കോന്നി: പത്താം ക്ലാസിൽ ഉന്നത വിജയം നേടി പ്ലസ്ടുവിന് പോകാൻ തയ്യാറെടുത്തിരിക്കുകയായിരുന്നു അഭിരാജ്. പ്ലസ് ടു രണ്ടാം വർഷത്തിലേക്ക് പഠനത്തിനൊരുങ്ങുകയായിരുന്നു അഭിലാഷ്. പക്ഷേ, മരണദൂതുമായി മാടി വിളിച്ച അച്ചൻ കോവിലാറ്റിലെ കയം ഇരുവരുടെയും ജീവനെടുത്തു. സഹോദരങ്ങളുടെ മക്കളായ ഇരുവരും മരണത്തിലും ഒന്നിച്ചപ്പോൾ ഇവരെ രക്ഷിക്കാൻ ചാടി കയത്തിൽ അകപ്പെട്ട കാർത്തിക് എന്ന കുട്ടിയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടു വന്നത് നാട്ടുകാരുടെ സമയോചിത ഇടപെടലായിരുന്നു.

അച്ചൻ കോവിലാറ്റിൽ വെട്ടൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തെ ഇല്ലത്ത് കടവിൽ ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ഒഴുക്കിൽപ്പെട്ട് മരിച്ചത് കുമ്പഴ ആദിച്ചനോലിൽ രാജുവിന്റെയും ശോഭയുടെയും മകൻ അഭിരാജ്(16), രാജുവിന്റെ സഹോദരൻ അജിത്തിന്റെയും ഷീജയുടെയും മകൻ ഋഷി എന്ന് വിളിക്കുന്ന അഭിലാഷ്(17) എന്നിവരാണ് മരിച്ചത്. കുമ്പഴയിൽ നിന്ന് ഇവരടക്കം ഒൻപതംഗ വിദ്യാർത്ഥി സംഘം ഇളകൊള്ളൂർ സ്‌കൂളിന്റെ സമീപത്തെ പാടശേഖരത്തിൽ ഫുട്ബോൾ മത്സരത്തിന് എത്തിയതായിരുന്നു.

കളിക്കിടയിൽ ദേഹത്ത് പറ്റിയ ചെളി കഴുകിക്കളയുന്നതിന് മത്സര ശേഷം ഇല്ലത്ത് കടവിൽ ഇറങ്ങി. ആദ്യം അഭിലാഷും തൊട്ടുപുറകെ അഭിരാജുമാണ് വെള്ളത്തിൽ ഇറങ്ങിയത്. നടന്നു നീങ്ങിയപ്പോൾ ആദ്യം അഭിരാജ് ആഴക്കയത്തിലേക്ക് മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാൻ അഭിലാഷ് എത്തി. എന്നാൽ അഭിലാഷും കയത്തിൽ അകപ്പെടുകയായിരുന്നു. അഭിലാഷിനെ രക്ഷിക്കാൻ കാർത്തിക് എന്ന കുട്ടിയും കൂടെ ചാടിയിരുന്നു. കാർത്തിക്കും ഒഴുക്കിൽപ്പെട്ട് മുങ്ങി താഴുന്നത് കണ്ട് നാട്ടുകാർ രക്ഷപ്പെടുത്തി. അഭിരാജ് ഇളകൊള്ളൂർ സെന്റ് ജോർജ് ഹൈസ്‌കൂളിൽ നിന്ന് പത്താം തരത്തിൽ ഉന്നത വിജയം നേടി ഉപരി പഠനത്തിനായി കാത്തിരിക്കുകയായിരുന്നു.

ഋഷി എന്ന് വിളിക്കുന്ന അഭിലാഷ് ഏക മകനാണ്. പത്തനംതിട്ട മാർത്തോമാ സ്‌കൂളിൽ പ്ലസ് ടു വിന് പഠിക്കുന്നു. രണ്ടാം വർഷമാണ് ഇനി. അഭിരാജിന്റെ സഹോദരൻ അഭിനവ്. സംഭവം അറിഞ്ഞ് കോന്നിയിൽ നിന്ന് പൊലീസ്, ഫയർ ഫോഴ്സ്, പത്തനംതിട്ടയിൽ നിന്ന് സ്‌കൂബ ടീം എന്നിവർ നടത്തിയ തെരച്ചിലിന് ഒടുവിൽ മൂന്ന് മണിയോടെ മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹങ്ങൾ പൊലീസ് മേൽ നടപടികൾക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.