2004-ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശ മന്ത്രി; മത്സ്യതൊഴിലാളികളെ ചേര്‍ത്ത് പിടിച്ച ലീഗ് നേതാവ്; കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു
മലപ്പുറം: മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 70 വയസായിരുന്നു. മുന്‍ തദ്ദേശഭരണ മന്ത്രിയാണ്. തിരൂരങ്ങാടി, താനൂര്‍ എംഎല്‍എ ആയിരുന്നു. നേരത്തെ, വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റതോടെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. 1953ല്‍ മലപ്പുറത്താണ് കുട്ടി അഹമ്മദ് കുട്ടിയുടെ ജനനം. ബിരുദ പഠനത്തിന് ശേഷമാണ് രാഷ്ട്രീയത്തിലേക്കെത്തിയത്. താനൂരിലെ മണ്ഡലം പ്രസിഡന്റായാണ് നേതൃ തലത്തിലേക്ക് ഉയര്‍ന്നത്. മുസ്ലിം ലീഗിന്റെ തൊഴിലാളി സംഘടനയായ എസ്ടിയുവിന്റെ നേതൃത്വത്തിലാണ് കൂടുതലായും ഉണ്ടായിരുന്നത്. മലപ്പുറം […]
- Share
- Tweet
- Telegram
- LinkedIniiiii
മലപ്പുറം: മുന്‍ മന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ കുട്ടി അഹമ്മദ് കുട്ടി അന്തരിച്ചു. 70 വയസായിരുന്നു. മുന്‍ തദ്ദേശഭരണ മന്ത്രിയാണ്. തിരൂരങ്ങാടി, താനൂര്‍ എംഎല്‍എ ആയിരുന്നു. നേരത്തെ, വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റതോടെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.
1953ല്‍ മലപ്പുറത്താണ് കുട്ടി അഹമ്മദ് കുട്ടിയുടെ ജനനം. ബിരുദ പഠനത്തിന് ശേഷമാണ് രാഷ്ട്രീയത്തിലേക്കെത്തിയത്. താനൂരിലെ മണ്ഡലം പ്രസിഡന്റായാണ് നേതൃ തലത്തിലേക്ക് ഉയര്‍ന്നത്. മുസ്ലിം ലീഗിന്റെ തൊഴിലാളി സംഘടനയായ എസ്ടിയുവിന്റെ നേതൃത്വത്തിലാണ് കൂടുതലായും ഉണ്ടായിരുന്നത്. മലപ്പുറം ജില്ലാ പ്രസിഡന്റായും മലപ്പുറം ജില്ലാ പഞ്ചായത്തില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു.
സജീവ രാഷ്ട്രീയത്തില്‍ നിന്നും അകലം പാലിച്ചപ്പോഴും പ്രാദേശിക തലത്തില്‍ ഇടപെടലുകള്‍ നടത്തിയിരുന്നു. പ്രാദേശികമായി ഉയര്‍ന്നുവന്ന നേതാവായിരുന്നു കുട്ടി അഹമ്മദ് കുട്ടി. മത്സ്യത്തൊഴിലാളികളേയും തൊഴിലാളികളേയും ചേര്‍ത്തുനിര്‍ത്തിയായിരുന്നു മുമ്പോട്ട് പോയത്. മുസ്ലിം ലീഗ് സംസ്ഥാന എക്സിക്യുട്ടീവ് അംഗമായ അദ്ദേഹം പാര്‍ട്ടി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു. 2004-ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു.
1992-ലെ ഉപതിരഞ്ഞെടുപ്പില്‍ താനൂരില്‍ നിന്നും 1996ലും 2001ലും തിരൂരങ്ങാടിയില്‍ നിന്നുമാണ് കുട്ടി അഹമ്മദ് കുട്ടി എം.എല്‍.എ ആയത്. താനൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. മുസ്ലിംലീഗ് താനൂര്‍ മണ്ഡലം പ്രസിഡന്റ്, എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ്, തിരൂര്‍ എം.എസ്.എം പോളിടെക്നിക് ഗവേര്‍ണിങ് ബോഡി ചെയര്മാന് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഭാര്യ: ജഹനാര. മക്കള്‍: സുഹാന, സുഹാസ് അഹമ്മദ്, ശഹബാസ് അഹമ്മദ്. മരുമക്കള്‍: കെ.പി. ഷിബു(മൂവാറ്റുപുഴ) റജീന, മലീഹ
കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവിന്റെ അനുശോചനം
സംശുദ്ധ രാഷ്ട്രീയത്തിന്റ വക്താവായ ആദര്‍ശ ശുദ്ധിയുള്ള നേതാവായിരുന്നു കുട്ടി അഹമ്മദ് കുട്ടി. മുസ്ലിം ലീഗിന്റെ താഴെ തട്ടില്‍ നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി പടിപടിയായി ഉയര്‍ന്നു വന്ന നേതാവ്. പ്രാദേശിക തലത്തില്‍ വ്യക്തിപരവും രാഷ്ട്രീയവുമായ ഊഷ്മള ബന്ധം സൂക്ഷിച്ചിരുന്നത് കൊണ്ട് പ്രവര്‍ത്തകരുടെ വികാരങ്ങള്‍ അതേ അര്‍ഥത്തില്‍ മനസിലാക്കിയ നേതാവ് കൂടിയായിരുന്നു കുട്ടി അഹമ്മദ് കുട്ടി.
നിയമസഭയില്‍ കാര്യമാത്ര പ്രസക്തമായ ഇടപെടലുകള്‍ കൊണ്ട് ശ്രദ്ധേയനായ കുട്ടി അഹമ്മദ് കുട്ടി മികച്ച ഭരണാധികാരി കൂടിയായിരുന്നു. വിദ്യാഭ്യാസ, മത്സ്യബന്ധന മേഖലകളെ കുറിച്ച് അദ്ദേഹത്തിന് ആഴത്തില്‍ അറിവുണ്ടായിരുന്നു. മലപ്പുറത്തിന്റെ ഗ്രാമീണ മേഖലയില്‍ അടിസ്ഥാന വര്‍ഗത്തിന്റെ പ്രശ്നങ്ങളില്‍ നിരന്തരമായി ഇടപെട്ട കുട്ടി അഹമ്മദ് കുട്ടി തൊഴിലാളി സംഘടനാ നേതൃത്വത്തില്‍ അസാധാരണ മികവ് കാട്ടിയ നേതാവ് കൂടിയാണ്.
വ്യക്തിപരമായി എനിക്ക് അടുത്ത സുഹൃത്തിനെ കൂടിയാണ് നഷ്ടമായത്. ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും ദുഖത്തില്‍ പങ്ക്ചേരുന്നു.