അബുദാബി: അബുദബിയില്‍ മലയാളി ഡോക്ടറെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ തളാപ്പ് സ്വദേശിനി ഡോ. ധനലക്ഷ്മി (54)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുസഫയിലെ താമസ സ്ഥലത്ത് തിങ്കളാഴ്ച രാത്രിയായിരുന്നു മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസമായി ഫോണില്‍ വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

അബുദബി ലൈഫ് കെയര്‍ ആശുപത്രിയിലെ ദന്ത ഡോക്ടറാണ്. ജോലിസ്ഥലത്തും അവര്‍ തിങ്കളാഴ്ച പോയിരുന്നില്ല. 10 വര്‍ഷത്തിലേറെയായി പ്രവാസിയാണ്. അബുദാബി മലയാളി സമാജം അംഗവും സാംസ്‌കാരിക പ്രവര്‍ത്തകയും എഴുത്തുകാരിയുമാണ്. സാമൂഹിക മാധ്യമങ്ങളിലും അവര്‍ സജീവമായിരുന്നു. നേരത്തേ കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രിയിലും സേവനമനുഷ്ഠിച്ചിരുന്നു. ഭര്‍ത്താവ് സുജിത്ത് നാട്ടിലാണ്.

കണ്ണൂരിലെ ആനന്ദകൃഷ്ണ ബസ് സര്‍വീസ് ഉടമസ്ഥനായിരുന്ന പരേതനായ നാരായണന്റെയും ചന്ദ്രമതിയുടെയും മകളാണ്. സഹോദരങ്ങള്‍: ആനന്ദകൃഷ്ണന്‍, ശിവറാം, ഡോ.സീതാലക്ഷ്മി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ നടപടികള്‍ പുരോഗമിക്കുന്നു.