മുംബൈ: വൈദിക വിദ്യാര്‍ത്ഥി പുഴയില്‍ വീണ് മരിച്ചു. മുംബൈ കല്യാണ്‍ രൂപതയിലെ വൈദിക വിദ്യാര്‍ത്ഥിയായിരുന്ന ബ്രദര്‍ നോയല്‍ ഫെലിക്‌സ് തെക്കേക്കര (29) ആണ് പുഴയില്‍ വീണ് മരിച്ചത്. സാവന്തവാടി എസ്റ്റേറ്റില്‍ ജോലി ചെയ്യുന്നതിനിടെ സമീപത്തെ പുഴയിലേക്ക് കാല്‍ വഴുതി വീണ് നോയല്‍ മരണപ്പെടുകയായിരുന്നു.

ഇന്നലെ വൈകുന്നേരം പുഴക്കരികില്‍ നില്‍ക്കവേ ശക്തമായ കാറ്റുവന്നതോടെ കുടയ്ക്ക് കാറ്റു പിടിച്ചു ബാലന്‍സ് തെറ്റി പുഴയില്‍ വീഴുകയായിരുന്നു. ഒപ്പമുണ്ടായവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അതിശക്തമായ ഒഴുക്ക് തടസ്സമായി മാറുകയായിരുന്നു. സംഭവമറിഞ്ഞ സമീപവാസികളും ജോലിക്കാരും ഓടിയെത്തി തിരച്ചില്‍ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രണ്ട് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് നോയലിന്റെ മൃതദേഹം കണ്ടെടുത്തത്.

രാവിലെ ഒമ്പത് മണിക്ക് സ്വഭവനത്തില്‍ നിന്നും ശുശ്രൂഷ ആരംഭിക്കും. 11 മണിക്ക് കല്യാണ്‍ രൂപതാ അധ്യക്ഷന്‍ മാര്‍ തോമസ് ഇലവനാല്‍ പിതാവിന്റെ കര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാനയോടെ ശവസംസ്‌കാര കര്‍മ്മങ്ങള്‍ നെരുള്‍ ലിറ്റില്‍ ഫ്‌ലവര്‍ ഫോറോനാ പള്ളിയില്‍ നടക്കും.

ചങ്ങനാശേരി ഇട്ടിത്താനം തെക്കേക്കര ഭവനത്തില്‍ ഫെലിക്‌സ് വര്‍ഗീസ് - ഷീബ ഫെലിക്‌സ് ദമ്പതികളുടെ മകനാണ് നോയല്‍. സഹോദരി - നാന്‍സി. 35 വര്‍ഷമായി മുംബൈയില്‍ സ്ഥിര താമസമാക്കിയിരിക്കുന്ന ഫെലിക്‌സ് ഐടി കമ്പനി ഉദ്യോഗസ്ഥനാണ്. പിതാവിന്റെ പാതയില്‍ ഐടി കമ്പനി ജോലിയാണ് നോയല്‍ ആദ്യം തിരഞ്ഞെടുത്തത്. പിന്നീട് ഐടി കമ്പനിയിലെ ജോലി രാജി വെച്ച ശേഷമാണ് കല്യാണ്‍ രൂപതയുടെ സെമിനാരിയില്‍ വൈദിക പഠനത്തിനായി ബ്രദര്‍ നോയല്‍ ചേര്‍ന്നത്.