അടൂർ: പത്തനംതിട്ട ജില്ലയിൽ പനിയും എലിപ്പനിയും പടരുന്നു. ആങ്ങമൂഴിയിൽ പനി ബാധിച്ച് പിഞ്ചു കുഞ്ഞ് മരിച്ചതിന് പിന്നാലെ അടൂരിൽ എലിപ്പനി ബാധിച്ച വയോധികനും മരിച്ചു. പെരിങ്ങനാട് മൂന്നാളം ലിജോ ഭവനിൽ രാജനാ(60) ന് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ച് ചികിത്സയിലിരിക്കെ ശനിയാഴ്ചയാണ് മരിച്ചത്.

ഒരാഴ്ചയായി പനിയും ശരീര വേദനയുമുണ്ടായിരുന്നു. വ്യാഴാഴ്ച അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.എലിപ്പനിയുടെ ലക്ഷണങ്ങൾ കണ്ടതോടെയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ: ലിസി. മക്കൾ: ലിജോ രാജൻ, ജൂലി രാജൻ. മരുമക്കൾ: ഹണി, സുബിൻ പ്രസാദ്.

പനിബാധിച്ച് ചികിത്സയിലിരുന്ന ഒരുവയസുള്ള പെണ്കുഞ്ഞ് വെള്ളിയാഴ്ചയാണ് മരിച്ചത്. ആങ്ങമൂഴി പുന്നയ്ക്കൽ സുമേഷിന്റേയും പ്രിയയുടേയും മകള് അഹല്യയാണ് മരിച്ചത്. പനിയെ തുടർന്ന് കുട്ടിയെ വ്യാഴാഴ്ച സീതത്തോട്ടിലെ ആശുപത്രിയിൽ കാണിച്ചിരുന്നു.ഇവിടെ നിന്നുള്ള മരുന്ന് കഴിച്ചതിനെ തുടർന്ന് പനി കുറഞ്ഞെങ്കിലും വെള്ളിയാഴ്ച വീണ്ടും ക്ഷീണമുണ്ടായി. ആങ്ങമൂഴിയിലെ ക്ലിനിക്കിൽ എത്തിച്ച് മരുന്ന് വാങ്ങി.തിരികെ വീട്ടിലെത്തിൽ പാൽ കുടിച്ച് കിടന്ന കുട്ടി വൈകിട്ട് അമ്മ വിളിക്കുമ്പോൾ ഉണർന്നില്ല. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുവന്നെങ്കിലും എത്തും മുൻപ് മരിച്ചു.