കൊച്ചി: ഇല്ലാത്തതിനെക്കുറിച്ച് വേവലാതിപ്പെടാതെ ഉള്ളതുകൊണ്ട് സന്തോഷമായി പോവുക, അതായിരുന്നു മട്ടാഞ്ചേരിയിലെ ഈ കലാകാരന്റെ ഇഷ്ടം. ചെറിയ വേഷങ്ങളിലാണെങ്കിലും സിനിമയിൽ നിലനിൽക്കുന്നുണ്ടല്ലോ, അതുതന്നെ സന്തോഷം എന്നാണ് കലാഭവൻ ഹനീഫ് പഴയ ഒരു അഭിമുഖത്തിൽ പറഞ്ഞത്.

മട്ടാഞ്ചേരിയിൽ, ഹംസയുടെയും സുബൈദയുടെയും മകനായി ജനിച്ച ഹനീഫ് സ്‌കൂളിൽ പഠിക്കുന്ന കാലത്തുതന്നെ മിമിക്രി ചെയ്തിരുന്നു. വിദ്യാഭ്യാസത്തിനു ശേഷം ഒരു സെയിൽസ്മാനായി അദ്ദേഹം ജോലി ചെയ്യുന്നതിനൊപ്പം തന്നെ നാടക വേദികളിലും സജീവമായി. നാടകത്തിലൂടെ തുടങ്ങിയ കലാജീവിതം ഹനീഫിനെ കലാഭവനിൽ കൊണ്ടെത്തിച്ചു. പിന്നീട് കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി ആർട്ടിസ്റ്റായി അദ്ദേഹം മാറി.

അന്തരിച്ച നടൻ സൈനുദീൻ ഹനീഫിന്റെ അയൽക്കാരനായിരുന്നു. സൈനുദ്ദീൻ അന്നേ മിമിക്രിയിലും സിനിമയിലുണ്ട്. സൈനുദ്ദീൻ വഴിയാണ് ഹനീഫ് കലാഭവനിലെത്തുന്നത്. പിന്നീട് നിരവധി സ്റ്റേജ് ഷോകൾ അവതരിപ്പിച്ചു. സിനിമയിലെത്തിയിട്ട് ഇപ്പോൾ 33 വർഷം കഴിയുമ്പോഴാണ് വിടവാങ്ങൽ.

അങ്ങനെ താരപരിവേഷമൊന്നുമില്ലാത്ത ജീവിതമാണ് ഹനീഫ് നയിച്ചത്. തന്റെ ജീവിതത്തെ കുറിച്ച് ഹനീഫ് ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ: 'മട്ടാഞ്ചേരിക്കും ഫോർട് കൊച്ചിക്കും ഇടയിലുള്ള കപ്പലണ്ടിമുക്ക് എന്ന സ്ഥലത്തായിരുന്നു എന്റെ തറവാട്. വാപ്പ, ഉമ്മ, ഞങ്ങൾ 5 മക്കൾ. അതിൽ മൂത്തതാണ് ഞാൻ. ഇതായിരുന്നു കുടുംബം. വാപ്പയ്ക്ക് ഒരു സ്റ്റേഷനറി കടയായിരുന്നു. അന്ന് മട്ടാഞ്ചേരി ഇന്നത്തെപ്പോലെയല്ല. സജീവമായ ഒരു വ്യാപാരകേന്ദ്രമായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ വ്യാപാരത്തിനായി വന്നു പോവുകയും തമ്പടിക്കുകയും ചെയ്ത നാട്. അങ്ങനെ പല വിധ സംസ്‌കാരങ്ങൾ അവിടെയുണ്ടായി. പിന്നീടാണ് വാണിജ്യപ്രാധാന്യം നഷ്ടപ്പെട്ട് ടൂറിസം കേന്ദ്രമായി മാറുന്നത്.'

'ഓടിട്ട ഒരു കൊച്ചുവീടായിരുന്നു ഞങ്ങളുടേത്. അതിൽ കൂട്ടുകുടുംബമായി നിറയെ ആളുകളും. ചുറ്റുവട്ടത്തെല്ലാം ബന്ധുവീടുകളാണ്. എവിടെങ്കിലും പോയി വീട്ടിലേക്ക് മടങ്ങുമ്പോൾ ഒന്നരകിലോമീറ്റർ അകലെവച്ചേ വീട്ടിലുള്ളവർക്ക് വിവരമെത്തും എന്ന് തമാശയ്ക്ക് പറയുമായിരുന്നു. സ്‌നേഹം കണ്ടും കൊണ്ടും പങ്കുവച്ചും വളർന്ന കാലം. അന്ന് വീടുകൾക്കൊന്നും മതിലുകൾ ഇല്ലായിരുന്നു, ആൾക്കാരുടെ മനസ്സിലും... ഇപ്പോൾ കാലംമാറി. പഴയ കാലത്തെകുറിച്ചു പറഞ്ഞാൽ പുതുതലമുറയ്ക്ക് കേൾക്കാൻ പോലും താൽപര്യമുണ്ടാകണമെന്നില്ല.', ഹനീഫ് ഓർമകളിലേക്ക് കടന്നത് ഇങ്ങനെ.

സിനിമയിൽ ശ്രദ്ധിക്കപ്പെട്ടിട്ടും വാടക വീടുകളിലായിരുന്നു ഹനീഫിന്റെ താമസം. വാടക വീടുകളെ സ്വന്തം വീടുകളായ കരുതി ജീവിച്ച ആളാണെന്ന് താനെന്നും ഹനീഫ് പറഞ്ഞിട്ടുണ്ട്. സിനിമയിൽ, വലിയ വേഷങ്ങൾ കിട്ടാത്തതിലും ഹനീഫിന് പരാതിയില്ലായിരുന്നു. 'മമ്മൂക്ക ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്. നീയൊക്കെ സിനിമയുടെ സെയ്ഫ് സോണിലാണെന്ന്. ഇടയ്ക്ക് കിട്ടുന്ന പടം ചെയ്യുക, ജീവിതം മുന്നോട്ടു കൊണ്ടുപോവുക.. ഇതല്ലാതെ ടെൻഷനുകളില്ല എന്ന്. ഒരർഥത്തിൽ അതും ശരിയാണ്..എന്റെ കാലത്ത് സിനിമയിലെത്തിയ പലരും സിനിമ ഉപേക്ഷിച്ചു. ചിലരെ സിനിമ ഉപേക്ഷിച്ചു. ചിലർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. ഞാൻ ഇപ്പോഴും ചെറിയ വേഷങ്ങളിലാണെങ്കിലും സിനിമയിൽ നിലനിൽക്കുന്നുണ്ടല്ലോ. അതുതന്നെ സന്തോഷം', ഹനീഫ് മുമ്പ് പറഞ്ഞത് ഇങ്ങനെ.

1990-ൽ ചെപ്പു കിലുക്കണ ചങ്ങാതി എന്ന ചിത്രത്തിലൂടെയാണ് കലാഭവൻ ഹനീഫ് സിനിമയിൽ തുടക്കംകുറിക്കുന്നത്. 2001-ൽ റിലീസ് ചെയ്ത ദിലീപ് ചിത്രങ്ങളായ ഈ പറക്കും തളികയിലെ കല്യാണചെറുക്കന്റെ വേഷവും, പാണ്ടിപ്പടയിലെ ചിമ്പു എന്ന കഥാപാത്രവും ഹനീഫിന്റെ അഭിനയജീവിതത്തിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച വേഷങ്ങളായിരുന്നു. നൂറ്റിഅൻപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകൾ കൂടാതെ അറുപതോളം ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 'കോമഡിയും മിമിക്‌സും പിന്നെ ഞാനും' അടക്കം പല ടെലിവിഷൻഷോകളുടെ ഭാഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കകത്തും വിദേശത്തുമായി നിരവധി മിമിക്രിഷോകളിൽ ഹനീഫ് പങ്കെടുത്തിട്ടുണ്ട്.

കലാഭവൻ ഹനീഫിന്റെ ഭാര്യയുടെ പേര് വാഹിദ. രണ്ട് മക്കളാണ് അവർക്കുള്ളത്. ഷാരൂഖ് ഹനീഫ്, സിത്താര ഹനീഫ്.