കൊച്ചി: പ്രശസ്ത കായിക പരിശീലകന്‍ ഡോ. എസ്.എസ്. കൈമള്‍ എന്ന കെ.എന്‍. ശിവശങ്കരന്‍ കൈമള്‍ അന്തരിച്ചു. ഇന്ന് ഉച്ചയോടെ എറണാകുളത്തെ മകന്റെ വീട്ടില്‍ വെച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ കുഴഞ്ഞുവീണാണ് അന്ത്യം സംഭവിച്ചത്. 1970 മുതല്‍ 2003 വരെ കാലിക്കറ്റ് സര്‍വകലാശാലയില്‍ പരിശീലകനായിരുന്നു. നിരവധി കായികതാരങ്ങളെ വാര്‍ത്തെടുത്ത പരിശീലകന്‍ കൂടിയാണ് കൈമള്‍. ഇദ്ദേഹം പരിശീലകനായിരുന്ന കാലത്താണ് അത്ലറ്റിക്സില്‍ കാലിക്കറ്റ് ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ കൊയ്തത്.

കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്നുള്ള ഒളിമ്പിക് താരങ്ങള്‍ ഉള്‍പ്പെടെയുള്ള ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് താരങ്ങളുടെ പരിശീലകനായും ഉപദേശകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പി.ടി. ഉഷ, മേഴ്സിക്കുട്ടന്‍, എം.ഡി. വത്സമ്മ, അഞ്ജു ബോബി ജോര്‍ജ്, ബോബി അലോഷ്യസ് ഉള്‍പ്പെടെയുള്ള നിരവധി അത്ലറ്റുകളെ പരിശീലിപ്പിച്ചു. കായിക നേട്ടത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ പേര് അന്തര്‍ദേശീയ തലത്തില്‍ എത്തിക്കുന്നതില്‍ വലിയ പങ്കുവഹിച്ച വ്യക്തിത്വമായിരുന്നു.

ഇദ്ദേഹം പരിശീലകനായിരുന്ന കാലത്താണ് അത്ലറ്റിക്സില്‍ കാലിക്കറ്റ് സര്‍വകലാശാല ഏറ്റവും കൂടുതല്‍ ഇന്റര്‍ യൂണിവേഴ്സിറ്റി കിരീടങ്ങള്‍ നേടിയത്. കുറച്ചുകാലം കായിക പഠനവകുപ്പ് മേധാവിയുടെ ചുമതലയും വഹിച്ചിരുന്നു. വിരമിച്ച ശേഷം 2004, 2006, 2012, 2014 വര്‍ഷങ്ങളില്‍ സര്‍വകലാശാല അത്ലറ്റിക്സ്, ക്രോസ് കണ്‍ട്രി ടീമിനൊപ്പം അഖിലേന്ത്യാ അന്തര്‍സര്‍വകലാശാല ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് മുഖ്യപരിശീലകനായി.

ജന്‍മം കൊണ്ട് കുട്ടനാട് സ്വദേശിയായ കൈമള്‍ കേരളത്തിന്റെയും ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി ടീമിന്റെയും അടക്കം കോച്ചായി സേവനം അനുഷ്ഠിച്ചിരുന്നു. പി ടി ഉഷയെ സ്പ്രിന്റ് ഇനങ്ങളില്‍ നിന്നും 400 മീറ്ററിലേക്കും 400 മീറ്റര്‍ ഹര്‍ഡില്‍സിലേക്കും മാറാന്‍ പ്രേരിപ്പിച്ചത് അദ്ദേഹത്തിന്റെ ഇടപെടല്‍ മൂലമായിരുന്നു. നിരവധി പ്രമുഖരുടെ കായിക പരിശീലകനായിരുന്നു എങ്കിലും ദ്രോണാചാര്യ പുരസ്‌ക്കാരം അദ്ദേഹത്തിന് അന്യം നിന്നു. കായിക പരിശീലകന്‍ എന്ന നിലയില്‍ ശാസ്ത്രീയ രീതികളായിരുന്നു അദ്ദേഹം അവലംബിച്ചിരുന്നത്. പരിശീലനത്തിന് ഒപ്പം യോഗയും മെഡിറ്റേഷനും ഭക്ഷണ ക്രമീകരണവും എല്ലാം ശ്രദ്ധിച്ചുള്ളതായിരുന്നു അദ്ദേഹത്തിന്റെ സമീപനം. പാലക്കാട്ടെ വസതിയില്‍ മൃതദേഹം എത്തിച്ചിട്ടുണ്ട്.