- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസാനമായി ഒരിക്കൽ കൂടി അവർ പ്രിയ കാമ്പസിൽ എത്തി.. തിരികെയില്ലെന്ന യാത്രമൊഴി നൽകി മടക്കം; ചലനമറ്റ് കൂട്ടുകാരുടെ ദേഹങ്ങൾ കണ്ട് നിലവിളിച്ചും വിങ്ങിക്കരഞ്ഞും സഹപാഠികൾ; ഇന്നലെ വരെ ചിരികളികളോടെ നിന്ന ചങ്ങാതിമാർക്ക് കണ്ണിരിൽ കുതിർന്ന അന്ത്യാജ്ഞലി നൽകി കുസാറ്റ് കാമ്പസ്
കൊച്ചി: ഇന്നലെ വൈകുന്നേരം വരെ ചിരിച്ചു കളിച്ചു ശലഭങ്ങളൈ പോലെ കാമ്പസിൽ പറന്നു നടന്നവർ ഇന്ന് അവസാരമായി കാമ്പസിൽ തിരികെ എത്തി, ചലനമറ്റ മൃതദേഹങ്ങളായി. പ്രിയപ്പെട്ട ചങ്ങാതിമാർക്ക് ഇനി ഒരു മടക്കമില്ലെന്ന യാത്രമൊഴി നൽകി അവർ നിത്യതയിലേക്ക് മടങ്ങി. ഉറ്റ ചങ്ങാതിമാരുടെ ചേതനയറ്റ മൃതദേഹങ്ങൾ കണ്ട് കരച്ചിലടക്കാന് പാടുപെട്ട സഹപാഠികളെ കണ്ടപ്പോൾ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളുടെ കണ്ണുകളും ഈറനണിഞ്ഞു. ടെക്ഫെസ്റ്റിലെ ഗാനമേളയ്ക്കെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ടു മരിച്ച മൂന്നു വിദ്യാർത്ഥികൾക്കാണ് കാമ്പസ് അന്ത്യയാത്ര നൽകിയത്.
വികാര നിർഭരമായ അന്തരീക്ഷത്തിലായിരുന്നു വിദ്യാർത്ഥികൾക്ക് അന്ത്യയാത്ര നൽകിയത്. ദുഃഖം തളംകെട്ടിയ അന്തരീക്ഷത്തിലേക്കാണ് മൂന്ന് മൃതദേഹങ്ങളും രാവിലെ എത്തിച്ചത്. പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ ശേഷമാണ് മൂന്ന് മൃതദേഹങ്ങളും എത്തിച്ചത്. ബന്ധുക്കളും രാഷ്ട്രീയ നേതാക്കളും അടക്കം സ്ഥലത്തെത്തിയിരുന്നു. തീർത്തും ദാരുണമായി സംഭവത്തിന് സാക്ഷിയാകേണ്ടി വന്ന പലർക്കും ഞെട്ടൽ മാറിയിട്ടില്ല. പ്രിയ കൂട്ടുകാരുടെ ചേതനയറ്റ മൃതദേഹം കണ്ട് പലരും വാവിട്ടു നിലവിളിച്ചു. ചിലർ ദുഃഖം സഹിക്കാൻ കഴിയാതെ കുഴഞ്ഞു വീണു.
സ്കൂൾ ഓഫ് എൻജിനീയറിങ് വിദ്യാർത്ഥികളായ കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ കെ.എം.തമ്പിയുടെ മകൻ അതുൽ തമ്പി (21), പറവൂർ കുറുമ്പത്തുരുത്ത് കോണത്ത് വീട്ടിൽ കെ.ജി.റോയിയുടെ മകൾ ആൻ റിഫ്ത റോയി (21), കോഴിക്കോട് താമരശേരി കോരങ്ങാട് തുവ്വക്കുന്നിൽ താമസിക്കുന്ന വയലപ്പള്ളിൽ തോമസ് സ്കറിയയുടെ മകൾ സാറ തോമസ് (20) എന്നിവരുടെ മൃതദേഹമാണ് ക്യാംപസിൽ പൊതുദർശനത്തിനു വച്ചത്.
മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി പി രാജീവ് മൃതദേഹത്തിൽ പുഷ്പ്പചക്രം അർപ്പിച്ചു. എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ, എം പി ഹൈബി ഈഡൻ, മന്ത്രി പി ബിന്ദു, അൻവർ സാദത്ത് എംഎൽഎ തുടങ്ങി വിവിധ രാഷ്ട്രീയ മേഖലയിലുള്ളവരും അന്തിമോപചാരം അർപ്പിക്കാൻ എത്തി. പൊതുദർശനത്തിന് ശേഷം ആദ്യം അതുൽ തമ്പിയുടെ മൃതദേഹമാണ് ജന്മനാട്ടിലേക്ക് കൊണ്ടുപോയത്. അതുൽ തമ്പിയുടെ സംസ്കാരം ഇന്നു നടത്തും. സാറ തോമസിന്റെ സംസ്കാരം നാളെയാണ്. സാറയുടെ മൃതദേഹം താമരശ്ശേരിയിലേക്ക് കൊണ്ടുപോയി. അവിടെ പഠിച്ച സ്കൂളിൽ പൊതുദർശനം കഴിഞ്ഞാകും നാളെ പള്ളിയിൽ സംസ്ക്കരിക്കുക.
അൻ റിഫ്തയുടെ സംസ്കാരം അമ്മ ഇറ്റലിയിൽനിന്നു വന്നശേഷമാണ്. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷമാണ് മൃതദേഹം ക്യാംപസിലേക്ക് കൊണ്ടുവന്നത്. ദുരന്തത്തിൽ മരിച്ച ഇലക്ട്രിഷ്യനായ പാലക്കാട് മുണ്ടൂർ എഴക്കാട് കോട്ടപ്പള്ളം തൈപ്പറമ്പിൽ ജോസഫിന്റെ മകൻ ആൽബിൻ ജോസഫിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം നാട്ടിലേക്കു കൊണ്ടുപോയിരുന്നു.
സംഭവത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ വൈസ് ചാൻസലറോടും (വിസി) ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയോടും റിപ്പോർട്ട് തേടി. സർവകലാശാലയുടെ സിൻഡിക്കേറ്റ് സബ് കമ്മറ്റിയുടെ അന്വേഷണം വൈസ് ചാൻസലർ പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റ് ചികിത്സയിലുള്ള വിദ്യാർത്ഥികളുടെ ചികിത്സാ ചെലവ് സർവകലാശാല വഹിക്കും. അസ്വഭാവിക മരണത്തിനു പൊലീസും കേസെടുത്തിട്ടുണ്ട്.
അപകടത്തിൽ 66 പേർക്ക് പരുക്കേറ്റിരുന്നു. പരുക്കേറ്റ 4 പേരുടെ നില ഗുരുതരമാണ്. ഗുരുതരനിലയിലുള്ളവരിൽ 2 പേർ മെഡിക്കൽ കോളജ് ആശുപത്രിയിലും കായംകുളം സ്വദേശി ഗീതാഞ്ജലി, മലപ്പുറം സ്വദേശി ശ്വേത എന്നിവർ ആസ്റ്റർ മെഡ്സിറ്റിയിലുമാണ്. ഇന്നലെ വൈകിട്ട് ആറേമുക്കാലിനാണു നാടിനെ നടുക്കിയ ദുരന്തം. ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ ഗാനസന്ധ്യയ്ക്ക് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ കയറാനെത്തിയവരാണു തിക്കിലും തിരക്കിലുംപെട്ടത്. ഏഴു മണിക്കാണു ഗാനമേള തുടങ്ങാൻ നിശ്ചയിച്ചിരുന്നത്. ഇതിനായി സംഘാടകസമിതി നൽകിയ കറുത്ത ടീഷർട്ടിട്ട കുറച്ചുപേരെ ഓഡിറ്റോറിയത്തിൽ പ്രവേശിപ്പിച്ചിരുന്നു. ധാരാളം വിദ്യാർത്ഥികൾ ഇതേസമയം പുറത്തു തടിച്ചുകൂടി.
ഇതിനിടെ മഴപെയ്തതോടെ വിദ്യാർത്ഥികളുടെ തള്ളലിൽ ഗേറ്റ് തുറന്നപ്പോൾ പലരും വീണു. ഗേറ്റു തുറക്കുന്നതു താഴേക്കു കുത്തനെയുള്ള പടികളിലേക്കായതിനാൽ തിക്കിലും തിരക്കിലും കൂടുതൽ പേർ വീണു. വീണവരെ ചവിട്ടി പിന്നിലുള്ളവരും വീണതോടെ സ്ഥിതി ഗുരുതരമായി. തലയടിച്ചാണു പലരും വീണത്.
കുസാറ്റ് ദുരന്തം: സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി പരിശോധിക്കും
കുസാറ്റ് ദുരന്തം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി പരിശോധിക്കും. ആൾക്കൂട്ട നിയന്ത്രണത്തിൽ വീഴ്ചയുണ്ടായോ എന്നാണ് അന്വേഷിക്കുക. ക്രൗഡ് മാനേജ്മെന്റ് സ്പെഷ്യലിസ്റ്റായ അഞ്ജലിയോട് റിപ്പോർട്ട് സമർപ്പിക്കാൻ ദുരന്തനിവാരണ അഥോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ് നിർദ്ദേശിച്ചു.
ദുരന്തവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ശേഖരിച്ച ശേഷമാകും വിശദമായ റിപ്പോർട്ട് സമർപ്പിക്കുക. പുറ്റിങ്ങൽ ദുരന്തത്തിന് പിന്നാലെ സംസ്ഥാനത്ത് ആൾക്കൂട്ട നിയന്ത്രണം സംബന്ധിച്ച എസ്ഒപി ദുരന്തനിവാരണ അഥോറിറ്റി പുറത്തിറക്കിയിരുന്നു. തൃശ്ശൂർ പൂരവും ആറ്റുകാൽ പൊങ്കാലയും ഫിഫ, ഐഎസ്എൽ ഐപിഎൽ, മത്സരങ്ങൾ പോലുള്ള വലിയ ഇവന്റുകൾ നടക്കുന്നത് ഈ എസ്ഓപി അനുസരിച്ചാണ്.
കോളജ് ഇവന്റുകൾ, സംഗീത നിശകൾ പോലുള്ളവയിൽ ആൾക്കൂട്ട നിയന്ത്രണം എങ്ങനെയാകാം എന്നുള്ള കാര്യം റിപ്പോർട്ട് പഠിച്ചതിനു ശേഷം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി തീരുമാനിക്കും. നേരത്തെ അപകടത്തിന്റെ പശ്ചാത്തലത്തിൽ ഓഡിറ്റോറിയങ്ങളുടെ പ്രവർത്തനത്തിൽ മാർഗരേഖ കൊണ്ടുവരുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
കോളജുകളിലെ ഓഡിറ്റോറിയങ്ങൾക്കും ബാധകമാകുന്ന തരത്തിലാണ് മാർഗരേഖ കൊണ്ടുവരിക. കാമ്പസിലെ പരിപാടികളിൽ പൊതുമാർഗനിർദ്ദേശം വരും. സംഭവത്തിൽ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോർട്ട് വന്ന ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
മറുനാടൻ മലയാളി കൊച്ചി റിപ്പോർട്ടർ.