കോഴിക്കോട്: വിഷം കഴിച്ച് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയനും മരിച്ചു. മകന്‍ ജിജേഷ് മരിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് വിജയന്റെയും മരണം. ചൊവ്വാഴ്ചയാണ് എന്‍ എം വിജയനെയും മകനെയും വിഷം കഴിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് ഇരുവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് ജിജേഷിന്റെ മരണം. രാത്രിയോടെ വിജയനും മരണത്തിന് കീഴടങ്ങുകയായിരുന്നു. വയനാട്ടിലെ കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനായിരുന്നു എന്‍ എം വിജയന്‍. നീണ്ടകാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. വയനാട് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കന്‍മാരില്‍ പ്രമുഖനാണ്.

മാനസിക വെല്ലുവിളി നേരിടുന്ന മകന്‍ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു. ഇരുവരുടെയും ആത്മഹത്യയാണെന്നാണ് സൂചനകള്‍. പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ ഇക്കാര്യമാണ് വ്യക്തമായത്. സംഭവത്തില്‍ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വിജയന് വലിയ സാമ്പത്തിക ബാധ്യതകള്‍ ഉള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

സുല്‍ത്താന്‍ബത്തേരി കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ മുന്‍പ് താത്ക്കാലിക ജീവനക്കാരനായിരുന്നു മകന്‍ ജിജേഷ്. ഇയാള്‍ അവിവാഹിതനാണ്. പരേതയായ സുമയാണ് എന്‍.എം വിജയന്റെ ഭാര്യ. മകന്‍ വിജേഷ്.