊതിഞ്ഞെടുത്ത പൂക്കളുമായിട്ടാണ് ഓരോ യുകെ മലയാളി കുടുംബവും ജോബിയെ കാണാൻ എത്തിയത്. കവൻട്രി മലയാളികളായ ദീപേഷ് സ്‌കറിയ, ജോമോൻ, ഡോ. ജിനു കുര്യാക്കോസ്, മഹേഷ് കൃഷ്ണൻ, ജിന്റോ, പ്രദീപ്, പാസ്റ്റർ ജിജി, സാജു തുടങ്ങി അനേകമാളുകളാണ് ജിസ് മോൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. ബ്രിട്ടീഷ് മലയാളി വായനക്കാർക്ക് വേണ്ടി ദീപേഷ് സ്‌കറിയ പുഷ്പചക്രം അർപ്പിച്ച് ആദരഞ്ജലികൾ നേർന്നു. പ്രിയ കൂട്ടുകാരിയുടെ ഓർമ്മകൾ ഇടറിയ സ്വരത്തിൽ സഹപാഠികളായ റെജുഷ ജിനു, അഭിയ മഹേഷ്, ഐറിൻ എന്നിവരൊക്കെ പങ്കിടുമ്പോൾ അടക്കിപ്പിടിച്ച നിസ്വനമായിരുന്നു എവിടെയും ഉയർന്നത്.

അണമുറിയാതെ എത്തിക്കൊണ്ടിരുന്ന ജനപ്രവാഹം നിലയ്ക്കാൻ കാത്തു നിൽക്കാതെ ഇരു മൃതദേഹങ്ങളും ഒടുവിൽ പള്ളിയിലേക്ക് എത്തിക്കുമ്പോഴേക്കും നാട്ടുകാരിൽ പലരും വീണ്ടും വീണ്ടും നാലു ദിവസത്തെ കണ്ണീർ ഇനിയും ബാക്കിയാണെന്ന് ഓർമ്മപ്പെടുത്തി എത്തികൊണ്ടിരിക്കുക ആയിരുന്നു. ഒടുവിൽ പള്ളിയിലെ ചടങ്ങുകളും അവസാനിക്കുമ്പോൾ ശവപേടകം അടയ്ക്കാൻ അവസരം നൽകാതെ ജോബിയും സൗമ്യയും മാറിമാറി മകൾക്കായി അന്ത്യചുംബനം നൽകുന്ന കാഴ്ചകൾ ഹൃദയത്തെ കൊത്തിവലിക്കും വേദനയോടെയാണ് ഏവരും കണ്ടു നിന്നത്. പ്രിയ മകൾക്ക് ആവോളം ചുംബനം നൽകട്ടെ എന്ന ചിന്തയോടെ പ്രിയപ്പെട്ടവരും ബന്ധുക്കളും ഒരു തിരക്കും കാട്ടാതെ സൗമ്യയ്ക്കും ജോബിക്കും വലയമായി. ഒടുവിൽ ഒരു വിധം പ്രയാസപ്പെട്ടു ജോബി മകളുടെ മുഖത്ത് തിരശീല വിരിച്ചതോടെ ഇനിയും ആ മാതാപിതാക്കൾക്കു നിശ്ചേതനയായി കിടക്കുന്ന മകളെ കണ്ടുനിൽകാനാകില്ല എന്നുറപ്പിച്ച നാട്ടുകാരും ബന്ധുക്കളും അതിവേഗം സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കുക ആയിരുന്നു.

അധികം വൈകാതെ തോട്ടറയിൽ നടന്ന രംഗങ്ങളുടെ പുനരവർത്തനമായി കവൻട്രിയിലും. വിമ്മിപ്പൊട്ടി നിൽക്കുന്ന മനസോടെയാണ് നൂറുകണക്കിന് ആളുകൾ ജിസ്മോൾക്ക് അന്ത്യാഞ്ജലി നേരാൻ ജോണ് ഫിഷർ പള്ളിയിൽ എത്തിയത്. കത്തിച്ച മെഴുകുതിരികൾക്ക് നടുവിൽ അതിലേറെ പ്രശോഭിതമായ മുഖത്തോടെ ജിസ്മോളുടെ ചിത്രം സ്ഥാപിച്ചു അതിൽ പുഷ്പാർച്ചന നടത്തിയാണ് പള്ളിയിൽ അനുസ്മരണ ചടങ്ങുകൾ ആരംഭിച്ചത്. കഴിഞ്ഞ ഞായറാഴ്ചയും ജിസ് മോളുടെ വേർപാടിൽ വേദനിക്കുന്ന കൂട്ടുകാർക്കും പ്രിയപ്പെട്ടവർക്കുമായി പ്രാർത്ഥന ചടങ്ങുകൾ നടത്തിയിരുന്നു. നാട്ടിൽ പോകുന്നതിനു രണ്ടാഴ്ച മുൻപ് പോലും പള്ളിയിൽ എത്തി തന്നോട് സംസാരിച്ച മിടുക്കിയായ പെൺകുട്ടിയുടെ ഓർമ്മകൾ നിറഞ്ഞ സ്നേഹത്തോടെയാണ് ഫാ. ഡെസ് ഡെവണി ഏവരുമായി പങ്കുവച്ചത്.

നാളെ തന്റെ അങ്കിളിന്റെ സംസ്‌കാര ചടങ്ങുകൾ അയർലണ്ടിൽ നടക്കാൻ ഇരിക്കെ ജിസ് മോൾക്ക് വേണ്ടി ഒരിക്കൽ കൂടി പ്രാർത്ഥിക്കണം എന്നതുകൊണ്ടാണ് ഈ ചടങ്ങിൽ പങ്കെടുക്കുന്നതെന്നു ഫാ. ഡെസ് എടുത്തു പറഞ്ഞു. ക്രിസ്ത്യൻ വിശ്വാസ പ്രകാരം മരണത്തിൽ അതിരു വിട്ടു വേദനിക്കാൻ ആകില്ലെങ്കിലും സാധാരണ മനുഷ്യരായ നമുക്ക് അത് കഴിയാതെ പോകുന്നത് ദൈവത്തിന്റെ ആഗ്രഹം മറ്റൊരു വിധമാണ് എന്ന് മനസിലാക്കാൻ പറ്റാത്തതുകൊണ്ടാണ് എന്നും ആശ്വാസത്തിന്റെ മേമ്പൊടി ചാലിച്ച് അദ്ദേഹം പറഞ്ഞത് സൗമ്യയുടേയും ജോബിയുടെയും ദുഃഖത്തിന്റെ തീവ്രത തീർത്തും അറിഞ്ഞു കൊണ്ട് തന്നെയാണ്. മലയാളി വൈദികരായ ജസ്റ്റിൻ കാരക്കട്ട, അബി വടക്കേക്കാട്, ജിൻസ് കണ്ടക്കാട്ട്, അജൂബ് തോട്ടണിയിൽ എന്നിവർ മുഴുവൻ സമയ സാന്നിധ്യമായി പ്രാർത്ഥന വേളയിൽ നിറഞ്ഞു നിന്നു.

ബ്രിട്ടീഷുകാരും മലയാളികളും ഒരുപോലെ തിങ്ങി നിറഞ്ഞ പള്ളിയിൽ ഇംഗ്ലീഷിലും മലയാളത്തിലുമായാണ് പ്രാർത്ഥന ചടങ്ങുകൾ പൂർത്തിയായത്. ജിസ്മോളുടെ ഓർമ്മകൾ വെസ്റ്റേൺ സൂപ്പർ മേയറിലെ സഹോദരങ്ങളായ സാനിയ, സ്റ്റേജിൻ, സ്റ്റിയോ എന്നിവർ പങ്കിടുമ്പോൾ വീട്ടിലെ എല്ലാ കാര്യങ്ങളുടെയും നെടും തൂൺ ആയിരുന്ന ഒരു പെൺകുട്ടി കൂടിയാണ് കുടുംബത്തിന് നഷ്ടമായത് എന്ന തിരിച്ചറിവാണ് ഏവരിലും ഉണ്ടായത്. അമ്മയെ സഹായിക്കാനും അമ്മക്ക് പഠിക്കാനും ഒക്കെയായി തന്റെ പഠന സമയത്തിനൊപ്പം തുണയായി നിന്ന മകളായിരുന്നു ജിസ് മോൾ. വീട്ടിൽ എത്തുന്ന ഇമെയിലുകൾക്ക് മറുപടി അയക്കുന്നതും കുടുംബത്തിന്റെ അവധിക്കാല യാത്രകൾ ബുക്ക് ചെയ്യുന്നതും ഒക്കെ ജിസ് മോളുടെ ജോലി ആയിരുന്നു. ഭാവിയിൽ ഒരു ഡോക്ടർ ആയി തീരാനുള്ള നിശ്ചയ ദാർഢ്യത്തോടെയാണ് ജിസ് മോൾ പഠിച്ചിരുന്നത് എന്നും സമപ്രായക്കാരായ ബന്ധുക്കളായ കുട്ടികൾ പറയുമ്പോൾ മിടുക്കിയായ മകളുടെ വേർപാട് സൃഷ്ടിക്കുന്ന ശൂന്യത കൂടിയാണ് കേട്ടിരുന്നവരിൽ ബാക്കിയായത്.

തോമസ് പാതിയിൽ, ഷിൻസൺ മാത്യു എന്നിവർ മുൻകൈ എടുത്തു നടത്തിയ ചടങ്ങിൽ സ്‌കൂൾ അദ്ധ്യാപകരും കൂട്ടുകാരും ഒക്കെ നോവൂറുന്ന ഓർമ്മകളാണ് പങ്കിട്ടത്. റഗ്‌ബി ഗേൾസ് സ്‌കൂൾ ഡെപ്യൂട്ടി ഹെഡ് ടീച്ചർ ജോവാന, സെന്റ് ജോൺ ഫിഷർ സ്‌കൂൾ അദ്ധ്യാപകർ ബർട്ടൻ, സ്മിത്ത് എന്നിവർ പങ്കുവച്ചത് സ്‌കൂളിൽ നിറഞ്ഞു നിന്ന ഒരു വിദ്യാർത്ഥിനിയുടെ ചിത്രം കൂടിയാണ്. തങ്ങൾക്കൊപ്പം എന്ത് സഹായത്തിനും ഒരു പേരുണ്ടെങ്കിൽ അത് ജിസ് മോളുടേത് ആയിരുന്നു എന്നാണ് കൂട്ടുകാരായ റീത്ത, ആഞ്ചേല, ക്രിസ്ലിൻ, എന്റെൽ എന്നിവർ പൊതുവായി പങ്കിട്ട ഓർമ്മക്കുറിപ്പ്.

യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ വാർഡ് 20 മാനേജർ ക്ലെയർ വാക്കുകൾ ഇടറി പറഞ്ഞത് പ്രതിസന്ധികളോട് പൊരുതി ബ്രിട്ടനിൽ കാലുറപ്പിക്കാൻ ശ്രമം നടത്തിയ സൗമ്യയെക്കുറിച്ചുള്ള അഭിമാനം തുളുമ്പുന്ന വാക്കുകൾ ആയിരുന്നു. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും വേണ്ടി നന്ദി പറയാൻ അവസരം എത്തിയത് കുടുംബ സുഹൃത്ത് കൂടിയായ നൈസി ജെയ്‌സണിലാണ്. ഇത്തരത്തിൽ ഒരു കുടുംബത്തെ ഒന്നാകെ സ്നേഹത്തിൽ പൊതിഞ്ഞു സമൂഹമെന്ന നിലയിൽ പ്രയാസ സമയത്ത് കരുതലും കാവലും ആകണം എന്ന ഓർമ്മപ്പെടുത്തലോടെയാണ് ജിസ് മോളുടെ ഓർമ്മകളിൽ നിറഞ്ഞു തുളുമ്പിയ അനുസ്മരണ ചടങ്ങിന് പരിസമാപ്തിയായത്.