- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഴുത്തിലെന്ന പോലെ സംഗീതത്തിലും തല്പരന്; കല്‍ദായ സുറിയാനി സഭയുടെ അധ്യക്ഷസ്ഥാനം ഒഴിഞ്ഞ ശേഷവും കര്‍മരംഗത്ത് സജീവം; തൊട്ടതെല്ലാം പൊന്നാക്കിയ ബഹുമുഖ പ്രതിഭ; ആഗോള പൗരസ്ത്യ കല്‍ദായ സുറിയാനി സഭ മുന്‍ അധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപ്പൊലീത്ത അന്തരിച്ചു
തൃശൂര്‍ : ആഗോള പൗരസ്ത്യ കല്‍ദായ സുറിയാനി സഭ മുന്‍ അധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപ്പൊലീത്ത (85) അന്തരിച്ചു. ഇന്ത്യയിലെ പൗരസ്ത്യ കല്‍ദായ സുറിയാനി സഭയുടെ അധ്യക്ഷസ്ഥാനം ഒഴിഞ്ഞ ശേഷവും കര്‍മരംഗത്ത് സജീവമായിരുന്നു. തൃശൂര്‍ സണ്‍ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട്. അര നൂറ്റാണ്ടിലേറെക്കൊലം പൗരസ്ത്യ കല്‍ദായ സഭയുടെ ഇന്ത്യയിലെ അധ്യക്ഷനായി പ്രവര്‍ത്തിച്ചു. തൃശൂരിലെ പൊതു മണ്ഡലത്തില്‍ നിറഞ്ഞു നിന്ന വ്യക്തിത്വമാണ്. 64 വര്‍ഷത്തെ പൗരോഹിത്യ ജീവിതത്തില്‍ 56 വര്‍ഷം ഭാരത സഭയെ നയിച്ചു. ആത്മീയാചാര്യന്‍, സഭാതലവന്‍, സാംസ്‌കാരിക നേതാവ്, സഭാചരിത്ര ഗവേഷകന്‍, ഗ്രന്ഥകര്‍ത്താവ്, സുറിയാനി ഭാഷാ പ്രേമി എന്നിങ്ങനെ ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നു.
തൃശ്ശൂരിലെ മൂക്കന്‍ തറവാട്ടില്‍ ദേവസിയുടെയും കൊച്ചുമറിയത്തിന്റെയും നാലാമത്തെ മകനായി 1940 ജൂണ്‍ 13നാണ് ജനനം. ജോര്‍ജ് ഡേവിസ് മൂക്കന്‍ എന്നായിരുന്നു ആദ്യ പേര്. 1961 ജൂണ്‍ 25-ന് ശെമ്മാശനായും പിന്നീട് 1965 ജൂണ്‍ 13-ന് കശീശ്ശയായും മാര്‍ തോമ ധര്‍മ്മോയില്‍നിന്ന് പട്ടം സ്വീകരിച്ച് വൈദികശുശ്രൂഷയില്‍ പ്രവേശിച്ചു. 28-ാം വയസില്‍ മാര്‍ അപ്രേം മെത്രാപ്പോലീത്തയായപ്പോള്‍ അതുവരെയുള്ള ഭാരത ക്രൈസ്തവസഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ മെത്രാനായി. ഇംഗ്ലീഷിലും മലയാളത്തിലുമായി ഏഴുപതിലേറെ പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചു. യാത്രാവിവരണങ്ങള്‍, ജീവചരിത്രം, ആത്മകഥ, ഫലിതം, സഭാചരിത്രം എന്നിങ്ങനെ വിവിധ മേഖലകളില്‍ പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങളും രചിച്ചിട്ടുണ്ട്. ശ്രീനാരായണഗുരുവിന്റെ ദൈവദശകം സുറിയാനിയിലേക്കു പരിഭാഷപ്പെടുത്തുകയും ഷാര്‍ജയില്‍ അത് വേദിയില്‍ അവതരിപ്പിക്കുകയും ചെയ്തു.
അത്യപൂര്‍വവും അതിപുരാതനവുമായ നിരവധി സുറിയാനി ലിഖിതങ്ങളുടെ ഒരു വിപുലശേഖരം മാര്‍ അപ്രേമിന് സ്വന്തമായുണ്ട്. 1585 ല്‍ എഴുതിയ പ്രതിദിന പ്രാര്‍ത്ഥനകളുടെ കാശ്കോല്‍ എന്ന പുസ്തകം മുതല്‍ മാര്‍ തോമ ധര്‍മോ തിരുമേനിയുടെ ഡയറി വരെയുള്ളവ ഇവയിലുള്‍പ്പെടുന്നു. ഈ പുസ്തകങ്ങളും രേഖകളും മാര്‍ അപ്രേം മാനുസ്‌ക്രിപ്റ്റ്‌സ് എന്ന പേരില്‍ ലോകമെമ്പാടുമുള്ള സുറിയാനി പണ്ഡിതരുടെയിടയില്‍ അറിയപ്പെടുന്നു. ഈ അപൂര്‍വ ശേഖരത്തെക്കുറിച്ചുള്ള ഒരു ഗ്രന്ഥം 'Assyrian Manuscripts in India' എന്ന പേരില്‍ പുറത്തിറക്കാനുള്ള ശ്രമത്തിലായിരുന്നു.
യുണൈറ്റഡ് തിയോളജിക്കല്‍ കോളേജ്, ന്യൂയോര്‍ക്ക് യൂണിയന്‍ തിയോളജിക്കല്‍ സെമിനാരി, പ്രിന്‍സ്ടണ്‍ തിയോളജിക്കല്‍ സെമിനാരി എന്നിവിടങ്ങളില്‍ നിന്നാണ് ദൈവശാസ്ത്ര പഠനം പൂര്‍ത്തിയാക്കിയത്. 1961 ജൂണ്‍ 25-ന് ശെമ്മാശപട്ടം സ്വീകരിച്ചു. 26-ാം ജന്മദിനത്തില്‍ 1965 ജൂണ്‍ 13-ന് കശീശപട്ടം സ്വീകരിച്ചു. 1968 സെപ്റ്റംബര്‍ 21-ന് എപ്പിസ്‌കോപ്പയായും ഒരാഴ്ചയ്ക്ക്ശേഷം 29-ന് മെത്രാപ്പോലീത്തയായും ഇറാഖിലെ പ്രസിദ്ധമായ മാര്‍ സയ്യാകത്തീഡ്രലില്‍ വെച്ച് സ്ഥാനാരോഹണം ചെയ്തു. 1968 ഒക്ടോബര്‍ 26-ന് ഇന്ത്യയില്‍ തിരിച്ചെത്തി സഭയുടെ ഭരണച്ചുമതല ഏറ്റെടുത്തു. 2015-ല്‍ മാറന്‍ മാര്‍ ദിന്‍ഹാ നാലാമന്‍ പാത്രിയാര്‍ക്കീസ് കാലം ചെയ്തതിനെത്തുടര്‍ന്ന് പുതിയ പാത്രിയാര്‍ക്കീസ് തിരഞ്ഞെടുപ്പുവരെ ആറുമാസത്തോളം ആഗോള തലവനായി സഭയെ നയിച്ചു.
മദ്രാസിലെ മാര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂളും തൃശ്ശൂരിലെ കാല്‍ഡിയന്‍ കോളേജും സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. എഴുത്തിലെന്നപോലെ സംഗീതത്തിലും തത്പരനായിരുന്നു.