- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനുഷ്യാവകാശങ്ങള്‍ക്കായി പോരാടി; വയനാട്ടിലെ ആദിവാസി കുട്ടികളെ സ്വയം പര്യാപ്തമാക്കാന്‍ മുന്നിട്ടിറങ്ങി; വിപ്ലവമായ ജീവിതം; കനവ് ബേബി അന്തരിച്ചു
കല്പറ്റ: നോവലിസ്റ്റും നാടകകൃത്തും സാംസ്കാരിക, വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ കനവ് ബേബി (കെ.ജെ. ബേബി-70) അന്തരിച്ചു. വയനാട് ചീങ്ങോട്ടെ നടവയല്‍ വീടിന് സമീപം ഞായറാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആദിവാസി പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം നല്കുന്ന ബദല്‍ വിദ്യാഭ്യാസ കേന്ദ്രമായ കനവിന്റെ പിന്നിലെ ചാലക ശക്തിയായിരുന്നു. 2006ല്‍ ബേബി കനവിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറുകയും അവിടെ പഠിച്ച മുതിര്‍ന്ന കുട്ടികളെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. കനവില്‍ പഠിച്ച 24 പേര് അംഗങ്ങളായ ട്രസ്റ്റാണ് ഇപ്പോള്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ […]
കല്പറ്റ: നോവലിസ്റ്റും നാടകകൃത്തും സാംസ്കാരിക, വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ കനവ് ബേബി (കെ.ജെ. ബേബി-70) അന്തരിച്ചു. വയനാട് ചീങ്ങോട്ടെ നടവയല്‍ വീടിന് സമീപം ഞായറാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആദിവാസി പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം നല്കുന്ന ബദല്‍ വിദ്യാഭ്യാസ കേന്ദ്രമായ കനവിന്റെ പിന്നിലെ ചാലക ശക്തിയായിരുന്നു.
2006ല്‍ ബേബി കനവിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറുകയും അവിടെ പഠിച്ച മുതിര്‍ന്ന കുട്ടികളെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. കനവില്‍ പഠിച്ച 24 പേര് അംഗങ്ങളായ ട്രസ്റ്റാണ് ഇപ്പോള്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വയനാട്ടിലെ ആദിവാസി ജനവിഭാഗത്തിലെ കുട്ടികളെ മുഖ്യധാരയിലെത്തിക്കാന്‍ അശ്രാന്തം പരിശ്രമിച്ച വ്യക്തിയാണ് കെ ജെ ബേബി. മനുഷ്യാവകാശങ്ങള്‍ക്കായി പോരാടിയ ജീവിതം. വയനാട്ടിലെ പിന്നാക്ക വിഭാഗത്തിന്റെ വികസനത്തിനായി ജീവിതം മാറ്റിവച്ച സാമൂഹിക പ്രവര്‍ത്തകനായിരുന്നു അദ്ദേഹം.
വീടിനോട് ചേര്‍ന്നുള്ള കളരിയില്‍ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവാണ് കെ ജെ ബേബി. പിന്നാക്കവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ക്കായി പോരാടിയിരുന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. നാടുഗദ്ദിക എന്ന അദ്ദേഹത്തിന്റെ നാടകം പ്രശസ്തമാണ്. കണ്ണൂര്‍ ജില്ലയിലെ മാവിലായിയില്‍ 1954 ഫെബ്രുവരി 27നാണ് ബേബിയുടെ ജനനം. 1973-ല്‍ കുടുംബം വയനാട്ടിലേക്ക് കുടിയേറിപ്പാര്‍ത്തു. വയനാട്ടില്‍ നടവയലില്‍ ചിങ്ങോട് ആദിവാസി കുട്ടികള്‍ക്കായി, 1994 ല്‍ കനവ് എന്ന ബദല്‍ വിദ്യാകേന്ദ്രം ആരംഭിച്ചു. വയനാട്ടിലെ ആദിവാസി കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും സ്വയം പര്യാപ്തരാക്കാനും വേണ്ടിയാണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.
അടിയന്തരാവസ്ഥക്കാലത്ത് സാംസ്കാരിക വേദി പ്രവര്‍ത്തകനായിരുന്ന ബേബി തന്റ 'നാടുഗദ്ദിക' എന്ന നാടകവുമായി കേരളമെമ്പാടും സഞ്ചരിച്ചു. വയനാട് സാംസ്കാരികവേദി എന്ന സംഘടനയാണ് 18 കലാകാരന്മാരെ അണിനിരത്തി ഇത് കേരളത്തിലുടനീളം അവതരിപ്പിച്ചത്. കോഴിക്കോട് മുതലക്കുളത്തുവച്ച് സംഘാടകരെ 1981 മേയ് 22-ന് അറസ്റ്റുചെയ്തു. ആദ്യസംരംഭം തടയപ്പെട്ടുവെങ്കിലും പിന്നീട് 'മഞ്ഞുമലൈ മക്കള്‍' എന്ന അവതരണസംഘത്തിലൂടെ ബേബിയുടെ നേതൃത്വത്തില്‍ നിരവധി പുനരവതരണങ്ങള്‍ നടന്നു.
നാടുഗദ്ദിക, മാവേലി മന്റം, ബെസ്പുര്‍ക്കാന, ഗുഡ്ബൈ മലബാര്‍ എന്നിവയാണ് പ്രധാന കൃതികള്‍. 'മാവേലി മന്റം' എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും മുട്ടത്തുവര്‍ക്കി അവാര്‍ഡും ലഭിച്ചു. വയനാട്ടിലെ ആദിവാസി കുട്ടികളെ വിദ്യാഭ്യാസം ചെയ്യിക്കാനും, സ്വയം പര്യാപ്തമാകുന്നതിനും വേണ്ടി നടവയലില്‍ ചിങ്ങോട് 1994 ല്‍ കനവ് എന്ന വിദ്യാലയം ആരംഭിച്ചത്. ഇത് വലിയ വിജയമായി മാറുകയും ചെയ്തു.
എഴുത്തുകാരന്, സംവിധായകന് എന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചു.അപൂര്‍ണ, നാടുഗദ്ദിക, കുഞ്ഞപ്പന്റെ കുരിശ് മരണം, കീയൂലോകത്ത് നിന്ന്, ഉയിര്‍പ്പ്, കുഞ്ഞിമായിന്‍ എന്തായിരിക്കും പറഞ്ഞത് എന്നീ നാടകങ്ങള്‍ രചിച്ചു. ഗുഡ എന്ന സിനിമ സംവിധാനം ചെയ്തു. മാവേലിമന്റം, ബെസ്പുര്‍ക്കാന, ഗുഡ്ബൈ മലബാര്‍ എന്നീ പുസ്തകങ്ങളും രചിച്ചു. നാടുഗദ്ദിക നാടകവും മാവേലിമന്റം നോവലും യൂണിവേഴ്സിറ്റികളില്‍ പഠന വിഷയമായി.