കണ്ണൂർ: ഫുട്‌ബോൾ സെലക്ഷനായി ബൈക്കിൽ കോഴിക്കോടെക്കു പോകുമ്പോൾ മെഡിക്കൽ വിദ്യാർത്ഥി ബൈക്ക് അപകടത്തിൽ മരിച്ചത് നാടിനെ കണ്ണീരിലാഴ്‌ത്തി. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസിടിച്ചാണ് പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥി ദാരുണമായി മരിച്ചത് തളിപ്പറമ്പ് സയ്യിദ് നഗറിലെ ഷെരീഫാസിൽ മിഫ്സലു റഹ്മാൻ(22) വാണ് മരിച്ചത്.

ദേശീയപാതയിൽ തളിപ്പറമ്പ് ഏഴാംമൈലിൽ തിങ്കളാഴ്‌ച്ചപുലർച്ചെ നാല് മണിക്കായിരുന്നു അപകടം. പാലക്കാട് നിന്നും മംഗാലാപുരത്തേക്ക് പോകുന്ന കെ.എൽ 15 എ 2332 നമ്പർ സ്വിഫ്റ്റ് ബസും മിഫ്സലു റഹ്മാൻ സഞ്ചരിച്ച കെ.എൽ 59 വി 59 3495 നമ്പർ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ നാലാം വർഷ എം.ബി.ബി.എസ്.വിദ്യാർത്ഥിയാണ്. മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ.

മികച്ച ഫുട്ബോൾ കളിക്കാരനായ മിഫ്സലു റഹ്മാൻ കോഴിക്കോട് ഇന്ന് രാവിലെ നടക്കുന്ന യൂണിവേഴ്സിറ്റി ഫുട്ബോൾ ടീമിന്റെ സെലക്ഷനിൽ പങ്കെടുക്കാനായി ട്രെയിനിൽ പോകാൻ കണ്ണൂരിലേക്ക് പോകുകയായിരുന്നു. മസ്‌ക്കറ്റിൽ ജോലി ചെയ്യുന്ന ഫസൽ റഹ്മാൻ- മുംതാസ് ദമ്പതികളുടെ മകനാണ്. റബീഹ്, ഇസാൻ, ഷൻസ എന്നിവർ സഹോദരങ്ങളാണ്. മാതാപിതാക്കളും സഹോദരങ്ങളും മസ്‌ക്കറ്റിലാണ്.

ഇവർ വന്നതിന് ശേഷമായിരിക്കും കബറടക്കം നടക്കുകയെന്നു മറ്റു ബന്ധുക്കൾ അറിയിച്ചു. തങ്ങളുടെ പ്രിയപെട്ട കൂട്ടുകാരന്റെ വേർപാട് വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് പരിയാരം മെഡിക്കൽ കോളേജിലെ സഹപാഠികൾ.