ബ്യൂണസ് അയേഴ്സ്: അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലെ ഒരു ഹോട്ടലിന്റെ മൂന്നാം നിലയില്‍ ബാല്‍ക്കണിയില്‍ നിന്നും വീണ് പ്രശസ്ത പോപ്പ് ഗായകന്‍ മരണമടഞ്ഞ വാര്‍ത്ത വിശ്വസിക്കാനാകാതെ ആരാധകര്‍. മരണത്തിന് ഏതാനും നിമിഷങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് അദ്ദേഹം തന്റെ കാമുകിയുമൊത്തുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. പ്രാദേശിക സമയം വൈകിട്ട് 5 മണിയോടെയാണ് കാസര്‍ പാല്‍മെരോ ഹോട്ടലിന്റെ മൂന്നാം നിലയില്‍ നിന്നും വീണ് പെയ്ന്‍ മരിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ബിക്കിനി അണിഞ്ഞു നില്‍ക്കുന്ന കാമുകി കെയ്റ്റ് കസിഡിക്ക് ഒപ്പമുള്ള ചിത്രമാണ് പെയ്ന്‍ അവസാനമായി പങ്കുവച്ചത്.

ബ്രിട്ടീഷ് ടെലിവിഷന്‍ സീരീസ് ആയ എക്സ് ഫാക്റ്ററില്‍ മികച്ച പ്രകടനം നടത്തിക്കൊണ്ടാണ് ലിയം ജെയിംസ് പെയ്ന്‍ 2008 ല്‍ തന്റെ പതിനഞ്ചാം വയസ്സില്‍ വെള്ളിവെളിച്ചത്തിലെത്തുന്നത്. അന്ന് മത്സരത്തില്‍ നിന്നും പുറത്തായെങ്കിലും പിന്നീട് 2010 ല്‍ വീണ്ടും മത്സരത്തിനായി തെരഞ്ഞെടുക്കപ്പെട്ടു. അന്ന് വണ്‍ ഡയറക്ഷന്‍ എന്ന ബാന്‍ഡിലെ ചിലര്‍ക്കൊപ്പം അദ്ദേഹത്തെ ചേര്‍ക്കുകയായിരുന്നു. അത് എക്കാലത്തെയും മികച്ച ബോയ്‌സ് ബാന്‍ഡ് ആയി തീരുകയും ചെയ്തു.

അദ്ദേഹം എന്തെങ്കിലും പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഒന്നുമില്ല. മാത്രമല്ല, തന്റെ അര്‍ജന്റീനിയന്‍ യാത്ര ആസ്വദിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ എല്ലാം പോസ്റ്റ് ചെയ്തിരിക്കുന്നതും. കാമുകി കെയ്റ്റുമൊത്ത് യാത്ര ആസ്വദിക്കുകയാണെന്നും പെയ്ന്‍ എഴുതിയിരുന്നു. എന്നാല്‍, അര്‍ജന്റീനയില്‍ നിന്നും കെയ്റ്റ് ഒറ്റക്ക് വീട്ടിലേക്ക് മടങ്ങി എന്നും പെയ്ന്‍ ഒറ്റക്കാണ് കാസറില്‍ മുറിയെടുത്തതെന്നും ടി എം സെഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

താരത്തിന് അപകടം പിണഞ്ഞ വാര്‍ത്ത അറിഞ്ഞ് എമര്‍ജന്‍സി സര്‍വ്വീസുകാര്‍ സംഭവ സ്ഥലത്ത് എത്തി. ഏതാണ്ട് 40 അടി ഉയരത്തില്‍ നിന്നാണ് താരം വീണത്. ഇത് നിരവധി ഗുരുതരമായ പരിക്കുകള്‍ക്ക് ഇടയാക്കി.പെയ്‌ന്റെ മരണത്തെ കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്.

2010 ല്‍ വണ്‍ ഡയറക്ഷനുമൊത്ത് പ്രശസ്തിയിലേക്ക് കുതിച്ചുയര്‍ന്ന പെയ്ന്‍ തൊട്ടടുത്ത വര്‍ഷം കൂട്ടുകാര്‍ക്കൊപ്പം തങ്ങളുടെ ആദ്യ ആല്‍ബം പുറത്തിറക്കി. അപ് ഓള്‍ നൈറ്റ് എന്ന് ആല്‍ബം ഒരു ബെസ്റ്റ് സെല്ലര്‍ ആയിരുന്നു. അതേ വര്‍ഷം ഡിസംബറില്‍ അവരുടെ ആദ്യ യു കെ ടൂറും ആരംഭ്ച്ചു. പിന്നീട് 2015 ല്‍ ബാന്‍ഡ് പിരിയുന്നത വരെ പോപ്പ് സംഗീത ലോകത്തെ മുടിചൂടാ മന്നന്മാരായി വിരാചിക്കുകയായിരുന്നു അവര്‍. അഞ്ച് ബ്രിട് അവാര്‍ഡുകള്‍, നാല് എം ടി വി വീഡിയോ മ്യൂസിക് അവാര്‍ഡുകള്‍, എന്നിവയായിരുന്നു അവര്‍ ഇക്കാാലത്ത് കരസ്ഥമാക്കിയത്. മുപ്പത് ലക്ഷത്തോളം സബ്‌സ്‌ക്രീബേഴ്‌സ് ആണ് അവരുടെ യൂട്യൂബ് ചാനലിനുള്ളത്. ലോകമെമ്പാടുമായി 50 മില്യന്‍ റെക്കോര്‍ഡുകള്‍ വിറ്റുപോവുകയും ചെയ്തിട്ടുണ്ട്.